ജോര്‍ജിയയില്‍ പുതിയ പ്രസിഡന്റായി മിഖെയ്ല്‍ കവേലഷ്വിലി സ്ഥാനമേറ്റു; മുന്‍ പ്രസിഡന്റും കൂട്ടരും പ്രക്ഷോഭത്തിലേയ്ക്ക്

ജോര്‍ജിയയില്‍ പുതിയ പ്രസിഡന്റായി മിഖെയ്ല്‍ കവേലഷ്വിലി സ്ഥാനമേറ്റു; മുന്‍ പ്രസിഡന്റും കൂട്ടരും പ്രക്ഷോഭത്തിലേയ്ക്ക്


ടിബിലിസി : മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി ഫുട്ബോള്‍ താരവും ഭരണപക്ഷ പാര്‍ടി ജോര്‍ജിയന്‍ ഡ്രീമിന്റെ സ്ഥാനാര്‍ഥിയുമായിരുന്ന മിഖെയ്ല്‍ കവേലഷ്വിലി ജോര്‍ജിയയുടെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാശ്ചാത്യ നയങ്ങളുടെ നിശിത വിമര്‍ശകനാണ് പുതിയ പ്രസിഡന്റ്.

കവലാഷ്വിലിയുടെ നിയമനം നിയമവിരുദ്ധമാണെന്ന് ആരോപിച്ച് മുന്‍ പ്രസിഡന്റായ സലോമി സുറാബിഷ്വിലിയും അനുയായികളും രംഗത്തെത്തിയിട്ടുണ്ട്. ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നിലവിലെ ഭരണകക്ഷിയായ ജോര്‍ജിയന്‍ ഡ്രീം പാര്‍ട്ടി അട്ടിമറി നടത്തിയെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

പാര്‍ലമെന്റില്‍ അടച്ചിട്ട മുറിയില്‍ നടന്ന ചടങ്ങിലാണ് കവലാഷ്വിലി സത്യപ്രതിജ്ഞ ചെയ്തത്. സമാധാനത്തിനാണ് ജോര്‍ജിയയിലെ ജനങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്ന് ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. പാശ്ചാത്യരാജ്യങ്ങള്‍ ഉക്രൈന്‍ സംഘര്‍ഷത്തിലേക്ക് ജോര്‍ജിയയെ വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തീവ്രവലതുപക്ഷ നിലപാടിലുറച്ചുനില്‍ക്കുന്ന നേതാവാണ് കവലാഷ്വിലി. എല്‍ജിബിടിക്യൂ വിഭാഗത്തിനെതിരെയും അദ്ദേഹം രംഗത്തെത്തിയിട്ടുണ്ട്.
പരസ്യം ചെയ്യല്‍

അതേസമയം ജോര്‍ജിയന്‍ ഡ്രീം പാര്‍ട്ടിയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് മുന്‍ പ്രസിഡന്റ് സലോമി സുറാബിഷ്വിലി പറഞ്ഞു. ജോര്‍ജിയയുടെ നിയമാനുസൃത പ്രസിഡന്റ് താനാണെന്നും സലോമി പറഞ്ഞു.