കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ കൈവശംവെച്ചെന്ന കേസില്‍ മേഗന്‍ മാര്‍ക്കിളിന്റെ പിതാവിന് ഉപാധികളോടെ ജാമ്യം

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ കൈവശംവെച്ചെന്ന കേസില്‍ മേഗന്‍ മാര്‍ക്കിളിന്റെ പിതാവിന് ഉപാധികളോടെ ജാമ്യം


ഫ്‌ളോറിഡ: കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങള്‍ കൈവശംവെച്ചെന്ന കേസില്‍ അറസ്റ്റിലായ ബ്രിട്ടീഷ് രാജകുടുംബാംഗമായ മേഗന്‍ മാര്‍ക്കിളിന്റെ പിതാവ് തോമസ് മാര്‍ക്കിളിന് ഉപാധികളോടെ മോചനം. നവംബര്‍ ആറിന് ഫ്‌ളോറിഡയില്‍ അറസ്റ്റിലായ 82കാരനായ തോമസ്, ഫെഡറല്‍ കോടതിയില്‍ ഹാജരായതിനെ തുടര്‍ന്നാണ് കര്‍ശന നിയന്ത്രണങ്ങളോടെ മോചിതനായത്.

ഫ്‌ളോറിഡയിലെ ടാമ്പയിലുള്ള ഫെഡറല്‍ കോടതിയില്‍ മജിസ്ട്രേറ്റ് ജഡ്ജിക്കു മുന്നില്‍ ഹാജരായ അദ്ദേഹത്തിന് ലേക്ക്‌ലന്‍ഡിലെ അസിസ്റ്റഡ് ലിവിംഗ് കേന്ദ്രത്തിലേക്ക് മടങ്ങാന്‍ അനുമതി നല്‍കി. എന്നാല്‍ ഇലക്ട്രോണിക് നിരീക്ഷണവും വീട്ടുതടങ്കലും ഉള്‍പ്പെടെ നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കോടതി ഉത്തരവുപ്രകാരം ഫ്‌ളോറിഡയിലെ മിഡില്‍ ഡിസ്ട്രിക്ട്, കാലിഫോര്‍ണിയയിലെ സെന്‍ട്രല്‍ ഡിസ്ട്രിക്ട് എന്നിവിടങ്ങള്‍ വിട്ടുപോകാന്‍ പാടില്ല. പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. കുറ്റാരോപണങ്ങളുടെ സ്വഭാവവും ഗൗരവവും മനസ്സിലാക്കാനുള്ള മാനസികാരോഗ്യ പരിശോധനയ്ക്കും വിധേയനാകണം.

പ്രായപൂര്‍ത്തിയാകാത്തവരുമായോ കേസിലെ പരാതിക്കാരെന്ന് ആരോപിക്കപ്പെടുന്നവരുമായോ ബന്ധപ്പെടുന്നതിനും കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റ് ഉപയോഗിക്കാവുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കാനും അനുമതിയില്ല. ആദ്യ കോടതി നടപടിക്കിടെ തോമസ് കുറ്റം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. കാലിഫോര്‍ണിയയിലെ തുടര്‍നടപടികള്‍ക്കായുള്ള വിചാരണ തിയ്യതി നിശ്ചയിച്ചിട്ടില്ല.

ലോസ് ആഞ്ചലസ് മേഖലയിലെ രണ്ട് സംഭരണകേന്ദ്രങ്ങളില്‍നിന്ന് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങളുണ്ടെന്ന് സംശയിക്കുന്ന വസ്തുക്കള്‍ കണ്ടെത്തിയതാണ് കേസിനാധാരം. വര്‍ഷങ്ങളായി തോമസ് വാടകയ്‌ക്കെടുത്തിരുന്ന സംഭരണകേന്ദ്രങ്ങളായിരുന്നു ഇവ.

ഫിലിപ്പീന്‍സിലെ അദ്ദേഹത്തിന്റെ വസ്തുക്കള്‍ക്കിടയില്‍ നിയമവിരുദ്ധമായ ദൃശ്യങ്ങളുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് എഫ് ബി ഐ പരിശോധന നടത്തിയത്. 2026 ഒക്ടോബറില്‍ ഒരു സാക്ഷി അധികൃതരെ വിവരമറിയിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.

പരിശോധനയില്‍ ഫോട്ടോഗ്രാഫിക് സ്ലൈഡുകള്‍, ഫിലിം നെഗറ്റീവുകള്‍, പുസ്തകങ്ങള്‍ എന്നിവയുള്‍പ്പെടെ സംശയാസ്പദമായ 78 വസ്തുക്കള്‍ അന്വേഷണസംഘം കണ്ടെത്തി. ഇവയില്‍ ചിലതില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തിയുള്ള ലൈംഗിക ദൃശ്യങ്ങളുണ്ടായിരുന്നുവെന്നാണ് കുറ്റപത്രത്തിലെ ആരോപണം. രണ്ട് ചിത്രങ്ങളില്‍ തോമസിനെ തിരിച്ചറിഞ്ഞതായി സാക്ഷികള്‍ മൊഴി നല്‍കിയെന്നും അന്വേഷണസംഘം പറയുന്നു.

തുടര്‍ന്ന് ഫ്‌ളോറിഡയില്‍നിന്ന് എഫ് ബി ഐ അദ്ദേഹത്തെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ കൈവശംവെച്ചെന്ന ഒരു കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ ഫെഡറല്‍ ജയിലില്‍ പരമാവധി 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.

മേഗന്‍ മാര്‍ക്കിളിന്റെ അര്‍ധസഹോദരനായ തോമസ് മാര്‍ക്കിള്‍ ജൂനിയര്‍ പിതാവിന്റെ ഫിലിപ്പീന്‍സിലെ വസ്തുക്കള്‍ പരിശോധിക്കുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്തവരുമായി ബന്ധപ്പെട്ട സംശയാസ്പദമായ ദൃശ്യങ്ങളുടെ വലിയ ശേഖരം കണ്ടെത്തിയതായി ബ്രിട്ടീഷ് പത്രമായ 'ദ സണ്‍' റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭരണപ്പെട്ടികളിലും കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡ്രൈവുകളിലുമാണ് ഇവ കണ്ടെത്തിയതെന്നാണ് വിവരം. തുടര്‍ന്ന് മകന്‍ അധികൃതരെ വിവരമറിയിച്ചു.

സംഭവത്തില്‍ ഫിലിപ്പീന്‍സ് അന്വേഷണ ഏജന്‍സികളും പരിശോധന ആരംഭിച്ചിട്ടുണ്ട്. ഒക്ടോബറില്‍ തന്നെ ആരോപണങ്ങളെക്കുറിച്ച് അറിവുണ്ടെന്നും ആവശ്യമായ സാഹചര്യത്തില്‍ ഫിലിപ്പീന്‍സ് അധികൃതരെ സഹായിക്കുമെന്നും എഫ് ബി ഐ അറിയിച്ചിരുന്നു.

എന്നാല്‍ അറസ്റ്റിന് മുമ്പ് ആരോപണങ്ങള്‍ തോമസ് ശക്തമായി നിഷേധിച്ചിരുന്നു. ഇവ 'വികൃതമായ നുണകളാണെന്നായിരുന്നു' അദ്ദേഹത്തിന്റെ പ്രതികരണം. കേസിലെ ആരോപണങ്ങള്‍ ഇതുവരെ കോടതിയില്‍ തെളിയിക്കപ്പെട്ടിട്ടില്ല.