ഇറാന്‍ ടീമിനുള്ള യാത്രാ നിയന്ത്രണങ്ങളില്‍ ഇളവില്ല; ബെല്‍ജിയം മത്സരത്തിന് മുമ്പും നിലപാട് കടുപ്പിച്ച് അമേരിക്ക

ഇറാന്‍ ടീമിനുള്ള യാത്രാ നിയന്ത്രണങ്ങളില്‍ ഇളവില്ല; ബെല്‍ജിയം മത്സരത്തിന് മുമ്പും നിലപാട് കടുപ്പിച്ച് അമേരിക്ക


വാഷിങ്ടണ്‍: ഫിഫ ലോകകപ്പില്‍ പങ്കെടുക്കുന്ന ഇറാന്‍ ഫുട്‌ബോള്‍ ടീമിന് ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കില്ലെന്ന് അമേരിക്ക. വിഷയത്തില്‍ ഫിഫയ്ക്ക് പരാതി നല്‍കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടും നിലവിലെ ക്രമീകരണങ്ങളില്‍ മാറ്റമില്ലെന്ന് ലോകകപ്പ് സംഘാടക ചുമതലയുള്ള വൈറ്റ് ഹൗസ് ടാസ്‌ക് ഫോഴ്സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആന്‍ഡ്രൂ ജുലിയാനി വ്യക്തമാക്കി.

ടീമിന്റെ യാത്രാ ക്രമീകരണങ്ങള്‍ തുടര്‍ന്നും വിലയിരുത്തുമെന്നും എന്നാല്‍ നിലവില്‍ നിശ്ചയിച്ച പദ്ധതി തുടരുമെന്നും അദ്ദേഹം റോയിട്ടേഴ്‌സിനോട് പറഞ്ഞു.

മത്സരത്തിന് 24 മണിക്കൂര്‍ മുമ്പ് മാത്രമേ ഇറാന്‍ ടീമിന് അമേരിക്കയിലെ വേദികളിലെത്താന്‍ അനുമതിയുള്ളൂ. മത്സരം കഴിഞ്ഞ ഉടന്‍ തന്നെ പരിശീലന ക്യാമ്പായ മെക്‌സിക്കോയിലെ ടിജ്വാനയിലേക്ക് മടങ്ങുകയും വേണം. ഈ നിയന്ത്രണങ്ങള്‍ കാരണം ലോകകപ്പിലെ 'ഏറ്റവും കൂടുതല്‍ പീഡനം നേരിടുന്ന ടീം' തങ്ങളാണെന്ന് ഇറാന്‍ പരിശീലകന്‍ അമീര്‍ ഘലനോയി വിമര്‍ശിച്ചിരുന്നു.

ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരത്തിന് പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇറാന്‍ സംഘം അമേരിക്ക വിട്ട് മെക്‌സിക്കോയിലേക്ക് മടങ്ങിയിരുന്നു. പ്രാദേശിക സമയം രാത്രി എട്ടോടെയാണ് മത്സരം അവസാനിച്ചതെങ്കിലും താരങ്ങള്‍ക്ക് വിശ്രമത്തിനോ ശാരീരിക പുനരുജ്ജീവനത്തിനോ ഒരു ദിവസം പോലും അനുവദിക്കാതെ തിരിച്ചയച്ചത് അമേരിക്കയുടെ വിസ നടപടികളെച്ചൊല്ലിയുള്ള വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു.

ആദ്യ മത്സരത്തിന് ശേഷം ടീമിനൊപ്പം രാത്രി കാലിഫോര്‍ണിയയില്‍ തങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് പരിശീലകന്‍ ഘലനോയി പറഞ്ഞു.

