ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ട്രംപ് ഈ വർഷം ഇന്ത്യ സന്ദർശിച്ചേക്കും-ഇന്ത്യയിലെ നിയുക്ത യുഎസ് അംബാസഡർ

ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ട്രംപ് ഈ വർഷം ഇന്ത്യ സന്ദർശിച്ചേക്കും-ഇന്ത്യയിലെ നിയുക്ത യുഎസ് അംബാസഡർ


വാഷിംഗ്ടൺ: ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ക്വാഡ് ഉച്ചകോടിക്കായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദർശിച്ചേക്കും. ക്വാഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ ട്രംപ് പൂർണ്ണമായും പ്രതിജ്ഞാബദ്ധനാണെന്നും, സന്ദർശനത്തിന്റെ ചർച്ചകൾ ഇതിനകം നടക്കുന്നുണ്ടെന്നും ട്രംപിന്റെ അനുയായി സെർജിയോ ഗോർ പറഞ്ഞു. ഇന്ത്യയിലെ യുഎസ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട ഗോർ, സന്ദർശനത്തിന്റെ കൃത്യമായ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സെനറ്റ് വിദേശകാര്യ കമ്മിറ്റിയെ അറിയിച്ചു. നവംബറിലെ ക്വാഡ് ഉച്ചകോടിക്കായി ട്രംപിന്റെ ഇന്ത്യൻ സന്ദർശനം റദ്ദാക്കിയതായി ന്യൂയോർക്ക് ടൈംസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ജൂൺ 17 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫോൺ കോളിൽ ട്രംപിനെ ഇന്ത്യയിലേക്ക്  ക്ഷണിച്ചിരുന്നു. ട്രംപ് ക്ഷണം സ്വീകരിച്ചതായി ഇന്ത്യ അറിയിച്ചിരുന്നു.
ഇന്ത്യയും അമേരിക്കയും തീരുവ സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാറായെന്നും, വരും ആഴ്ചകളിൽ ഒരു കരാറിലെത്താൻ കഴിയുമെന്നും ഇന്ത്യയിലെ അമേരിക്കൻ അംബാസഡറാകാനുള്ള സെനറ്റ് ഹിയറിംഗിൽ സംസാരിക്കവെ, ഗോർ നിയമസഭാംഗങ്ങളോട് പറഞ്ഞു. വ്യാപാരത്തെക്കുറിച്ചും റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെക്കുറിച്ചും അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തവും, പ്രധാനപ്പെട്ടതുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ട്രംപ് ഈ വർഷം ആദ്യം ജപ്പാനിലേക്ക് പോയി അവിടുത്തെ പ്രധാനമന്ത്രിയുമായി ഒരു കൂടിക്കാഴ്ച നടത്തിയെന്നും സെർജിയോ പറഞ്ഞു. 'അവരും ക്വാഡിന്റെ ഭാഗമാണ്, നമ്മൾ കെട്ടിപ്പടുക്കേണ്ട പ്രധാന ബന്ധത്തിന് അവർ ഊന്നൽ നൽകിയിട്ടുണ്ട്,' അദ്ദേഹം തുടർന്നു.

ഈ വർഷത്തെ ക്വാഡ് ലീഡേഴ്‌സ് മീറ്റിംഗിൽ അമേരിക്കയിൽ നിന്നും ജപ്പാനിൽ നിന്നുമുള്ള പുതിയ നേതാക്കളെ കാണും. 2024 സെപ്തംബറിൽ അന്നത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് അവസാന ക്വാഡ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചത്.
2024 ൽ ഇന്ത്യ ക്വാഡ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ പ്രസിഡന്റ് ബൈഡന് വിദേശയാത്ര നടത്താൻ കഴിയാത്തതിനാൽ വേദി യുഎസിലേക്ക് മാറ്റി.

യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും 500 സൈനികരുമായി അലാസ്‌കയിൽ ഇരു രാജ്യങ്ങളും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസത്തെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്കും ഗോർ മറുപടി നൽകി.
'താരിഫുകളിൽ ചെറിയൊരു തടസ്സമുണ്ടെങ്കിലും, ഇന്ത്യയുമായുള്ള നമ്മുടെ ബന്ധം വളരെ ശക്തമാണ്; അത് കൂടുതൽ പതിറ്റാണ്ടുകളെ അടിസ്ഥാനമാക്കിയുള്ളതാണ്,' അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ ചൈനയിൽ നിന്നും അകറ്റുകയാണ് തന്റെ പ്രധാനലക്ഷ്യമെന്ന് സെർജിയോ ഗോർ പറഞ്ഞു. ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം ചൈനയുമായുള്ള സൗഹൃദത്തേക്കാൾ ദൃഢമാണെന്ന് അദ്ദേഹം പറഞ്ഞു. ഫോറിൻ റിലേഷൻസ് റിപ്പോർട്ടർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പരാമർശം.

ഇന്ത്യയുടെ ഞങ്ങളുടെ ഭാഗത്തേക്ക് എത്തിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നത്. ഇന്ത്യൻ വിപണി യു.എസ് ക്രൂഡോയിലിനും പെട്രോളിയം ഉൽപന്നങ്ങൾ, എൽ.എൻ.ജി എന്നിവക്കായി തുറന്നു കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളായി ഇന്ത്യൻ സർക്കാറുമായും ജനങ്ങളുമായും ഞങ്ങൾക്ക് ബന്ധമുണ്ട്. ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.