ചെങ്കടല്‍ തീരത്ത് മുങ്ങിക്കപ്പല്‍ അപകടത്തില്‍ ആറ് റഷ്യന്‍ വിനോദ സഞ്ചാരികള്‍ മരിച്ചു

ചെങ്കടല്‍ തീരത്ത് മുങ്ങിക്കപ്പല്‍ അപകടത്തില്‍ ആറ് റഷ്യന്‍ വിനോദ സഞ്ചാരികള്‍ മരിച്ചു


കെയ്‌റോ: ചെങ്കടല്‍ തീരത്തുള്ള ഹുര്‍ഗദയില്‍ വിനോദ സഞ്ചാര മുങ്ങിക്കപ്പല്‍ അപകടത്തില്‍ ആറു വിനോദസഞ്ചാരികള്‍ മരിച്ചു.മരിച്ചവരെല്ലാം റഷ്യക്കാരാണ. 

ഈജിപ്ത് ടൂറിസത്തിലെ മുഖ്യ ആകര്‍ഷണ കേന്ദ്രമാണ് തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രമായ ഹുര്‍ഗദ. നാല്‍പത്തഞ്ച് വിനോദ സഞ്ചാരികളും അഞ്ച് ഈജിപ്ഷ്യന്‍ ജീവനക്കാരുമാണ് മുങ്ങിക്കപ്പലില്‍ ഉണ്ടായിരുന്നതെന്ന് മേജര്‍ ജനറല്‍ അമര്‍ ഹനാഫി മാധ്യമങ്ങളോട് പറഞ്ഞു.

മരിച്ചവരില്‍ ആറു പേരും റഷ്യക്കാരാണെന്നും രക്ഷപ്പെട്ട മുപ്പത്തൊമ്പതു വിനോദ സഞ്ചാരികളില്‍ 29 പേര്‍ക്ക് പരിക്കേറ്റെന്നും ഇവരെ ആശുപത്രികളിലേയ്ക്ക് കൊണ്ടു പോയെന്നും അദ്ദേഹം പറഞ്ഞു.

രക്ഷപ്പെട്ട വിനോദ സഞ്ചാരികളില്‍ ഇന്ത്യ, നോര്‍വേ, സ്വീഡീഷ് പൗരന്മാരും ഉള്‍പ്പെട്ടിട്ടുണ്ട്. കെയ്‌റോയില്‍ നിന്ന് ഏകദേശം 285 മൈല്‍ തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഹുര്‍ഗദ ചെങ്കടലിലെ പവിഴപ്പുറ്റുകളാല്‍ സമ്പന്നമാണ്. അതു കൊണ്ടു തന്നെ മുങ്ങല്‍ വിദഗ്ധരുടെയും സ്‌നോര്‍ക്കലര്‍മാരുടെയും മറ്റു വിനോദ സഞ്ചാരികളുടെയും പ്രധാന ലക്ഷ്യ സ്ഥാനമാണ്.