കാബൂൾ: ചാവേർ ആക്രമണങ്ങൾക്കു പിന്നാലെ പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. ഫെബ്രുവരി 22ന് പാകിസ്ഥാൻ അതിർത്തി പ്രദേശത്തെ ഏഴ് കേന്ദ്രങ്ങളിൽ 'തീവ്രവാദികളുടെ താവളങ്ങൾ' ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയതായി ഇസ്ലാമാബാദ് അറിയിച്ചു. അടുത്തിടെ രാജ്യത്ത് നടന്ന ചാവേറാക്രമണങ്ങൾക്ക് ഉത്തരവാദികളായ സംഘങ്ങളെയാണ് ലക്ഷ്യമിട്ടതെന്നാണ് പാകിസ്ഥാന്റെ വിശദീകരണം.
റമദാൻ ആരംഭിച്ചതിന് ശേഷം നടന്ന മൂന്ന് ആക്രമണങ്ങളെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. പാകിസ്ഥാൻ താലിബാനും അനുബന്ധ സംഘടനകളുടേതുമായ ഏഴ് ക്യാമ്പുകളും താവളങ്ങളും രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൃത്യമായി ലക്ഷ്യമിട്ടതായും അധികൃതർ അറിയിച്ചു.
അതേസമയം, പാകിസ്ഥാൻ നംഗർഹാർ, പക്തിക പ്രവിശ്യകളിലെ സാധാരണ പൗരന്മാരെ ബോംബാക്രമണത്തിൽ കൊന്നൊടുക്കിയെന്നും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തുവെന്നും അഫ്ഗാൻ സർക്കാരിന്റെ വക്താവായ സബീഹുള്ള മുജാഹിദ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ നൽകിയ പ്രസ്താവനയിൽ ആരോപിച്ചു. 'പാകിസ്ഥാന്റെ സൈനിക വൃത്തങ്ങൾ വീണ്ടും അഫ്ഗാൻ മണ്ണിൽ അതിക്രമിച്ചു കയറി,' എന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാൻ വിവരപ്രസാരണ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ, ഇസ്ലാമിക് സ്റ്റേറ്റ് സംഘത്തിന്റെ അനുബന്ധ വിഭാഗത്തെയും ലക്ഷ്യമിട്ടതായി അറിയിച്ചു. രണ്ട് ആഴ്ച മുമ്പ് ഇസ്ലാമാബാദിലെ ഷിയ പള്ളിയിൽ നടന്ന ചാവേർ ആക്രമണത്തിൽ കുറഞ്ഞത് 40 പേർ കൊല്ലപ്പെടുകയും 160ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2008ലെ മാരിയറ്റ് ഹോട്ടൽ ബോംബാക്രമണത്തിന് ശേഷം തലസ്ഥാനത്ത് നടന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു.
'പ്രദേശത്ത് സമാധാനവും സ്ഥിരതയും നിലനിർത്താൻ പാകിസ്ഥാൻ എന്നും ശ്രമിച്ചിട്ടുണ്ടെങ്കിലും പൗരന്മാരുടെ സുരക്ഷയ്ക്കാണ് മുൻഗണന,' എന്ന് മന്ത്രാലയം വ്യക്തമാക്കി. കൂടാതെ, ദോഹ കരാറിന്റെ അടിസ്ഥാനത്തിൽ മറ്റ് രാജ്യങ്ങൾക്കെതിരെ ശത്രുതാപരമായ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന വാഗ്ദാനം പാലിക്കാൻ കാബൂളിനുമേൽ അന്താരാഷ്ട്ര സമൂഹം സമ്മർദം ചെലുത്തണമെന്നും പാകിസ്ഥാൻ ആവശ്യപ്പെട്ടു.
2021ൽ താലിബാൻ കാബൂളിൽ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ അതിർത്തി സംഘർഷം ശക്തമായിരുന്നു. 2025 ഒക്ടോബറിൽ ഇരു രാജ്യങ്ങളും വർഷങ്ങളിലെ ഏറ്റവും രൂക്ഷമായ അതിർത്തി ഏറ്റുമുട്ടലിൽ കുടുങ്ങിയിരുന്നു. കാബൂളിൽ നടന്ന സ്‌ഫോടനങ്ങൾക്കു പിന്നാലെ പരസ്പരം കുറ്റപ്പെടുത്തലുകൾ ഉയർന്നതോടെയായിരുന്നു അന്ന് ഏറ്റുമുട്ടൽ. 70ലധികം പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖത്തറും തുർക്കിയും ഇടപെട്ട് വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും തുടർന്ന് ദോഹയിലും ഇസ്താംബൂളിലും നടന്ന ചർച്ചകൾ സ്ഥിരപരിഹാരത്തിലേക്ക് എത്തിച്ചില്ല.
പാകിസ്ഥാൻ, തന്റെ മണ്ണിൽ ആക്രമണം നടത്തുന്ന പാകിസ്ഥാൻ താലിബാൻ ഉൾപ്പെടെയുള്ള സംഘങ്ങൾക്ക് അഫ്ഗാൻ ഭരണകൂടം അഭയം നൽകുന്നുവെന്ന് ആരോപിക്കുന്നു. എന്നാൽ കാബൂളിലെ താലിബാൻ ഭരണകൂടം ഈ ആരോപണം നിഷേധിക്കുന്നു. പുതിയ ആക്രമണങ്ങളോടെ അതിർത്തി പ്രദേശത്തെ അവസ്ഥ വീണ്ടും അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്.
അതിർത്തിയിലെ തീവ്രവാദ കേന്ദ്രങ്ങൾ തകർത്തെന്ന് പാകിസ്ഥാൻ; ഇരകളാക്കപ്പെടുന്നത് സാധാരണക്കാരെന്ന് കാബൂൾ
