ഇറാനെതിരെ യു എസ്- ഇസ്രായേല്‍ സംയുക്താക്രമണം

ഇറാനെതിരെ യു എസ്- ഇസ്രായേല്‍ സംയുക്താക്രമണം


വാഷിംഗ്ടണ്‍: ഇറാനെതിരെ യു എസും ഇസ്രായേലും സംയുക്ത ആക്രമണം ആരംഭിച്ചു. ഇറാന്റെ പരമോന്നത നേതാവായ അലി ഖംനേയിയുടെ ഓഫീസുകള്‍ക്ക് സമീപമാണ് ആദ്യ ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ ഇറാനില്‍ വന്‍ യുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി പ്രഖ്യാപിച്ചു. ആണവ പദ്ധതി ഇറാന്‍ തുടര്‍ച്ചയായി വികസിപ്പിക്കുകയാണെന്നും അമേരിക്കയിലെത്തുന്ന മിസൈലുകള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് എന്നുമാണ് ട്രംപ് ആരോപിച്ചത്. ഇറാനിയന്‍ ജനങ്ങളോട് നിങ്ങളുടെ സര്‍ക്കാരിനെ ഏറ്റെടുക്കുക അത് നിങ്ങളുടേതായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. 

ഇറാന്‍ തിരിച്ചടിക്കാനിടയുണ്ടെന്നും അതില്‍ അമേരിക്കന്‍ സൈനികര്‍ക്കും നഷ്ടമുണ്ടാകാമെന്നും ട്രംപ് സമ്മതിച്ചു. യുദ്ധത്തില്‍ അത് സംഭവിക്കാറുണ്ടെന്നാണ് ട്രംപ് പറഞ്ഞത്. 

ഇറാനില്‍ നിന്ന് ഉയരുന്ന അസ്തിത്വ ഭീഷണി നീക്കുന്നതിനായാണ് സംയുക്ത ആക്രമണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. സംയുക്ത നടപടി ഇറാനിയന്‍ ജനങ്ങള്‍ക്ക് അവരുടെ വിധി സ്വയം നിര്‍ണ്ണയിക്കാന്‍ സാഹചര്യം സൃഷ്ടിക്കുമെന്നും നെതന്യാഹു പറഞ്ഞു.

ഇറാനില്‍ പലയിടത്തും ആക്രമണങ്ങള്‍ നടന്നതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാനമായ തെഹ്‌റാനില്‍ നിന്ന് പുക ഉയരുന്ന ദൃശ്യങ്ങളും പുറത്തുവന്നു. 

ഇതിനിടെ ഇറാന്റെ അര്‍ധസൈനിക വിഭാഗമായ ഇസ്‌ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് ഇസ്രയേലിനെ ലക്ഷ്യമാക്കി ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ആദ്യ തരംഗ ആക്രമണം നടത്തിയതായി അറിയിച്ചു.

ആക്രമണസമയത്ത് 86കാരനായ ഖംനേയി ഓഫീസിലുണ്ടായിരുന്നോ എന്നത് വ്യക്തമല്ല. അമേരിക്കയുമായുള്ള സംഘര്‍ഷം ശക്തമായതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. സുരക്ഷാ നടപടികളുടെ ഭാഗമായി ഖംനേയിയുടെ  സമുച്ചയത്തിലേക്കുള്ള പ്രധാന റോഡുകള്‍ അടച്ചതായും റിപ്പോര്‍ട്ടുണ്ട്. അയല്‍രാജ്യമായ ഇറാഖ് ഗതാഗത മന്ത്രാലയം ഇറാഖ് വ്യോമമേഖല അടച്ചതായി അറിയിച്ചു.

ജൂണ്‍ മുതല്‍ യുറേനിയം സമ്പുഷ്ടീകരണം നടത്തിയിട്ടില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും നേരത്തെ 12 ദിവസത്തെ യുദ്ധത്തില്‍ അമേരിക്ക ആക്രമിച്ച ആണവ കേന്ദ്രങ്ങള്‍ അന്താരാഷ്ട്ര പരിശോധനയ്ക്ക് അനുവദിച്ചിട്ടില്ല. ഉപഗ്രഹ ചിത്രങ്ങളില്‍ ചില കേന്ദ്രങ്ങളില്‍ പുതുതായി പ്രവര്‍ത്തനങ്ങള്‍ നടന്നതായി ദൃശ്യമായി.

