രാജവാഴ്ച തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നേപ്പാളില്‍ പ്രതിഷേധം; രണ്ടുപേര്‍ കൊല്ലപ്പെട്ടു

രാജവാഴ്ച തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നേപ്പാളില്‍ പ്രതിഷേധം; രണ്ടുപേര്‍ കൊല്ലപ്പെട്ടു


കാഠ്മണ്ഡു: രാജവാഴ്ച പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നേപ്പാളില്‍ നടന്ന പ്രതിഷേധങ്ങളില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

2008-ല്‍ നിര്‍ത്തലാക്കപ്പെട്ട ഹിന്ദു രാജവാഴ്ചയിലേക്ക് തിരികെ വരണമെന്നും മതേതര രാഷ്ട്രത്തിന് പകരം ഹിന്ദു രാഷ്ട്രം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് കാഠ്മണ്ഠുവില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ റാലി നടത്തിയത്. ജനാധിപത്യ അനുകൂല, റിപ്പബ്ലിക്കന്‍ ഗ്രൂപ്പുകള്‍ സമാധാനപരമായി പ്രതിഷേധ പ്രകടനവും നടത്തി.

നേപ്പാളിലെ അവസാനത്തെ രാജാവും ഇപ്പോഴും അനുയായികളുമുള്ള ഗ്യാനേന്ദ്ര ഷായുടെ തിരിച്ചുവരവിനാണ് രാജവാഴ്ച അനുകൂല പ്രസ്ഥാനം ആഹ്വാനം ചെയ്യുന്നത്.

നേപ്പാള്‍ തുടര്‍ച്ചയായ രാഷ്ട്രീയ, സാമ്പത്തിക അസ്ഥിരത നേരിടുന്നതിനാല്‍ അടുത്തിടെ രാജവാഴ്ച അനുകൂല പ്രസ്ഥാനത്തിന് പിന്തുണ വര്‍ധിച്ചിരുന്നു. ഇത് സര്‍ക്കാരിന്റെ അതൃപ്തിക്ക് കാരണമാവുകയും ചെയ്തു.

രാജവാഴ്ച അനുകൂലികള്‍ പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിയാന്‍ തുടങ്ങിയതിനെത്തുടര്‍ന്നാണ് പ്രതിഷേധങ്ങള്‍ അക്രമാസക്തമായത്. ജനക്കൂട്ടത്തിനു നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ആകാശത്തേക്ക് റബ്ബര്‍ ബുള്ളറ്റുകളും വെടിയുണ്ടകളും പ്രയോഗിച്ചു.

രാജകീയ പ്രക്ഷോഭകര്‍ വീടുകളും കടകളും നശിപ്പിക്കാനും കെട്ടിടങ്ങള്‍ കത്തിക്കാനും തുടങ്ങിയതോടെ തെരുവുകള്‍ അരാജകത്വത്തിലായി. നിരവധി രാഷ്ട്രീയ പാര്‍ട്ടി ആസ്ഥാനങ്ങള്‍ നശിപ്പിക്കപ്പെട്ടു. ഒരു പ്രമുഖ പത്രത്തിന്റെയും ഒരു ടിവി വാര്‍ത്താ ചാനലിന്റെയും ഓഫീസുകളും നശിപ്പിച്ചു. 

ഇതുവരെ 17 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് വക്താവ് ശേഖര്‍ ഖനാല്‍ പറഞ്ഞു. ''പ്രതിഷേധക്കാര്‍ നിയന്ത്രിത പ്രദേശം കടന്നുപോകാന്‍ ശ്രമിച്ചപ്പോള്‍, പോലീസിന് കണ്ണീര്‍വാതകം പ്രയോഗിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു. ഇതിനെത്തുടര്‍ന്ന്, പ്രതിഷേധക്കാര്‍ നാശനഷ്ടങ്ങളും തീവയ്പ്പും നടത്തി,'' അദ്ദേഹം പറഞ്ഞു.

സംഘര്‍ഷത്തില്‍ ഒരു പ്രതിഷേധക്കാരനും ഒരു കെട്ടിടത്തിന് തീയിട്ടപ്പോള്‍ ഒരു പത്രപ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ടത്. 

തലസ്ഥാനത്തെ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും തെരുവുകളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തു. സുരക്ഷാ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു.

പ്രതിഷേധക്കാര്‍ക്കെതിരെയാണ് പോലീസ് ആദ്യം നടപടിയെടുത്തതെന്ന് രാജകീയ പ്രക്ഷോഭകര്‍ അവകാശപ്പെട്ടു. ''ഇപ്പോള്‍, ഞങ്ങള്‍ രാജവാഴ്ച തിരിച്ചുവരണമെന്ന് ആവശ്യപ്പെടുന്നില്ല, രാജവാഴ്ച സ്ഥാപിക്കുന്നതിനാണ് വാദിക്കുന്നത്,'' പ്രതിഷേധക്കാരില്‍ ഒരാളായ രവി ശ്രേഷ്ഠ പറഞ്ഞു. പ്രക്ഷോഭം പൊലീസ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചതാണ് സ്ഥിതിഗതികള്‍ വഷളായതെന്നും രവി ശ്രേഷ്ഠ പറഞ്ഞു. 

