തമിഴ്‌നാട്ടിലെ അഭയാര്‍ഥി ക്യാംപില്‍ നിന്ന് രക്ഷപ്പെട്ട ഒന്‍പത് ശ്രീലങ്കക്കാര്‍ പിടിയില്‍

തമിഴ്‌നാട്ടിലെ അഭയാര്‍ഥി ക്യാംപില്‍ നിന്ന് രക്ഷപ്പെട്ട ഒന്‍പത് ശ്രീലങ്കക്കാര്‍ പിടിയില്‍


ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ മണ്ഡപം അഭയാര്‍ഥി ക്യാംപില്‍ നിന്ന് രക്ഷപ്പെട്ട ഒന്‍പത് ശ്രീലങ്കന്‍ അഭയാര്‍ഥികളെ നെടുന്തീവ് ദ്വീപിന് സമീപം ശ്രീലങ്കന്‍ നാവികസേന പിടികൂടി.

2022നും 2023നും ഇടയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്കയിലെ ട്രിങ്കോമലി, മാന്നാര്‍, മുല്ലത്തീവ് എന്നിവിടങ്ങളില്‍ നിന്ന് കടല്‍മാര്‍ഗം ഇന്ത്യയിലെ ധനുഷ്‌കോടി തീരത്ത് എത്തിയവരാണ് വീണ്ടും പിടിയിലായത്. നിരോഷന്‍, സുധാ, ജ്ഞാനജ്യോതി എന്നിവരെയാണ് നാവികസേന പിടികൂടിയത്. ഇവരോടൊപ്പം 3 കുട്ടികളും മറ്റ് മൂന്ന് സ്ത്രീകളുമുണ്ടായിരുന്നു. അഭയാര്‍ഥികള്‍ നാഗപട്ടണത്ത് നിന്ന് ബോട്ട് വാങ്ങിയാണ് കടല്‍ കടക്കാന്‍ ശ്രമിച്ചത്. എന്നാല്‍ നെടുന്തീവിലെത്തിയ ഇവരെ ശ്രീലങ്കന്‍ നാവികസേന പിടികൂടുകയും തടഞ്ഞുവയ്ക്കുകയും ചെയ്യുകയായിരുന്നു. 

തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത അഭയാര്‍ഥികളെ വൈദ്യപരിശോധനയ്ക്കായി നെടുന്തീവ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഭയാര്‍ഥികള്‍ക്ക് ബോട്ട് വില്‍ക്കുകയും രക്ഷപ്പെടാന്‍ സൗകര്യമൊരുക്കുകയും ചെയ്തവരെ കണ്ടെത്താന്‍ മറൈന്‍ പൊലീസും കേന്ദ്ര, സംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സികളും അന്വേഷണം ആരംഭിച്ചു.