യുഎസ് ആക്രമണം: കാരക്കാസിലെ ഫ്യൂര്‍ട്ടെ ടിയൂന സൈനിക കേന്ദ്രത്തില്‍ വ്യാപക നാശനഷ്ടം; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

യുഎസ് ആക്രമണം: കാരക്കാസിലെ ഫ്യൂര്‍ട്ടെ ടിയൂന സൈനിക കേന്ദ്രത്തില്‍ വ്യാപക നാശനഷ്ടം; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്


കാരക്കാസ്: വെനിസ്വേലയുടെ തലസ്ഥാനമായ കാരക്കാസിലെ പ്രധാന സൈനിക കേന്ദ്രമായ ഫ്യൂര്‍ട്ടെ ടിയൂനയില്‍ യുഎസ് സൈനിക ആക്രമണത്തില്‍ വ്യാപക നാശനഷ്ടം സംഭവിച്ചതായി ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. വാന്റോര്‍ (Vantor) പകര്‍ത്തിയ പുതിയ ഉപഗ്രഹ ദൃശ്യങ്ങള്‍ ബിബിസി വെരിഫൈ വിശകലനം ചെയ്തതോടെയാണ് നാശനഷ്ടങ്ങളുടെ വ്യാപ്തി പുറത്തുവന്നത്.

ഡിസംബര്‍ 22ന് പകര്‍ത്തിയ ചിത്രങ്ങളുമായി ഇന്നത്തെ ദൃശ്യങ്ങള്‍ താരതമ്യം ചെയ്തപ്പോള്‍, സൈനിക സമുച്ചയത്തിനുള്ളിലെ കുറഞ്ഞത് ആറു കെട്ടിടങ്ങള്‍ ഗുരുതരമായി തകര്‍ന്നതായി കണ്ടെത്തി. കേന്ദ്രത്തിന്റെ വടക്കന്‍ ഭാഗത്ത് ചുവന്ന മേല്‍ക്കൂരയുള്ള വലിയൊരു കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നതും, അതിന് തെക്കുവശത്തുള്ള മൂന്ന് ചെറിയ കെട്ടിടങ്ങള്‍ ഏകദേശം പൂര്‍ണമായും തകര്‍ന്ന നിലയിലുമാണ് ചിത്രങ്ങളില്‍ കാണുന്നത്.

അതേസമയം, കേന്ദ്രത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലേക്കുള്ള മറ്റൊരു ദൃശ്യത്തില്‍ രണ്ട് കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും, പ്രദേശത്ത് നിന്ന് കറുത്ത പുക ഉയരുന്നതായും വ്യക്തമാണ്.

വെനിസ്വേലയിലെ ഏറ്റവും വലിയ സൈനിക കേന്ദ്രങ്ങളില്‍ ഒന്നായ ഫ്യൂര്‍ട്ടെ ടിയൂനയില്‍ രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങള്‍ നിയന്ത്രിക്കുന്ന പ്രധാന സൈനിക സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

യുഎസ് സൈന്യം ലക്ഷ്യമിട്ട മറ്റ് പ്രദേശങ്ങളിലെ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി കൂടുതല്‍ ഉപഗ്രഹ ദൃശ്യങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് ബിബിസി വെരിഫൈ അറിയിച്ചു.