സ്റ്റാർമർക്ക്‌ തിരിച്ചടി; നേതൃത്വത്തെ ചോദ്യം ചെയ്ത് യുകെ ലേബർ മന്ത്രി രാജി വച്ചു

സ്റ്റാർമർക്ക്‌  തിരിച്ചടി; നേതൃത്വത്തെ ചോദ്യം ചെയ്ത് യുകെ ലേബർ മന്ത്രി രാജി വച്ചു


ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ നേതൃത്വം നൽകുന്ന ലേബർ സർക്കാരിന് ആദ്യത്തെ വലിയ ആഭ്യന്തര തിരിച്ചടിനൽകി ഡിവല്യൂഷൻ, ഫെയ്ത്ത് ആൻഡ് കമ്മ്യൂണിറ്റീസ് മന്ത്രി മിയാറ്റ ഫാൻബുലെ രാജി വെച്ചു.  സ്റ്റാർമറുടെ നേതൃത്വത്തെ ചോദ്യം ചെയ്തുകൊണ്ടാണ് അവർ രാജിവെച്ചത്. സ്റ്റാർമർക്ക് ഇനി രാജ്യത്തെ മുന്നോട്ട് നയിക്കാനാകുമെന്ന വിശ്വാസം പൊതുജനങ്ങൾക്കും  തനിക്കും  ഇല്ലെന്നും രാജിക്കത്തിൽ അവർ വ്യക്തമാക്കി.

ചൊവ്വാഴ്ച രാജിക്കത്ത് എക്‌സിൽ പങ്കുവെച്ചതോടൊപ്പം ഡൗണിങ് സ്ട്രീറ്റിലേക്കും കൈമാറി. സ്റ്റാർമർ ഉടൻ രാജിവെക്കണമെന്ന ആവശ്യം ഉയർത്താതിരുന്നെങ്കിലും അധികാര കൈമാറ്റത്തിനുള്ള സമയക്രമം പ്രഖ്യാപിക്കണമെന്ന് ഫാൻബുലെ ആവശ്യപ്പെട്ടു. രാജ്യത്തിന് വാഗ്ദാനം ചെയ്ത മാറ്റം നടപ്പാക്കാൻ പുതിയ നേതൃത്വസംഘം ആവശ്യമാണ് എന്നും അവർ അഭിപ്രായപ്പെട്ടു.

'മാറ്റത്തിനായുള്ള ജനവിധി ലഭിച്ചെങ്കിലും അതിനൊത്ത വേഗത്തിലും ദീർഘദൃഷ്ടിയോടെയും പ്രവർത്തിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. ലേബർ പാർട്ടിയുടെ മൂല്യങ്ങൾക്കനുസരിച്ചുള്ള ഭരണവും ഉണ്ടായില്ല. ശീതകാല ഇന്ധനസഹായവുമായി ബന്ധപ്പെട്ട തീരുമാനങ്ങളും ഭിന്നശേഷിക്കാർക്കുള്ള സഹായത്തിൽ വരുത്തിയ വെട്ടിക്കുറക്കലുകളും ജനങ്ങളിൽ നിരാശയുണ്ടാക്കി,' എന്നാണ് രാജിക്കത്തിൽ അവർ പറഞ്ഞത്.

2024ലാണ് മിയാറ്റ ഫാൻബുലെ ആദ്യമായി പാർലമെന്റിലെത്തിയത്. തുടർന്ന് സ്റ്റാർമർ മന്ത്രിസഭയിൽ ഡിവല്യൂഷൻ, ഫെയ്ത്ത് ആൻഡ് കമ്മ്യൂണിറ്റീസ് മന്ത്രിയായി പ്രവർത്തിച്ചു. രാഷ്ട്രീയത്തിലേക്കു വരുന്നതിന് മുൻപ് ഇടതുപക്ഷ ചിന്താവേദിയായ ന്യൂ ഇക്കണോമിക്‌സ് ഫൗണ്ടേഷന്റെ മേധാവിയായിരുന്നു. പിന്നീട് ഊർജസുരക്ഷാ വകുപ്പിലും ഹൗസിങ് മന്ത്രാലയത്തിലുമുള്ള ചുമതലകളും വഹിച്ചു. മുൻ ലേബർ നേതാവായ എഡ് മിലിബാൻഡിന്റെ അടുത്ത അനുയായിയെന്ന നിലയിലും അവർ അറിയപ്പെടുന്നു.