മഡൂറോയെ പുറത്താക്കി; പക്ഷേ പിന്നാലെ എന്ത്? വെനിസ്വേല നീക്കത്തില്‍ ട്രംപിനെതിരെ യുഎസ് കോണ്‍ഗ്രസില്‍ കടുത്ത സംശയങ്ങള്‍

മഡൂറോയെ പുറത്താക്കി; പക്ഷേ പിന്നാലെ എന്ത്? വെനിസ്വേല നീക്കത്തില്‍ ട്രംപിനെതിരെ യുഎസ് കോണ്‍ഗ്രസില്‍ കടുത്ത സംശയങ്ങള്‍


വാഷിംഗ്ടണ്‍ / കാരക്കസ്:  വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ യുഎസ് സൈനിക നീക്കത്തിലൂടെ പിടികൂടിയതിനു പിന്നാലെ, അമേരിക്കന്‍ ഭരണകൂടത്തിന്റെ ലക്ഷ്യങ്ങളും നിയമസാധുതയും സംബന്ധിച്ച് സ്വന്തം രാജ്യത്തിനകത്തുതന്നെ ശക്തമായ ചോദ്യങ്ങളുയരുന്നു. കോണ്‍ഗ്രസിനെ മുന്‍കൂട്ടി അറിയിക്കാതെയായിരുന്നു സൈനിക നടപടി എന്ന ആരോപണം മുതല്‍ 'അമേരിക്ക വെനിസ്വേല ഭരിക്കുമോ' എന്ന സംശയം വരെയുള്ള ചോദ്യങ്ങളാല്‍ ട്രംപ് ഭരണകൂടം ഇപ്പോള്‍ ആഭ്യന്തര രാഷ്ട്രീയ സമ്മര്‍ദ്ദത്തിലാണ്.

നിയമവ്യക്തതയില്ല;  അസന്തുഷ്ടി പ്രകടിപ്പിച്ച് കോണ്‍ഗ്രസ്

ട്രംപ് ഭരണകൂടം വെനിസ്വേലയില്‍ നടത്തിയ സൈനിക നടപടിയെക്കുറിച്ചുള്ള ബ്രീഫിംഗിന് ശേഷം, സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റി മുന്‍നിര ഡെമോക്രാറ്റായ സെനറ്റര്‍ ജീന്‍ ഷഹീന്‍ ഗുരുതര ആശങ്ക ഉയര്‍ത്തി. കോണ്‍ഗ്രസിനെ മുന്‍കൂട്ടി അറിയിക്കാതിരുന്നതിന് എന്താണ് നിയമന്യായീകരണമെന്ന ചോദ്യത്തിന് മറുപടി ലഭിച്ചില്ലെന്നാണ് അവരുടെ പ്രതികരണം.

'അത്തരം വിശദീകരണം ഞങ്ങള്‍ക്ക് ലഭിച്ചില്ല,' എന്ന് ഷഹീന്‍ തുറന്നടിച്ചു. യുഎസ് വെനിസ്വേലയിലെ സൈനിക നിയന്ത്രണം എത്രകാലം തുടരുമെന്നതിലും വ്യക്തതയില്ലെന്ന് അവര്‍ പറഞ്ഞു. ഇതിനോടകം തന്നെ 'കരീബിയന്‍ മേഖലയിലെ സൈനിക ചെലവിന്' അമേരിക്ക പണം ചെലവഴിക്കുകയാണെന്ന ഷഹീന്റെ പരാമര്‍ശം ശ്രദ്ധേയമായി.

റിപ്പബ്ലിക്കന്‍ നിലപാട്: 'ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചു'

അതേസമയം, ഭരണകൂടത്തിന്റെ വിശദീകരണങ്ങളില്‍ സെനറ്റ് ഭൂരിപക്ഷ നേതാവ് ജോണ്‍ ത്യൂണ്‍ തൃപ്തി പ്രകടിപ്പിച്ചു. വെനിസ്വേലയില്‍ യുഎസ് എത്രകാലം ഇടപെടുമെന്ന കാര്യത്തില്‍ അടുത്ത ദിവസങ്ങളില്‍ തന്നെ വ്യക്തത ഉണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

'നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നു, അവയ്ക്ക് തക്ക മറുപടികളും ലഭിച്ചു,' എന്നാണ് ത്യൂണിന്റെ പ്രതികരണം. വെനിസ്വേലയില്‍ യുഎസ് സൈന്യം നിലയുറപ്പിക്കുമെന്ന സൂചനയില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഭരണകൂടമാറ്റമല്ല' - ട്രംപിനെ പ്രതിരോധിച്ച് സ്പീക്കര്‍

 ട്രംപിന്റെ നടപടി 'ഭരണകൂടമാറ്റം' അല്ലെന്ന വാദവുമായി പ്രതിനിധിസഭാ സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ രംഗത്തെത്തി. 'നാം യുദ്ധത്തിലല്ല, വെനിസ്വേല കൈയേറിയിട്ടില്ല, അവിടെ യുഎസ് സൈന്യം ഇല്ല,'  എന്നായിരുന്നു ജോണ്‍സന്റെ വിശദീകരണം.

വെനിസ്വേലയെ ' നാം നടത്തും' എന്ന് ട്രംപ് പറഞ്ഞതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോഴും, ഇത് ഭരണകൂടത്തിന്റെ പെരുമാറ്റത്തില്‍ മാറ്റം ആവശ്യപ്പെടുന്ന സമ്മര്‍ദ്ദമാത്രമാണെന്ന നിലപാടാണ് ജോണ്‍സണ്‍ ആവര്‍ത്തിച്ചത്.

