ദോഹ: ആഗോള എണ്ണവിതരണത്തിനും സമുദ്ര ഗതാഗതത്തിനും നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്ക് രാഷ്ട്രീയ സമ്മര്‍ദത്തിനോ സാമ്പത്തിക ഭീഷണിക്കോ ഉപയോഗിക്കരുതെന്ന് ഇറാന് മുന്നറിയിപ്പ് നല്‍കി ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ താനി. ദോഹയില്‍ നടന്ന ഉന്നതതല സുരക്ഷാ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിലൂടെ ആകെ എണ്ണ ഉപഭോഗത്തിന്റെ ഏകദേശം അഞ്ചില്‍ ഒരു ഭാഗമാണ് ദിനംപ്രതി കടന്നുപോകുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ രൂക്ഷമായതോടെ ഈ പാതയുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ശക്തമായിരിക്കുകയാണ്. ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളുടെ ഊര്‍ജവിതരണത്തെയും വ്യാപാരത്തെയും ഇതു ബാധിക്കുന്നതായി വിലയിരുത്തപ്പെടുന്നു.
നാവിഗേഷന്‍ സ്വാതന്ത്ര്യം ചര്‍ച്ചാ ആയുധമല്ലെന്ന് ദോഹയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. സംഭാഷണത്തിനും സംഘര്‍ഷം കുറയ്ക്കുന്നതിനും തങ്ങള്‍ പിന്തുണ നല്‍കുന്നു. എന്നാല്‍ ആഗോള ഊര്‍ജ വിതരണ ശൃംഖലയെ രാഷ്ട്രീയ പരാതികളുടെ പേരില്‍ ബന്ദിയാക്കാന്‍ പാടില്ല. ഹോര്‍മുസ് കടലിടുക്ക് സാമ്പത്തികമോ രാഷ്ട്രീയമോ ആയ ഭീഷണിക്കായി ഉപയോഗിക്കുന്നത് ജി സി സി രാജ്യങ്ങളുടെ കൂട്ടായ സുരക്ഷയെ തകര്‍ക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹോര്‍മുസ് കടലിടുക്കിനെ ആഗോള ഉത്തരവാദിത്തം എന്ന നിലയില്‍ അവതരിപ്പിക്കുന്നതിലൂടെ അന്താരാഷ്ട്ര നിയമങ്ങളുടെ സംരക്ഷകരെന്ന നിലപാടാണ് ഖത്തര്‍ സ്വീകരിക്കുന്നതെന്ന് നയതന്ത്ര വൃത്തങ്ങള്‍ വിലയിരുത്തുന്നു.
ഇറാന്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം പുറത്തുവിട്ടിട്ടില്ല. എന്നാല്‍ പേര്‍ഷ്യന്‍ ഗള്‍ഫിന്റെ സുരക്ഷ പ്രാദേശിക രാജ്യങ്ങളുടെ ഉത്തരവാദിത്തമാണെന്നും വിദേശ നാവിക സേനകളുടെ സാന്നിധ്യമാണ് മേഖലയില്‍ സംഘര്‍ഷം വര്‍ധിപ്പിക്കുന്നതെന്നും ഇറാനിയന്‍ മാധ്യമങ്ങള്‍ പതിവായി വാദിക്കാറുണ്ട്.
എല്ലാ പക്ഷങ്ങളും മുന്‍കൂര്‍ നിബന്ധനകളില്ലാതെ വീണ്ടും ചര്‍ച്ചാ മേശയിലേക്ക് മടങ്ങിയെത്തണമെന്ന് ആവശ്യപ്പെട്ട ഷെയ്ഖ് മുഹമ്മദ്, ഗള്‍ഫ് രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയുടെ ജീവനാഡിയായ വ്യാപാരപാതകള്‍ക്ക് ഏകപക്ഷീയമായ ഭീഷണികള്‍ ഉയര്‍ന്നാല്‍ ഖത്തര്‍ ഇനി മൗനം പാലിക്കില്ലെന്നും വ്യക്തമാക്കി.
