ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം; ഹമാസ് നേതാവ് സലാഹ് അൽ-ബർദാവിൽ കൊല്ലപ്പെട്ടു

ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം; ഹമാസ് നേതാവ് സലാഹ് അൽ-ബർദാവിൽ കൊല്ലപ്പെട്ടു


റാഫ: തെക്കൻ ഗാസയിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ ഹമാസ്​ പൊളിറ്റിക്കൽ ബ്യൂറോ അംഗം സലാഹ്​ അൽ ബർദാവീൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അൽ-ബർദാവിലും ഭാര്യയും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭാര്യയോടൊപ്പം പ്രാർഥന നിർവഹിക്കുന്നതിനിടെയാണ്​ ആക്രമണമെന്ന്​ ഹമാസ്​ പ്രസ്​താവനയിൽ പറയുന്നു.


അതേസമയം, ശനിയാഴ്ച പുലർച്ചെ മുതൽ വിവിധ പ്രദേശങ്ങളിലായി ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 32 പലസ്തീനികൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. റഫ നഗരത്തിലെ താൽ അൽ-സുൽത്താൻ പരിസരത്ത് ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. വടക്കൻ ഗാസയിലെ ബെയ്റ്റ് ലാഹിൽ മൂന്ന് പലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും മൃതദേഹങ്ങൾ ഗാസ മുനമ്പിന്റെ വടക്കൻ ഭാഗത്തുള്ള ഇന്തോനേഷ്യൻ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ചൊവ്വാഴ്ചയാണ് ഒരിടവേളക്ക് ശേഷം ഇസ്രയേൽ വീണ്ടും ആക്രമണം തുടങ്ങിയത്. ഗാസ സിറ്റിയടക്കമുള്ള വടക്കൻ ഗാസയിൽ വീണ്ടും ഉപരോധമേർപ്പെടുത്തുകയാണെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. പലസ്തീനികളോട് വടക്കൻ ഗാസ വിട്ട് പോകാൻ അറിയിച്ചില്ലെന്നും എന്നാൽ പുറത്ത് നിന്ന് അങ്ങോട്ട് ഇനി ആരെയും കടത്തി വിടില്ലെന്നും ഇസ്രയേൽ സൈന്യം പറഞ്ഞു.