 ഇത് അപകടകരമായ വഴിയാണെന്ന് ഡെമോക്രാറ്റുകള്‍, പ്രതിഷേധം

ട്രംപിന്റെ  നീക്കത്തിനെതിരെ ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ ശക്തമായി രംഗത്തെത്തി.  വെനിസ്വേലയെ ' ഭരിക്കും' എന്ന ട്രംപിന്റെ പരാമര്‍ശം അമേരിക്കയെ മറ്റൊരു യുദ്ധത്തിലേക്ക് നയിക്കുമെന്ന് എലിസബത്ത് വാറന്‍ മുന്നറിയിപ്പ് നല്‍കി. ഇത് അമേരിക്കന്‍ ജനതയ്ക്കുവേണ്ടിയല്ല, എണ്ണക്കമ്പനികള്‍ക്കായുള്ള നീക്കമാണെന്നും അവര്‍ ആരോപിച്ചു.

മഡൂറോയ്ക്ക് പകരം മറ്റൊരു 'അതെ സാര്‍' പറയുന്ന നേതാവിനെ സ്ഥാപിക്കാനുള്ള ശ്രമമാണിതെന്ന് സെനറ്റര്‍ ജെഫ് മെര്‍ക്ക്‌ലി, വിമര്‍ശിച്ചു. റിപ്പബ്ലിക്കന്‍ സെനറ്റര്‍ റാന്‍ഡ് പോള്‍ പോലും ഈ സൈനിക നീക്കത്തെ 'ഭരണഘടനാ വിരുദ്ധം' എന്ന് വിശേഷിപ്പിച്ചു. 'ഇത് യുദ്ധമാണ്. അറസ്റ്റ് മാത്രമല്ല. കാരക്കസിന്റെ പകുതി ബോംബിട്ട് ഒരാളെ എടുത്തുകൊണ്ടുപോയി,' എന്നാണ് അദ്ദേഹത്തിന്റെ രൂക്ഷ പ്രതികരണം.

'പിന്നീട് എന്ത്?'-ഏറ്റവും വലിയ ചോദ്യം

ബ്രീഫിംഗിന് ശേഷം സെനറ്റ് മൈനോറിറ്റി ലീഡര്‍ ചക്ക് ഷൂമര്‍ കൂടുതല്‍ ആശങ്ക പ്രകടിപ്പിച്ചു. സമാന നീക്കങ്ങള്‍ മറ്റ് രാജ്യങ്ങളിലും ഉണ്ടാകില്ലെന്ന് ഭരണകൂടം ഉറപ്പ് നല്‍കിയില്ലെന്ന് അദ്ദേഹം പറഞ്ഞു. 'ഇത്തരത്തിലുള്ള ഭരണകൂടമാറ്റങ്ങളും രാഷ്ട്രനിര്‍മ്മാണവും അവസാനം അമേരിക്കയ്ക്കുതന്നെ തിരിച്ചടിയാകാറുണ്ട്,' എന്നാണ് ഷൂമറുടെ മുന്നറിയിപ്പ്.

ഇതിലും കടുത്ത വിമര്‍ശനവുമായി ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റി മുന്‍നിര ഡെമോക്രാറ്റ് ജിം ഹൈംസ് രംഗത്തെത്തി. 'നാളെ എന്ത് സംഭവിക്കുമെന്ന് പോലും അറിയാത്ത ഒരു ഭരണകൂടമാണ് ഇത്. ഇറാഖും ലിബിയയും നമ്മെ പഠിപ്പിച്ച പാഠങ്ങള്‍ ഇവര്‍ മറന്നിരിക്കുന്നു,' എന്ന് അദ്ദേഹം പറഞ്ഞു.

എണ്ണ രാഷ്ട്രീയം വീണ്ടും കേന്ദ്രബിന്ദു

ഇതിനിടെ, യുഎസ് എനര്‍ജി സെക്രട്ടറി ക്രിസ് റൈറ്റ് എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്താനൊരുങ്ങുന്നത് വിഷയം മറ്റൊരു തലത്തിലേക്ക് മാറ്റുന്നു. വെനിസ്വേലയുടെ തകര്‍ന്ന എണ്ണവ്യവസായത്തില്‍ അമേരിക്കന്‍ കമ്പനികളെ തിരിച്ചെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാല്‍, സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ ഇത് 'ഒരു ദശാബ്ദമെങ്കിലും എടുക്കുന്ന പ്രക്രിയ'യാകുമെന്നാണ് വ്യവസായ വൃത്തങ്ങളുടെ വിലയിരുത്തല്‍.
മഡൂറോയെ പുറത്താക്കി എന്നത് ഒരു ഘട്ടം മാത്രമാണ്. എന്നാല്‍, അതിന് ശേഷം വെനിസ്വേലയെ ആര് നിയന്ത്രിക്കും, എങ്ങനെ നിയന്ത്രിക്കും, എത്രകാലം അമേരിക്ക ഇടപെടും?-ഇവയ്‌ക്കൊന്നിനും വ്യക്തമായ ഉത്തരമില്ല. ട്രംപ് ഭരണകൂടത്തിന്റെ വെനിസ്വേല നീക്കം, രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറം അമേരിക്കന്‍ രാഷ്ട്രീയത്തിലും ആഗോള ക്രമത്തിലും വലിയ ചോദ്യചിഹ്നങ്ങളാണ് ഉയര്‍ത്തുന്നത്.