ഇതിനിടെ, ഇറാന്‍ വിങ്ങര്‍ മെഹ്ദി തോറബിയുടെ പ്രവേശന വിസ ആദ്യ മത്സരത്തിന് ശേഷം കാലഹരണപ്പെട്ടത് മറ്റൊരു വിവാദത്തിന് കാരണമായി. എന്നാല്‍ ഒന്നിലധികം തവണ അമേരിക്കയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്ന പുതിയ വിസ ലഭിച്ചതായി ഇറാന്‍ ടീം അധികൃതര്‍ അറിയിച്ചു. പ്രശ്‌നം പരിഹരിച്ചതായി അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും സ്ഥിരീകരിച്ചു.

ഞായറാഴ്ച ബെല്‍ജിയത്തിനെതിരായ മത്സരത്തിനും ഇതേ യാത്രാ നിയന്ത്രണങ്ങളാണ് ബാധകമാകുക. മത്സരത്തിന് ഏകദേശം 24 മണിക്കൂര്‍ മുമ്പ് ശനിയാഴ്ച വൈകിട്ടാണ് ഇറാന്‍ സംഘം ലോസ് ആഞ്ചലസിലെത്തേണ്ടത്.

വെള്ളിയാഴ്ച സിയാറ്റിലില്‍ ഈജിപ്തിനെതിരായ മൂന്നാം മത്സരത്തിന് മുമ്പുള്ള ക്രമീകരണങ്ങളെക്കുറിച്ച് ബെല്‍ജിയം മത്സരത്തിന് ശേഷം ചര്‍ച്ചകള്‍ നടക്കുമെന്നും മാറ്റമുണ്ടായേക്കാമെന്നും ജുലിയാനി പറഞ്ഞു.

ബെല്‍ജിയം മത്സരത്തിന് ശേഷം 27 മിനിറ്റ് ദൈര്‍ഘ്യമുള്ള വിമാനയാത്രയിലൂടെ അവര്‍ വീണ്ടും ടിജ്വാനയിലേക്ക് മടങ്ങും. രണ്ടാം മത്സരത്തിന് ശേഷമുള്ള സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് മൂന്നാം മത്സരവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഉണ്ടാകുകയെന്ന് അദ്ദേഹം പറഞ്ഞു.

ഇറാന്‍ ടീമിന്റെ പരിശീലന ക്യാമ്പ് അരിസോണയിലെ ട്യൂസണില്‍ നിന്ന് ടിജ്വാനയിലേക്ക് മാറ്റിയതിലൂടെ യാത്രാ സമയം കുറയ്ക്കാന്‍ കഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്യൂസണില്‍ നിന്നുള്ള യാത്രയെ അപേക്ഷിച്ച് ലോസ് ആഞ്ചലസിലേക്കുള്ള വിമാനയാത്ര ഒരു മണിക്കൂര്‍ കുറവാണെന്നും ആദ്യ മത്സരത്തിലെ ക്രമീകരണങ്ങളില്‍ അമേരിക്ക തൃപ്തരാണെന്നും ജുലിയാനി പറഞ്ഞു.

ഇറാന്‍ താരങ്ങള്‍ക്കും പരിശീലകര്‍ക്കും വിസ ലഭിച്ചിട്ടുണ്ടെങ്കിലും ചില ടീം ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിസ അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

അമേരിക്കന്‍ പൗരന്മാരുടെയും ലോകകപ്പിനെത്തുന്ന അന്താരാഷ്ട്ര സന്ദര്‍ശകരുടെയും സുരക്ഷ ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് ജുലിയാനി പറഞ്ഞു. ടൂര്‍ണമെന്റിനെതിരായ വിശ്വസനീയമായ ഭീഷണികളൊന്നും നിലവില്‍ കണ്ടെത്തിയിട്ടില്ലെങ്കിലും രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരന്തര ജാഗ്രത പാലിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകകപ്പിന്റെ ആദ്യ പത്ത് ദിവസങ്ങള്‍ വിജയകരമായിരുന്നുവെന്നും കളിക്കളത്തിലെ മികച്ച പ്രകടനങ്ങളാണ് പ്രധാന ചര്‍ച്ചാ വിഷയമാകുന്നതെന്നും ജുലിയാനി അഭിപ്രായപ്പെട്ടു.