മോസ്‌കോ: വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോയെയും അദ്ദേഹത്തിന്റെ ഭാര്യയെയും പിടികൂടിയെന്ന റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട സാഹചര്യം ഉടന്‍ വ്യക്തമാക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
അമേരിക്കയുടെ ആക്രമണ നടപടികളുടെ ഭാഗമായി വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോയെയും അദ്ദേഹത്തിന്റെ ഭാര്യയെയും ബലമായി രാജ്യത്തിന് പുറത്തേക്ക് മാറ്റിയതായി വരുന്ന റിപ്പോര്‍ട്ടുകള്‍ തങ്ങളെ അതീവ ആശങ്കപ്പെടുത്തുന്നുവെന്നും ഈ സാഹചര്യത്തില്‍ ഉടന്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെടുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.
യഥാര്‍ഥത്തില്‍ ഇത്തരം നടപടികള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് ഒരു സ്വതന്ത്ര രാജ്യത്തിന്റെ പരമാധികാരത്തിലേക്കുള്ള അംഗീകരിക്കാനാവാത്ത കടന്നുകയറ്റമാണെന്നും. രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കുക എന്നത് അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നാണെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, വെനിസ്വേലന്‍ വിദേശകാര്യ മന്ത്രി ഇവാന്‍ ഗില്‍ പിന്റോ, കരാക്കാസിലെ സിവിലിയന്‍- സൈനിക കേന്ദ്രങ്ങളെ അമേരിക്ക ആക്രമിച്ചതായി പറഞ്ഞു. വാഷിങ്ടണിന്റെ നടപടികളെ അദ്ദേഹം സൈനിക ആക്രമണമെന്നായി വിശേഷിപ്പിച്ചു. ഇതിന് പിന്നാലെ വെനിസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
