വാഷിംഗ്ടണ്‍: റഷ്യയുമായി വലിയൊരു കരാറിലെത്താന്‍ സാധ്യതയുണ്ടെന്നും അത് യുക്രെയ്ന്‍ യുദ്ധത്തില്‍ മാത്രം ഒതുങ്ങാതെ യൂറോപ്പിലെ മുഴുവന്‍ രാജ്യങ്ങളെയും ഉള്‍ക്കൊള്ളുന്നതായിരിക്കാമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ പ്രതിനിധി കിറില്‍ ദിമിത്രിയേവുമായി വൈറ്റ് ഹൗസില്‍ അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
യുക്രെയ്ന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപ് വൈറ്റ് ഹൗസില്‍ ഒരുക്കിയ ചര്‍ച്ചക്കാണ് ദിമിത്രിയേവ് അവിടെയെത്തിയത്. ഇതിനിടെ അദ്ദേഹവുമായി താന്‍ പ്രത്യേക കൂടിക്കാഴ്ച നടത്തിയതായി ട്രംപ് വെളിപ്പെടുത്തി.
കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് പറഞ്ഞ ട്രംപ്, റഷ്യയുമായി വലിയൊരു കരാറുണ്ടാകുമെന്ന സൂചനയാണ് നല്‍കിയത്. 'ഇത് വളരെ വലിയൊരു കരാറായിരിക്കും. യുക്രെയ്‌നിനപ്പുറത്തേക്കും അതിന്റെ വ്യാപ്തി നീളും. യൂറോപ്പിനെ മുഴുവന്‍ ഉള്‍ക്കൊള്ളുന്നതായും മാറിയേക്കാം. എല്ലാവര്‍ക്കും സന്തോഷം നല്‍കുന്ന വലിയൊരു കരാറായിരിക്കും അത്' എന്ന് ഓവല്‍ ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞു.
അതേസമയം, വ്യാഴാഴ്ച വൈറ്റ് ഹൗസിലെത്തിയ യുക്രെയ്ന്‍ പ്രതിനിധികളുമായി താന്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി.
ട്രംപിന്റെ പ്രസ്താവന യൂറോപ്യന്‍ രാജ്യങ്ങളില്‍ ആശങ്ക വര്‍ധിപ്പിക്കാനിടയുണ്ട്. റഷ്യയുടെ നിലപാടുകളോട് അമേരിക്ക കൂടുതല്‍ അടുക്കുകയാണെന്നും യുക്രെയ്‌ന് അനുകൂലമല്ലാത്ത സമാധാന കരാര്‍ അംഗീകരിക്കാന്‍ സമ്മര്‍ദമുണ്ടാകുമെന്നുമാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ ആശങ്ക. യൂറോപ്പില്‍നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുന്നതിനെക്കുറിച്ച് ട്രംപ് സൂചന നല്‍കിയ സാഹചര്യത്തില്‍ നേറ്റോ അംഗരാജ്യങ്ങളും അമേരിക്കയുടെ നിലപാട് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.
യൂറോപ്പിലെ അമേരിക്കന്‍ സ്വാധീനം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള പുടിന്റെ കടുത്ത ആവശ്യങ്ങള്‍ ട്രംപ് അംഗീകരിച്ചേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.
2025 ജനുവരിയില്‍ അധികാരമേറ്റതിന് പിന്നാലെ 24 മണിക്കൂറിനുള്ളില്‍ യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതിനുശേഷം പലതവണ സമാധാന കരാര്‍ ഉടന്‍ ഉണ്ടാകുമെന്ന സൂചന നല്‍കിയെങ്കിലും അത്തരം നീക്കങ്ങളൊന്നും ഇതുവരെ ഫലം കണ്ടിട്ടില്ല.
ഇതിനിടെ, യുക്രെയ്‌നില്‍ കൂടുതല്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന വെടിനിര്‍ത്തല്‍ വേണമെന്ന് മെലാനിയ ട്രംപ് ആവശ്യപ്പെട്ടു. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം തുടരുന്നതിനിടെ ഇരുരാജ്യങ്ങളിലെയും പ്രതിനിധികളെ പങ്കെടുപ്പിച്ച് വൈറ്റ് ഹൗസില്‍ അസാധാരണമായ കൂടിക്കാഴ്ചയ്ക്കും അവര്‍ വേദിയൊരുക്കി.
യുക്രെയ്‌നിലെ ഒലെഷ്‌കി നഗരത്തില്‍ പ്രഖ്യാപിച്ച ആറു ദിവസത്തെ പ്രാദേശിക വെടിനിര്‍ത്തലും വ്യാഴാഴ്ചത്തെ ചര്‍ച്ചകളും വിപുലമായ സമാധാന കരാറിലേക്കുള്ള വഴിയൊരുക്കുമെന്നാണ് ട്രംപിന്റെ പ്രതീക്ഷ. പട്ടിണി രൂക്ഷമായ പ്രദേശങ്ങളിലൊന്നാണ് ഒലെഷ്‌കി. കഴിഞ്ഞ മാസമാണ് മെലാനിയ ട്രംപിന്റെ ഇടപെടലിനെത്തുടര്‍ന്ന് ഇവിടെ പ്രാദേശിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
