ന്യൂഡൽഹി: ഇന്ത്യയുമായുള്ള വെടിനിർത്തൽ കരാർ സ്വന്തം സൈന്യം തന്നെ ലംഘിച്ചതായി പരോക്ഷമായി സൂചിപ്പിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. ഇന്ത്യയുമായുള്ള വെടിനിർത്തൽ കരാർ പാലിക്കാൻ ബാധ്യസ്ഥരാണെന്ന പ്രസ്താവനയുമായി പാകിസ്താൻ. അതിർത്തിയിൽ കരാർ ലംഘിച്ച് പാകിസ്താന്റെ വെടിവെപ്പുണ്ടായതിന് പിന്നാലെയാണ് പ്രസ്താവന പുറത്ത് വന്നത്. ഉത്തരവാദിത്തത്തോടെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും പാകിസ്താൻ വ്യക്തമാക്കി.
സുഗമമായി വെടിനിർത്തൽ കരാർ നടപ്പാക്കുന്നതിന് ആവശ്യമായ ആശയവിനിമയം നടത്തും. അതിർത്തി പ്രദേശങ്ങളിലുള്ള പാക് സൈനികരും സംയമനം പാലിക്കണമെന്നും പാകിസ്താൻ പ്രസ്താവനയിൽ അറിയിച്ചു.
ശ്രീനഗറിൽ ഉൾപ്പെടെ ജമ്മു കശ്മീരിലെ പലയിടത്തും പാകിസ്താൻ ഡ്രോൺ ആക്രമണവും നിയന്ത്രണരേഖയിൽ ഷെല്ലാക്രമണവും നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തൊട്ടുപിന്നാലെ വെടിനിർത്തൽ എവിടെയെന്നും ശ്രീനഗറിലാകെ സ്‌ഫോടന ശബ്ദം കേട്ടെന്നും ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല എക്‌സിലും കുറിച്ചു. ഒടുവിൽ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി കഴിഞ്ഞ ദിവസം രാത്രി 10.45ന് വിളിച്ചുചേർത്ത പ്രത്യേക വാർത്താസമ്മേളനത്തിലാണ് വെടിനിർത്തൽ ലംഘനം സ്ഥിരീകരിച്ചത്.
പാകിസ്താൻ നടപടി അപലപനീയമെന്ന് അദ്ദേഹം പറഞ്ഞു. അതിർത്തിയിൽ ധാരണകൾക്ക് വിപരീതമായ സാഹചര്യമാണ്. ആക്രമണം ചെറുക്കാൻ സൈന്യത്തിന് നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി. വെടിനിർത്തൽ ധാരണയുടെ ലംഘനം പാകിസ്താൻ ഗൗരവത്തോടെ കാണണമെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകി.
നേരത്തെ, സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യയും പാകിസ്താനും സമ്മതിച്ചുവെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലോകത്തെ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് വിദേശ സെക്രട്ടറി വെടിനിർത്തൽ സ്ഥിരീകരിച്ചത്.
വെടിനിർത്തൽ പാലിക്കാൻ ബാധ്യസ്ഥർ; സൈന്യം സംയമനം പാലിക്കണം-പാക് പ്രധാനമന്ത്രി
