'ഇന്ത്യയുടെ ഭൂമി നേപ്പാളും കൈയേറിയിട്ടുണ്ട്'; പ്രധാനമന്ത്രിയുടെ പരാമർശം വിവാദത്തിൽ, വിശദീകരണവുമായി നേപ്പാൾ

'ഇന്ത്യയുടെ ഭൂമി നേപ്പാളും കൈയേറിയിട്ടുണ്ട്'; പ്രധാനമന്ത്രിയുടെ പരാമർശം വിവാദത്തിൽ, വിശദീകരണവുമായി നേപ്പാൾ


കാഠ്മണ്ഡു: ഇന്ത്യ-നേപ്പാൾ അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ നടത്തിയ പരാമർശം രാജ്യത്ത് രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു. ഇന്ത്യ നേപ്പാളിന്റെ ഭൂമി കൈയേറിയതുപോലെ ചില സ്ഥലങ്ങളിൽ നേപ്പാളും ഇന്ത്യൻ ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ടെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തി.

പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായി പാർലമെന്റിൽ സംസാരിക്കവെയാണ് ഷാ ഈ പരാമർശം നടത്തിയത്. ലിപലേഖ്, ലിംപിയാധുര, കാലാപാനി മേഖലകളെ ചുറ്റിപ്പറ്റിയുള്ള അതിർത്തി തർക്കം ഇരു രാജ്യങ്ങളുടെയും ബന്ധത്തിൽ ഇപ്പോഴും പ്രധാന വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രകാരന്മാരുടെയും സർവേ വിദഗ്ധരുടെയും സഹായത്തോടെ ഇരു രാജ്യങ്ങളും സൗഹൃദപരമായി ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

എന്നാൽ നേപ്പാൾ ഇന്ത്യൻ ഭൂമി കൈയേറിയിട്ടുണ്ടെന്ന പരാമർശം പാർലമെന്റിൽ തന്നെ പ്രതിഷേധത്തിനിടയാക്കി. പ്രതിപക്ഷ എംപിമാർ പ്രസ്താവനയ്ക്ക് തെളിവ് നൽകുകയോ അല്ലെങ്കിൽ അത് പിൻവലിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. നേപ്പാൾ ഒരിക്കലും ഇന്ത്യൻ ഭൂമി കൈയേറിയിട്ടില്ലെന്ന് അതിർത്തി വിഷയങ്ങളിലെ വിദഗ്ധരും പ്രതികരിച്ചു.

വിവാദം ശക്തമായതോടെ നേപ്പാൾ വിദേശ കാര്യമന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തി. അതിർത്തി നിർണയത്തിനായി നടത്തിയ സാങ്കേതിക പഠനങ്ങളിൽ ചില പ്രദേശങ്ങളിൽ നിലവിൽ നേപ്പാൾ ഉപയോഗിക്കുന്ന ഭൂമി ഇന്ത്യൻ അതിർത്തിക്കുള്ളിലും ഇന്ത്യ ഉപയോഗിക്കുന്ന ചില ഭൂമികൾ നേപ്പാളിന്റെ ഭാഗത്തുമാകാമെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ പരാമർശം ഈ സാങ്കേതിക യാഥാർഥ്യത്തിന്റെ പശ്ചാത്തലത്തിലാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയുമായുള്ള അതിർത്തി പ്രശ്‌നങ്ങൾ ചരിത്രപരമായ കരാറുകളുടെയും ഭൂപടങ്ങളുടെയും അടിസ്ഥാനത്തിൽ നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കാനുള്ള പ്രതിബദ്ധത നേപ്പാൾ ആവർത്തിച്ചു. 1816ലെ സുഗൗലി ഉടമ്പടി അനുസരിച്ചാണ് രാജ്യത്തിന്റെ അന്താരാഷ്ട്ര അതിർത്തി നിർണയിക്കപ്പെടുന്നതെന്നും മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ ലിപലേഖ് വഴിയുള്ള കൈലാഷ് മാൻസരോവർ യാത്രയെ ചൊല്ലിയും നേപ്പാൾ ഇന്ത്യയെയും ചൈനയെയും നയതന്ത്ര പ്രതിഷേധം അറിയിച്ചിരുന്നു. ലിംപിയാധുര, ലിപലേഖ്, കാലാപാനി മേഖലകൾ നേപ്പാളിന്റെ അവിഭാജ്യ ഭാഗങ്ങളാണെന്ന നിലപാടും കാഠ്മണ്ഡു ആവർത്തിച്ചു.

അതേസമയം, ഈ പ്രദേശങ്ങൾ ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ഭാഗമാണെന്നാണ് ഇന്ത്യയുടെ നിലപാട്. പ്രശ്‌നം ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കണമെന്നാണ് ന്യൂഡൽഹി വ്യക്തമാക്കുന്നത്. മുൻ നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഒലി പുറത്തിറക്കിയ പുതിയ രാഷ്ട്രീയ ഭൂപടത്തിൽ ഈ മൂന്ന് മേഖലകളും നേപ്പാളിന്റെ ഭാഗമായി ഉൾപ്പെടുത്തിയതും ഇരു രാജ്യങ്ങൾക്കുമിടയിലെ തർക്കം ശക്തമാക്കിയിരുന്നു. ഇന്ത്യ അന്ന് ആ നടപടിയെ ഏകപക്ഷീയമായ ഭൂപട അവകാശവാദമെന്നു വിശേഷിപ്പിച്ച് തള്ളിക്കളഞ്ഞിരുന്നു.