2023ന്് ശേഷമുള്ള ഏറ്റവും വലിയ പ്രതിഷേധമായിരുന്നു ഇത്. ഈ മാസത്തിന്റെ തുടക്കത്തില്‍ ഗ്യാനേന്ദ്രയുടെ തലസ്ഥാനത്തെ വരവ് ആഘോഷിക്കാന്‍ പതിനായിരത്തിലധികം അനുയായികള്‍ കാഠ്മണ്ഡു വിമാനത്താവളത്തില്‍ ഒത്തുകൂടിയിരുന്നു. ഞങ്ങളുടെ രാജാവിനെ തിരികെ കൊണ്ടുവരിക എന്ന മുദ്രാവാക്യമാണ് അവര്‍ മുഴക്കിയത്. 

ജനാധിപത്യ സര്‍ക്കാരുമായി സഹവര്‍ത്തിക്കുന്നതും രാഷ്ട്രീയത്തിന് അതീതമായി രക്ഷാകര്‍തൃ പങ്ക് വഹിക്കുന്നതുമായ ഭരണഘടനാപരമായ രാജവാഴ്ച തിരിച്ചുവരണമെന്ന് പ്രതിഷേധങ്ങള്‍ക്ക് മുമ്പുള്ള  പ്രസ്താവനയില്‍ രാജവാഴ്ച പുനഃസ്ഥാപിക്കുന്നതിനുള്ള കമ്മിറ്റി ഊന്നിപ്പറഞ്ഞു.

നേപ്പാള്‍ രാജാവായ ഗ്യാനേന്ദ്ര വിവാദ വ്യക്തിയാണ്. 

2001ല്‍ അദ്ദേഹത്തിന്റെ കുടുംബത്തിലെ നിരവധി പേരാണ് അവരുടെ വീട്ടില്‍ നടന്ന കൂട്ട വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. തുടര്‍ന്നാണ് അദ്ദേഹം കിരീടധാരണം ചെയ്യപ്പെട്ടത്. തുടക്കത്തില്‍ എക്‌സിക്യൂട്ടീവ് അധികാരങ്ങളൊന്നുമില്ലാതെ ആചാരപരമായ രാഷ്ട്രത്തലവനായി നിന്നെങ്കിലും 2005-ല്‍ അദ്ദേഹം സമ്പൂര്‍ണ്ണ അധികാരം പിടിച്ചെടുക്കുകയും സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രീയക്കാരെ ജയിലിലടക്കുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും രാജ്യം ഭരിക്കാന്‍ സൈന്യത്തെ വിന്യസിക്കുകയും ചെയ്തു.

രാജ്യത്തെ പിടിച്ചുകുലുക്കിയ വന്‍ പ്രതിഷേധങ്ങളെത്തുടര്‍ന്ന് 2006-ല്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന് ഭരണം കൈമാറാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. 2008-ല്‍, രാജവാഴ്ച പൂര്‍ണ്ണമായും നിര്‍ത്തലാക്കാന്‍ പാര്‍ലമെന്റ് വോട്ട് ചെയ്തു.

അതിനുശേഷമുള്ള വര്‍ഷങ്ങളില്‍, നേപ്പാളില്‍ തുടര്‍ച്ചയായ രാഷ്ട്രീയ അസ്ഥിരതയാണ് അനുഭവപ്പെട്ടത്. ദുര്‍ബലമായ സഖ്യ സര്‍ക്കാരുകള്‍ പതിവായതോടെ അധികാരം ഏതാനും മാസങ്ങള്‍ മാത്രമാണ് നീണ്ടുനിന്നത്. ഭരണങ്ങള്‍ അട്ടിമറിക്കപ്പെടുകയോ മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ അഴിമതി ആരോപണങ്ങളില്‍ മുങ്ങുകയോ ചെയ്തതോടെ രാഷ്ട്രീയ വ്യവസ്ഥയോടുള്ള രോഷം ക്രമാനുഗതമായി വര്‍ധിക്കുകയായിരുന്നു. ഇതാണ് രാജവാഴ്ച അനുകൂല പ്രസ്ഥാനം മുതലെടുത്തത്.

2006-ല്‍ രാജവാഴ്ച നിര്‍ത്തലാക്കണമെന്ന് പ്രതിഷേധിച്ചവരില്‍ ഝാപയില്‍ നിന്നുള്ള സുനിത ചുഡലും ഉള്‍പ്പെടുന്നു. ഗ്യാനേന്ദ്രയെ കള്ളനെന്ന് വിളിച്ച് തെരുവുകളില്‍ മുദ്രാവാക്യം വിളിച്ച സുനിത ഇപ്പോള്‍ അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി ആഹ്വാനം ചെയ്യുന്നവരിലൊരാളാണ്. 

രാജാവ് തിരിച്ചുവന്ന് കാര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് താന്‍ വിശ്വസിക്കുന്നതുകൊണ്ടല്ല ഈ പ്രസ്ഥാനത്തില്‍ ചേര്‍ന്നതെന്നും മറിച്ച് രാജ്യത്ത് അഴിമതിയും അധഃപതനവും വര്‍ധിച്ചതും കുട്ടികള്‍ വിദേശത്തേക്ക് കുടിയേറാന്‍ നിര്‍ബന്ധിതരാകുന്നതും കണക്കിലെടുത്താണെന്ന് അവര്‍ പറഞ്ഞു. തെരുവിലിറങ്ങുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലാത്തതിനാല്‍ തനിക്ക് വളരെ നിരാശയുണ്ടെന്നും സുനിത പറഞ്ഞു.