ന്യൂട്ടെല്ലയുടെ രസക്കൂട്ട് കണ്ടെത്തിയ ഫ്രാന്‍സെസ്‌കോ റിവെല്ല അന്തരിച്ചു

ന്യൂട്ടെല്ലയുടെ രസക്കൂട്ട് കണ്ടെത്തിയ ഫ്രാന്‍സെസ്‌കോ റിവെല്ല അന്തരിച്ചു


ഹെയ്സല്‍ നട്ട് കൊക്കോ സ്പെഡ്ഡായ ന്യൂട്ടെല്ലയുടെ രസക്കൂട്ട് കണ്ടെത്തിയ ഫ്രാന്‍സെസ്‌കോ റിവെല്ല അന്തരിച്ചു. 97 വയസ്സായിരുന്നു. ഫെബ്രുവരി 14നായിരുന്നു അന്ത്യമെന്ന് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 1927ല്‍ ഇറ്റലിയിലെ ബര്‍ബരെസ്‌കോയിലാണ് റിവെല്ല ജനിച്ചത്.

ന്യൂട്ടെല്ല കണ്ടുപിടിക്കുന്നതിന് മുമ്പ് ചോക്ലേറ്റ് ബ്രാന്‍ഡ് ആയ ഫെരേരോ മേധാവിയുടെ മകന്‍ മിക്കേലെ ഫെരോരോക്ക് വേണ്ടിയാണ് ഫ്രാന്‍സെസ്‌കോ റിവെല്ല ജോലി ചെയ്തിരുന്നത്. അന്ന് ഇറ്റലിയില്‍ ബ്രോമാറ്റോളജിക്കല്‍ കെമിസ്ട്രിയില്‍ ബിരുദ വിദ്യാര്‍ഥിയായിരുന്നു 25കാരനായ ഫ്രാന്‍സെസ്‌കോ.

പിന്നീട് ഫെരാരോയുടെ സീനിയര്‍ മാനേജരായ അദ്ദേഹം ന്യൂട്ടെല്ലയുടെ ആദ്യ പതിപ്പിന് രൂപം നല്‍കി. ജിയാന്‍ഡുജോത് എന്ന പേരിലറിയപ്പെട്ട ഉത്പന്നം വര്‍ഷങ്ങള്‍ക്ക് ശേഷം 1951ല്‍ സൂപ്പര്‍സ്‌ക്രിമ എന്ന പേരിലറിയപ്പെടാന്‍ തുടങ്ങി. 1964ല്‍ റെസിപ്പി കുറച്ചുകൂടി മെച്ചപ്പെടുത്തി, 1965ല്‍ ജര്‍മനിയിലാണ് ന്യൂട്ടെല്ല പുറത്തിറക്കിയത്.

ലക്ഷക്കണക്കിന് ആളുകളുടെ പ്രിയപ്പെട്ട രുചി സമ്മാനിച്ച സുവെല്ലക്ക് സമൂഹമാധ്യമങ്ങളില്‍ നിരവധിപേര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. 'ഒരു കുട്ടിയെന്ന നിലയില്‍ എന്റെ ജീവിതം മാറ്റിയത് നിങ്ങളാണ്. ലോകത്തെ ഏറ്റവും മികച്ച 10 മനുഷ്യരില്‍ ഒരാളാണ് നിങ്ങള്‍' - ഒരു എക്സ് കുറിപ്പില്‍ പറയുന്നു.