തിരുവനന്തപുരം: ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ കൂടിക്കാഴ്ച കോൺഗ്രസിനുള്ളിൽ വിവാദമായി. എൻഡിഎ ഘടകകക്ഷി നേതാവായ തുഷാർ വെള്ളാപ്പള്ളിയുമായി ചർച്ച നടത്തിയത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി.
കോൺഗ്രസ് വക്താവ് വി.ആർ. അനൂപാണ് ആദ്യം പരസ്യ വിമർശനവുമായി മുന്നോട്ടുവന്നത്. തുഷാർ വെള്ളാപ്പള്ളിക്ക് ഇത്തരം കൂടിക്കാഴ്ചകളിലൂടെ രാഷ്ട്രീയ അംഗീകാരം നൽകുന്നത് ശരിയായ സന്ദേശമല്ലെന്നും, വെള്ളാപ്പള്ളി കുടുംബത്തിന്റെ രാഷ്ട്രീയ നിലപാടുകൾക്കെതിരെ വർഷങ്ങളായി നടന്ന പോരാട്ടങ്ങളുടെ ഫലമാണ് ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
എൻഡിഎ സഖ്യത്തിന്റെ ഭാഗമായ ഒരു നേതാവുമായി ചർച്ചയ്ക്ക് തയ്യാറല്ലെന്ന് പറയാൻ മുഖ്യമന്ത്രിക്ക് കഴിയണമായിരുന്നുവെന്നും അനൂപ് അഭിപ്രായപ്പെട്ടു.
ഇതിന് പിന്നാലെ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ആസിഫ് മുഹമ്മദും വിമർശനവുമായി രംഗത്തെത്തി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ വർഷങ്ങളായി സ്വീകരിച്ച നിലപാട് ഉദാഹരിച്ചാണ് ആസിഫിന്റെ പ്രതികരണം. 1996 മുതൽ സമൂഹത്തിൽ ഭിന്നിപ്പ് സൃഷ്ടിക്കുന്ന രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്നവരുമായി അകലം പാലിക്കുന്ന സമീപനമാണ് കെ.സി. വേണുഗോപാൽ പിന്തുടരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഭവത്തെ തുടർന്ന് കോൺഗ്രസിനുള്ളിൽ അഭിപ്രായ വ്യത്യാസങ്ങൾ കൂടുതൽ പരസ്യമായിരിക്കുകയാണ്. പ്രത്യേകിച്ച് കെ.സി. വേണുഗോപാലിനോട് അടുപ്പമുള്ള നേതാക്കളും പ്രവർത്തകരും മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ ശക്തമായ വിമർശനമാണ് ഉയർത്തുന്നത്. കൂടിക്കാഴ്ചയെ ചൊല്ലിയുള്ള വിവാദം പാർട്ടിക്കുള്ളിലെ രാഷ്ട്രീയ ചർച്ചകൾക്ക് പുതിയ വഴിത്തിരിവായിരിക്കുകയാണ്.
തുഷാർ-മുഖ്യമന്ത്രി കൂടിക്കാഴ്ച; കോൺഗ്രസിൽ ഭിന്നത, വിമർശനവുമായി കെ.സി വേണുഗോപാൽ അനുകൂല നേതാക്കൾ
