പുട്ടിനുമായുള്ള ചര്‍ച്ചയ്ക്കിടെ ഇയര്‍ഫോണ്‍ ചെവിയിലുറപ്പിക്കാന്‍ പാടുപെട്ട് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്

പുട്ടിനുമായുള്ള ചര്‍ച്ചയ്ക്കിടെ ഇയര്‍ഫോണ്‍ ചെവിയിലുറപ്പിക്കാന്‍ പാടുപെട്ട് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്


മോസ്‌കോ: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന് ഇയര്‍ ഫോണ്‍ എന്നും ഒരു വില്ലനാണ്. മൂന്നു വര്‍ഷം മുന്‍പ്, ഉസ്‌ബെക്കിസ്ഥാനിലെ ചര്‍ച്ചയ്ക്കിടെ ഇയര്‍ഫോണ്‍ ചെവിയില്‍ വയ്ക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന ഷഹബാസിന്റെ വിഡിയോ വൈറലായിരുന്നു. ഇത്തവണ ചൈനയിലെ ടിയാന്‍ജിനില്‍ നടന്ന ഷാങ്ഹായ് സഹകരണ കൂട്ടായ്മയിലെ (എസ്സിഒ) ചര്‍ച്ചയിലാണ് പണി കിട്ടിയത്. റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനുമായിട്ടാരുന്നു ഇത്തവണ ഷഹബാസ് ഷെരീഫിന്റെ ചര്‍ച്ച.

ചര്‍ച്ചകള്‍ക്കായി പുട്ടിനൊപ്പം ഇരിക്കുമ്പോള്‍, ഇയര്‍ഫോണ്‍ ചെവിയില്‍ വയ്ക്കാന്‍ കഴിയാതെ ഷഹബാസ് പ്രയാസപ്പെടുന്നതും, എങ്ങനെ ഇയര്‍ഫോണ്‍ ഉപയോഗിക്കണമെന്ന് പുടിന്‍ കൈകൊണ്ട് ആംഗ്യം കാണിക്കുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇയര്‍ഫോണ്‍ വയ്ക്കാന്‍ ഷഹബാസ് ബുദ്ധിമുട്ടുമ്പോള്‍ പുടിന്‍ ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വേദിയിലുണ്ടായ നാണക്കേടില്‍ നിന്ന് അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്ന പുടിന്‍, എങ്ങനെ ഇയര്‍ഫോണ്‍ വെക്കണമെന്ന് കാണിക്കാന്‍ തന്റെ ഇയര്‍ഫോണ്‍ എടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

2020ല്‍ ഉസ്‌ബെക്കിസ്ഥാനില്‍ നടന്ന ഉച്ചകോടിയില്‍ പുടിനു മുന്നില്‍ വച്ച് അദ്ദേഹത്തിന് ഇതേ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ചര്‍ച്ച തുടങ്ങുന്നതിനു മുന്‍പ് അദ്ദേഹത്തിന്റെ ഇയര്‍ഫോണ്‍ ഊരിപ്പോയി. ഉദ്യോഗസ്ഥര്‍ സഹായിക്കാന്‍ ശ്രമിച്ചിട്ടും ഇയര്‍ഫോണ്‍ പലതവണ ഊരി വീണു. സംഭവം വൈറലായതോടെ പാകിസ്ഥാനിലെ എതിര്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

സിന്ധു നദീജല കരാര്‍ ലംഘിച്ച് പാകിസ്ഥാനിലേക്കുള്ള ജലവിതരണം ഇന്ത്യ നിര്‍ത്തിയാല്‍ 'നിര്‍ണായക പ്രതികരണം' ഉണ്ടാകുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഭീഷണി മുഴക്കിയിരുന്നു. പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറും മുന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയും സമാന ഭീഷണി മുഴക്കിയതിനു പിന്നാലെയായിരുന്നു ഷഹബാസ് ഷെരീഫിന്റെ പ്രസ്താവന.