ആയുധങ്ങൾ ഉടൻ നിശബ്ദമാക്കപ്പെടണം; സമാധാന ചർച്ചകൾ തുടരണം: ഗാസയിലെ ആക്രമണത്തിൽ പ്രതികരിച്ച് മാർപാപ്പ

ആയുധങ്ങൾ ഉടൻ നിശബ്ദമാക്കപ്പെടണം; സമാധാന ചർച്ചകൾ തുടരണം: ഗാസയിലെ ആക്രമണത്തിൽ പ്രതികരിച്ച് മാർപാപ്പ


വത്തിക്കാൻ സിറ്റി: ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഞായറാഴ്ച പ്രസിദ്ധീകരിച്ച പ്രാർഥനയിലാണ് മാർപാപ്പ ഇക്കാര്യം ആവശ്യപ്പെട്ടത്.

ഗാസയ്ക്കുമേൽ ഇസ്രയേലിന്റെ രൂക്ഷമായ ബോംബാക്രമണം വീണ്ടും തുടങ്ങിയതിൽ ഞാൻ അതീവ ദുഃഖിതനാണ്. നിരവധി പേർ മരിക്കുകയും ഏറെ പേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നു. ആയുധങ്ങൾ ഉടൻ നിശബ്ദമാക്കപ്പെടണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. ആയുധങ്ങൾ താഴെ വെക്കണം. ചർച്ചകൾ പുനരാരംഭിക്കാനുള്ള ധൈര്യം കാണിക്കണം. അതിലൂടെ ബന്ദികളെ മോചിപ്പിക്കാനും സ്ഥിരമായ വെടിനിർത്തലിലേക്ക് എത്താനും കഴിയും. ഗാസ മുനമ്പിലെ സാഹചര്യം വീണ്ടും ഗുരുതരമായിരിക്കുന്നു. അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യമാണ്... മാർപാപ്പ പറഞ്ഞു.

മാർപാപ്പ ആശുപത്രി വിട്ടു; ഇനി രണ്ടുമാസം വിശ്രമം

ന്യുമോണിയയും കടുത്ത ശ്വാസതടസ്സവും കാരണം ഒരു മാസത്തിലേറെയായി ചികിത്സയിലുള്ള ഫ്രാൻസിസ് മാർപാപ്പ ആശുപത്രി വിട്ടു. വത്തിക്കാനിലെ ഔദ്യോഗിക വസതിയായ സാന്ത മാർത്തയിലേക്ക് അദ്ദേഹം മടങ്ങി.

ആരോഗ്യനില പൂർണമായും വീണ്ടെടുക്കാൻ രണ്ടു മാസത്തെ വിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാർ മാർപാപ്പക്ക് നിർദേശം നൽകി. പ്രത്യേക പരിചരണം ആവശ്യമാണെന്നും പൊതുപരിപാടികളിലും യോഗങ്ങളിലും പങ്കെടുക്കരുതെന്നും നിർദേശിച്ചതായി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാരുടെ ടീമിന്റെ തലവൻ സെർജിയോ ആൽഫിയരി പറഞ്ഞു. ന്യുമോണിയ ഭേദമായിട്ടുണ്ടെങ്കിലും സങ്കീർണമായ അണുബാധയിൽനിന്ന് പൂർണമായും മുക്തനായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാർപാപ്പയുടെ ശബ്ദം മുമ്പത്തെപ്പോലെയാകാൻ സമയമെടുക്കുമെന്നും ആൽഫിയരി കൂട്ടിച്ചേർത്തു.

ഫെബ്രുവരി 14 മുതൽ റോമിലെ ജെമെലി ആശുപത്രിയിൽ ചികിത്സയിലായിരുന്നു 88കാരനായ മാർപാപ്പ. ഇരട്ട ന്യുമോണിയ ബാധിച്ച അദ്ദേഹം ഗുരുതരാവസ്ഥയിൽനിന്നാണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. അതേസമയം, അഞ്ച് ആഴ്ചകൾക്കു ശേഷം ആശുപത്രി വിടുന്നതിനു മുമ്പ് മാർപാപ്പ വിശ്വാസികളെ ആശീർവദിച്ചു. ജെമെലി ആശുപത്രിയുടെ ബാൽകണിയിൽ വീൽ ചെയറിലിരുന്ന് പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം കൈവീശി എല്ലാവർക്കും നന്ദി പറയുകയായിരുന്നു.