വെനിസ്വേലയില്‍ അടുത്തത് ഞങ്ങള്‍ നിശ്ചയിക്കും: ഹെഗ്‌സത്ത്; ഡെല്‍സി റോഡ്രിഗസ് ഇടക്കാല പ്രസിഡന്റ്

വെനിസ്വേലയില്‍ അടുത്തത് ഞങ്ങള്‍ നിശ്ചയിക്കും: ഹെഗ്‌സത്ത്; ഡെല്‍സി റോഡ്രിഗസ് ഇടക്കാല പ്രസിഡന്റ്


വാഷിംഗ്ടണ്‍ / കാരക്കാസ്: വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടിയ യുഎസ് സൈനിക ദൗത്യത്തിന് പിന്നാലെ, രാജ്യത്ത് ഇനി എന്ത് സംഭവിക്കണമെന്നത് അമേരിക്ക നിശ്ചയിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ്‌ഹെഗ്‌സത്ത് വ്യക്തമാക്കി. സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഹെഗ്‌സത്തിന്റെ പ്രതികരണം.

ദൗത്യത്തില്‍ പങ്കെടുത്ത സൈനികരെ പ്രശംസിച്ച ഹെഗ്‌സത്ത്, 'രാജ്യത്തിന്റെ സുരക്ഷയ്ക്കായി ജീവന്‍ സമര്‍പ്പിക്കുന്ന അമേരിക്കയുടെ മികച്ച മുഖമാണ് ഞാന്‍ കണ്ടത്. പ്രസിഡന്റ് ട്രംപ് വ്യക്തമായ ദൗത്യം നല്‍കി, സൈന്യം അത് പൂര്‍ത്തിയാക്കി,' എന്നു പറഞ്ഞു. മഡൂറോയെ പിടികൂടാനുള്ള തീരുമാനം 'സ്വാതന്ത്ര്യം, സുരക്ഷ, സമൃദ്ധി' എന്നിവ ലക്ഷ്യമിട്ടാണെന്നും, അമേരിക്കന്‍ എണ്ണതാല്‍പര്യങ്ങളാണ് പിന്നിലെന്ന ആരോപണം അദ്ദേഹം തള്ളി.

'നിബന്ധനകള്‍ നിശ്ചയിക്കുന്നത് ഞങ്ങളാണ്. പ്രസിഡന്റ് ട്രംപ് അമേരിക്കന്‍ നേതൃപാടവം തെളിയിച്ചു. ഇനി മുന്നോട്ട് എങ്ങനെ പോകണമെന്നത് അദ്ദേഹം തീരുമാനിക്കും,' ഹെഗ്‌സത്ത് പറഞ്ഞു.

ഇതിനിടെ, കാരക്കാസില്‍ ചേര്‍ന്ന വെനിസ്വേല സുപ്രീം കോടതി, വൈസ് പ്രസിഡന്റായിരുന്ന ഡെല്‍സി റോഡ്രിഗസിനെ ഇടക്കാല പ്രസിഡന്റാക്കി നിയമിച്ചു. രാഷ്ട്രത്തിന്റെ ഭരണതുടര്‍ച്ചയും ദേശീയ പ്രതിരോധവും ഉറപ്പാക്കുന്നതിനായാണ് ഈ തീരുമാനമെന്ന് കോടതി വ്യക്തമാക്കി. മഡൂറോയുടെ ('ബലപ്രയോഗത്തിലൂടെയുള്ള) അഭാവം' കണക്കിലെടുത്താണ് നടപടി.

മഡൂറോയും ഭാര്യയും ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിനിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും, ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. അതേസമയം, ന്യൂയോര്‍ക്കിലെ ഡിഇഎ ആസ്ഥാനത്ത് മഡൂറോയെ 'കുറ്റാരോപണം' നടത്തുന്ന ദൃശ്യങ്ങളാണെന്ന് അവകാശപ്പെട്ട് വൈറ്റ് ഹൗസ് റാപിഡ് റെസ്‌പോണ്‍സ് അക്കൗണ്ട് വീഡിയോ പങ്കുവച്ചു.

വെനിസ്വേലയുമായി അതിര്‍ത്തി പങ്കിടുന്ന കൊളംബിയയില്‍ അതീവ ജാഗ്രതയാണ്. കൊളംബിയ-വെനിസ്വേല അതിര്‍ത്തിയിലെ വ്യാപാരവും ഗതാഗതവും നിലച്ച നിലയിലാണ്. വെനിസ്വേലയില്‍ സംഭവിക്കുന്ന മാറ്റങ്ങളുടെ ആദ്യ പ്രതിഫലനം കൊളംബിയയില്‍ ഉണ്ടാകുമെന്ന ആശങ്ക ശക്തമാണ്. അനധികൃത ആയുധസംഘങ്ങളും മയക്കുമരുന്ന് കടത്തുസംഘങ്ങളും സജീവമായ മേഖലയായതിനാല്‍, അധികാര ശൂന്യത സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുമെന്ന മുന്നറിയിപ്പും ഉയരുന്നു.

അതേസമയം, യുഎസ് സൈനിക ഇടപെടലിനെതിരെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ശക്തമായ ആശങ്ക രേഖപ്പെടുത്തി. 'ഇത് പ്രദേശത്തിന് അപകടകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന നടപടിയാണ്. അന്താരാഷ്ട്ര നിയമങ്ങളും യുഎന്‍ ചാര്‍ട്ടറും ലംഘിക്കപ്പെട്ടിരിക്കുന്നു,' ഗുട്ടറസ് പ്രസ്താവനയില്‍ പറഞ്ഞു. വെനിസ്വേലയില്‍ മനുഷ്യാവകാശങ്ങള്‍ മാനിച്ച് ഉള്‍ക്കൊള്ളുന്ന സംവാദം നടത്തണമെന്നും ഗുട്ടറസ് ആവശ്യപ്പെട്ടു.

ഈ വിഷയത്തില്‍ ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. കൊളംബിയയുടെ ആവശ്യപ്രകാരം റഷ്യയും ചൈനയും യോഗത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്.