അഹമ്മദാബാദ്: ഐപിഎൽ 2026 ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) തുടർച്ചയായ രണ്ടാം കിരീടം സ്വന്തമാക്കി. വിരാട് കോലിയുടെ അതിവേഗ അർധസെഞ്ചുറിയുടെ മികവിലാണ് ആർസിബി വിജയലക്ഷ്യം അനായാസം മറികടന്നത്.
ഫൈനലിൽ ടോസ് നേടിയ ആർസിബി നായകൻ രജത് പാട്ടിദാർ ആദ്യം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് തുടക്കത്തിലേ തിരിച്ചടിയേറ്റു. ഓറഞ്ച് ക്യാപ് പോരാട്ടത്തിലെ പ്രധാന താരങ്ങളായ ശുഭ്മൻ ഗില്ലും സായി സുദർശനും പവർപ്ലേയ്ക്കുള്ളിൽ പുറത്തായി. ജോസ് ബട്‌ലറും വലിയ ഇന്നിങ്‌സ് കളിക്കാനാകാതെ മടങ്ങി.
വാഷിങ്ടൺ സുന്ദറാണ് ഗുജറാത്ത് നിരയിൽ ചെറുത്തുനിൽപ്പ് കാഴ്ചവെച്ചത്. എന്നാൽ ആർസിബി ബൗളർമാരുടെ കൃത്യതയാർന്ന പ്രകടനത്തിന് മുന്നിൽ ഗുജറാത്തിന് 20 ഓവറിൽ എട്ട് വിക്കറ്റിന് 155 റൺസ് മാത്രമാണ് നേടാനായത്. രസിഖ് സലാം മൂന്ന് വിക്കറ്റും ജോഷ് ഹേസിൽവുഡും ഭുവനേശ്വർ കുമാറും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
156 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആർസിബിക്ക് വിരാട് കോലിയും വെങ്കടേഷ് അയ്യരും ചേർന്ന് വെടിക്കെട്ട് തുടക്കം സമ്മാനിച്ചു. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 62 റൺസ് കൂട്ടിച്ചേർത്തു. കോലി പതിവ് ആക്രമണശൈലിയിൽ ബൗളർമാരെ സമ്മർദത്തിലാക്കി റൺസ് വാരിക്കൂട്ടി.
മധ്യ ഓവറുകളിൽ റാഷിദ് ഖാൻ തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തി ഗുജറാത്തിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചെങ്കിലും കോലി അതിന് അവസരം നൽകിയില്ല. വെറും 25 പന്തിൽ അർധസെഞ്ചുറി പൂർത്തിയാക്കിയ താരം തന്റെ ഐപിഎൽ കരിയറിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയാണ് നേടിയത്.
അവസാനം അർഷാദ് ഖാനെ സിക്‌സറിന് പറത്തി കോലി ആർസിബിയുടെ വിജയം ഉറപ്പിച്ചു. രണ്ട് ഓവർ ബാക്കി നിൽക്കെയാണ് ആർസിബി ലക്ഷ്യം മറികടന്നത്.
ഈ വിജയത്തോടെ ചെന്നൈ സൂപ്പർ കിങ്‌സ്, മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവർക്കു ശേഷം ഒന്നിലധികം ഐപിഎൽ കിരീടങ്ങൾ നേടുന്ന നാലാമത്തെ ടീമെന്ന നേട്ടവും ആർസിബി സ്വന്തമാക്കി. കൂടാതെ തുടർച്ചയായി രണ്ട് കിരീടങ്ങൾ നേടുന്ന മൂന്നാമത്തെ ടീമായും ബെംഗളൂരു ചരിത്രത്തിൽ ഇടം നേടി.
വർഷങ്ങളായുള്ള കാത്തിരിപ്പിന് ശേഷം കിരീടവിജയത്തിന്റെ മധുരം അറിഞ്ഞ ആർസിബി, ഇത്തവണ അതിനെ ഇരട്ടിയാക്കി ആരാധകർക്ക് മറക്കാനാകാത്ത ആഘോഷ നിമിഷങ്ങളാണ് സമ്മാനിച്ചത്.
കോലിയുടെ മിന്നും അർധസെഞ്ചുറി; ഗുജറാത്തിനെ തകർത്ത് ആർസിബിക്ക് തുടർച്ചയായ രണ്ടാം ഐപിഎൽ കിരീടം
