വാഷിംഗ്ടണ്‍ : ഡോണള്‍ഡ് ട്രംപ് വീണ്ടും വൈറ്റ് ഹൗസിലെത്തിയാല്‍ അമേരിക്കയുമായി ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഉത്തരകൊറിയയ്ക്ക് താല്പര്യമുണ്ടെന്ന് റിപ്പോര്‍ട്ട്. അടുത്തിടെ ദക്ഷിണ കൊറിയയിലേക്ക് കൂറുമാറിയ ഉത്തരകൊറിയന്‍ നയതന്ത്രജ്ഞന്‍ റി ഇല്‍ ഗ്യുവാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 2016 ന് ശേഷമാണ് ദക്ഷിണ കൊറിയയിലേക്ക് റി ഇല്‍ ഗ്യു കൂറുമാറിയത്.
അന്താരാഷ്ട്ര മാധ്യമങ്ങളുമായുള്ള തന്റെ ആദ്യ അഭിമുഖത്തില്‍, ഈ വര്‍ഷവും അതിനുശേഷവും ഉത്തരകൊറിയ റഷ്യ, യു.എസ്, ജപ്പാന്‍ എന്നീ രാജ്യങ്ങളെ തങ്ങളുടെ വിദേശ നയ മുന്‍ഗണനകളായി നിശ്ചയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മുമ്പ് ട്രംപ് പ്രസിഡന്റായിരുന്നപ്പോള്‍ ഉത്തരകൊറിയയുമായി മികച്ച നയതന്ത്ര ബന്ധത്തിലായിരുന്നുവെന്ന് റില്‍ ഗ്യൂ ചൂണ്ടിക്കാട്ടി. ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും ട്രംപും തമ്മില്‍ 2019-ല്‍ വിയറ്റ്നാമില്‍ നടന്ന ഒരു ഉച്ചകോടിക്ക് തയ്യാറായെങ്കിലും ഉപരോധവിഷയത്തിലെ ഭിന്നതമൂലം അത് നടന്നില്ല. 'അനുഭവപരിചയമില്ലാത്ത, അറിവില്ലാത്ത' സൈനിക കമാന്‍ഡര്‍മാരെ ഉത്തരകൊറിയന്‍ ഭരണാധികാരിയായ കിം ആണവ നയതന്ത്രം ഏല്‍പ്പിച്ചതാണ് ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനു കാരണമെന്ന് റി ഇല്‍ ഗ്യു കുറ്റപ്പെടുത്തി. അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചോ നയതന്ത്രത്തെക്കുറിച്ചോ തന്ത്രപരമായ വിലയിരുത്തലിനെക്കുറിച്ചോ കിം ജോങ് ഉന്നിന് കാര്യമായ അറിവില്ലെന്നും അദ്ദേഹം പറഞ്ഞു.
ട്രംപ് അധികാരത്തില്‍ വന്നാല്‍ ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഉത്തരകൊറിയയ്ക്ക് താല്പര്യമെന്ന് റിപ്പോര്‍ട്ട്
