ബൊഗോട്ട- കൊളംബിയ: ഞായറാഴ്ച നടന്ന കൊളംബിയൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടിൽ തീവ്ര വലതുപക്ഷ അഭിഭാഷകനും ഡോണൾഡ് ട്രംപിന്റെ ആരാധകനുമായ അബെലാർഡോ ഡി ലാ എസ്പ്രിയേല വിജയിച്ചു. ഇടതുപക്ഷ പ്രസിഡന്റ് ഗുസ്താവോ പെട്രോ പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥിയായ സെനറ്റർ ഇവാൻ സെപെഡയെ രണ്ടാം റൗണ്ടിൽ നേരിടും. ജൂൺ 21നാണ് രണ്ടാം റൗണ്ട് വോട്ടെടുപ്പ്.
99.97% ബാലറ്റുകളും എണ്ണിക്കഴിഞ്ഞപ്പോൾ, എസ്പ്രിയേലയ്ക്ക് 43.7% വോട്ടുകൾ ലഭിച്ചു (10.3 മില്യൺ വോട്ടുകൾ). 2014 മുതൽ സെനറ്ററായി സേവനമനുഷ്ഠിക്കുന്ന തത്ത്വചിന്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ സെപെഡയ്ക്ക് 40.9% (ഏകദേശം 9.6 മില്യൺ വോട്ടുകൾ) ലഭിച്ചു.
ഇടതുപക്ഷക്കാരനായ സെപെഡ മാസങ്ങളായി ലീഡ് നിലനിർത്തിയിരുന്നിടത്താണ് സമീപ ആഴ്ചകളിലെ വോട്ടെടുപ്പുകളിൽ എസ്പ്രിയേല ദ്രുതഗതിയിൽ ഉയർച്ച ഉണ്ടാക്കിയെടുത്തത്. വലതുപക്ഷ സെനറ്റർ പലോമ വലൻസിയയ്ക്ക് മുമ്പുണ്ടായിരുന്ന വോട്ടുകൾ എസ്പ്രിയേല ഏകീകരിച്ചതായാണ് കണക്കാക്കുന്നത്.
കൊക്കെയ്ൻ വിതരണക്കാരായ സായുധ സംഘങ്ങൾക്കെതിരേ പോരാട്ടം നടത്തുന്ന കടുവ എന്ന് സ്വയം വിളിക്കുന്ന എസ്പ്രിയേല തന്റെ വിജയം ആഘോഷമാക്കി. “സ്വന്തം നാട്ടുകാരേ, മാതൃരാജ്യത്തിന്റെ സംരക്ഷകരേ, 10 ദശലക്ഷത്തിലധികം കൊളംബിയക്കാർ കടുവയിൽ വിശ്വാസമർപ്പിച്ചു, കൂട്ടത്തിൽ ചേർന്നു... 21 ദിവസത്തിനുള്ളിൽ, കൊളംബിയയുടെ ചരിത്രം ഞങ്ങൾ എന്നെന്നേക്കുമായി മാറ്റാൻ പോകുന്നു,” കൊളംബിയൻ ദേശീയ ഫുട്ബോൾ ടീമിന്റെ ഷർട്ടുകൾ ധരിച്ച് ഭാര്യയോടും കുട്ടികളോടും ഒപ്പം ഒരു വീഡിയോയിൽ അദ്ദേഹം പറഞ്ഞു.
കൊളംബിയൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: തീവ്ര വലതുപക്ഷക്കാരനും ട്രംപ് ആരാധകനുമായ എസ്പ്രിയേലയ്ക്ക് മുന്നേറ്റം