ഇറാന്‍ നിലവില്‍ തങ്ങളുടെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്ക് 2,000 കിലോമീറ്റര്‍ പരിധി സ്വമേധയാ നിശ്ചയിച്ചിരിക്കുകയാണ്. ഇതിലൂടെ മധ്യപൂര്‍വ്വേഷ്യയെയും കിഴക്കന്‍ യൂറോപ്പിന്റെ ഭാഗങ്ങളെയും ലക്ഷ്യമിടാന്‍ കഴിയും. ഭൂഖണ്ഡാന്തര മിസൈല്‍ വികസിപ്പിക്കുന്നതായി പൊതുവായി തെളിവുകളില്ലെങ്കിലും ഇറാന്റെ ബഹിരാകാശ പദ്ധതി അതിന് വഴിയൊരുക്കാമെന്ന് വാഷിംഗ്ടണ്‍ വിമര്‍ശിച്ചിരുന്നു.

ആക്രമിക്കപ്പെടുകയാണെങ്കില്‍ തിരിച്ചടിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കന്‍ സൈനിക താവളങ്ങളും ലക്ഷ്യമാകാമെന്ന് വ്യക്തമാക്കിയിരുന്നു.

ഇറാനിലെ ആക്രമണങ്ങള്‍ക്ക് മണിക്കൂറുകള്‍ക്കകം വടക്കന്‍ ഇസ്രയേലില്‍ സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനിയന്‍ മിസൈലുകള്‍ തടയാന്‍ വ്യോമ പ്രതിരോധ സംവിധാനം പ്രവര്‍ത്തിപ്പിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. നാശനഷ്ടങ്ങളെയോ മരണങ്ങളെയോ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. 

ഇസ്രയേലിലെ നിരവധി ആശുപത്രികള്‍ അടിയന്തര പ്രവര്‍ത്തനക്രമം ആരംഭിച്ചു. രോഗികളെയും ശസ്ത്രക്രിയകളെയും ഭൂഗര്‍ഭ സൗകര്യങ്ങളിലേക്ക് മാറ്റി.

ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാട്‌സ് ഭീഷണികള്‍ നീക്കുന്നതിനായാണ് ആക്രമണം നടത്തിയതെന്ന് പറഞ്ഞു. കൂടുതല്‍ വിശദീകരണം നല്‍കിയിട്ടില്ല.

ഇറാന് ആണവ പദ്ധതി നിയന്ത്രിക്കുന്നതിനായുള്ള കരാറില്‍ താത്പര്യമുണ്ടായിരുന്നുവെങ്കിലും യുറേനിയം സമ്പുഷ്ടീകരണം തങ്ങളുടെ അവകാശമാണെന്നും ദീര്‍ഘദൂര മിസൈല്‍ പദ്ധതികളോ ഹമാസ്, ഹിസ്ബുല്ല പോലുള്ള ആയുധസംഘടനകള്‍ക്ക് പിന്തുണയോ ചര്‍ച്ച ചെയ്യില്ലെന്നും വ്യക്തമാക്കി.

തെഹ്‌റാനില്‍ സ്‌ഫോടനങ്ങളുടെ കാരണം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണമൊന്നുമില്ല. മരണ- നഷ്ട വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.

യമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍, ഇറാനെ പിന്തുണച്ച് ചെങ്കടല്‍ കപ്പല്‍ഗതാഗത മാര്‍ഗങ്ങളിലും ഇസ്രയേലിനുമെതിരെ വീണ്ടും മിസൈല്‍, ഡ്രോണ്‍ ആക്രമണം ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ഔദ്യോഗിക പ്രഖ്യാപനം ഇല്ലാത്തതിനാല്‍ പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത രണ്ടു ഉന്നത ഉദ്യോഗസ്ഥരാണ് ഇത് അറിയിച്ചത്.

മുന്‍പ് ട്രംപ് ഭരണകൂടവുമായി ഉണ്ടായ ധാരണപ്രകാരം ഹൂതികള്‍ കപ്പല്‍ ഗതാഗത മാര്‍ഗങ്ങളിലെ ആക്രമണം നിര്‍ത്തിയിരുന്നു. ഗാസയിലെ യുദ്ധം അവസാനിപ്പിച്ച ഒക്ടോബര്‍ വെടിനിര്‍ത്തലിനുശേഷം ഇസ്രയേലിനെതിരായ ആക്രമണങ്ങളും അവര്‍ അവസാനിപ്പിച്ചിരുന്നു.