ടെഹ്‌റാന്‍: ഇസ്രായേല്‍ ചാരവൃത്തി നേരിടാന്‍ ചുമതലപ്പെടുത്തിയ ഇറാന്‍ രഹസ്യ സേവന വിഭാഗത്തിന്റെ തലവന്‍ ഇസ്രായേലി ചാരനാണെന്ന് ഇറാന്റെ മുന്‍ പ്രസിഡന്റ് മഹമ്മൂദ് അഹമദി നെജാദ്. ഇറാനിലെ ഇസ്രയേലിന്റെ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഉത്തരവാദപ്പെടുത്തിയ രാജ്യത്തെ ഏറ്റവും മുതിര്‍ന്ന വ്യക്തി മൊസാദ് ഏജന്റാണെന്ന് 2021ഓടെ വ്യക്തമായതായി അഹമ്മദി നെജാദ് വെളിപ്പെടുത്തി.
ഇറാനില്‍ സങ്കീര്‍ണ്ണമായ ഓപ്പറേഷനുകള്‍ സംഘടിപ്പിക്കാന്‍ സാധിക്കുന്ന വിധത്തില്‍ ഇസ്രായേലിന് ് എളുപ്പത്തില്‍ വിവരങ്ങള്‍ നേടാനാകുന്ന തരത്തില്‍ ഏജന്റാണെന്ന് സി എന്‍ എന്‍ ടര്‍ക്കിനോട് പറഞ്ഞു. ഇറാനില്‍ അവര്‍ ഇതിനെക്കുറിച്ച് ഇപ്പോഴും നിശബ്ദരാണെന്നും പറഞ്ഞു.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് അഹമ്മദി നെജാദ് അവകാശപ്പെട്ടു. ഇസ്രായേല്‍ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയ ഇറാനിയന്‍ രഹസ്യാന്വേഷണ സംഘത്തിലെ 20 അധിക ഏജന്റുമാരും മൊസാദിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം വിശദമാക്കി.
ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ ഇസ്രായേലിന് നല്‍കുന്നതിന് ഈ ഇരട്ട ഏജന്റുമാരാണ് ഉത്തരവാദികളെന്ന് അഹമ്മദി നെജാദ് പറയുന്നു. 2018-ല്‍ ഇറാനിയന്‍ ആണവ രേഖകള്‍ മോഷ്ടിച്ചതില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നും നിരവധി ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞരെ വധിച്ചതായും അദ്ദേഹം വിശദമാക്കി.
ബെയ്റൂത്തിലെ ആസ്ഥാനത്ത് വ്യോമാക്രമണത്തില്‍ കൊല്ലപ്പെടുന്നതിന് മുമ്പ് ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്റല്ലയുടെ സ്ഥാനത്തെക്കുറിച്ച് ഒരു ഇറാനിയന്‍ ചാരന്‍ ഇസ്രായേലിന് സൂചന നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് നെജാദിന്റെ വെളിപ്പെടുത്തലുകള്‍.
നിലവിലെ ഇറാനിയന്‍ ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനായ അഹമ്മദി നെജാദിന്റെ പരാമര്‍ശങ്ങള്‍ ഇസ്രായേല്‍ ചാരന്മാര്‍ ഇസ്‌ലാമിക് റിപ്പബ്ലിക്കിലെ അധികാരത്തിന്റെ ഉന്നത ശ്രേണിയില്‍ പിടിമുറുക്കിയെന്ന മുന്‍ ഇറാനിയന്‍ രഹസ്യാന്വേഷണ മന്ത്രി അലി യൂനസിയുടെ അവകാശവാദങ്ങളെ ശരിവെക്കുന്നതാണ്.
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ മൊസാദ് പല സര്‍ക്കാര്‍ വകുപ്പുകളിലും നുഴഞ്ഞുകയറിയതായും രാജ്യത്തെ എല്ലാ ഉന്നത ഉദ്യോഗസ്ഥരും അവരുടെ ജീവനെ ഭയപ്പെടുന്ന തരത്തില്‍ മൊസാദിന് ശക്തിയുണ്ടെന്നും 2021ലെ ഒരു അഭിമുഖത്തില്‍ യൂനസി പറഞ്ഞിരുന്നു.
മേഖലയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് അഹമ്മദി നെജാദിന്റെ ആരോപണം. ചൊവ്വാഴ്ച, തെക്കന്‍ ലെബനനില്‍ ഹിസ്ബുല്ലയ്ക്കെതിരെ പരിമിതവും ലക്ഷ്യമിട്ടതുമായ കര ഓപ്പറേഷന്‍ ആരംഭിച്ചതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു, അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ഷെല്ലാക്രമണം തുടരുകയും തലസ്ഥാനമായ ബെയ്റൂത്തില്‍ വ്യോമാക്രമണം നടത്തുകയും ചെയ്തു.
സെപ്തംബര്‍ 23 മുതല്‍ ലെബനനിലെ ഹിസ്ബുല്ല ലക്ഷ്യങ്ങള്‍ക്കെതിരെ ഇസ്രായേല്‍ വ്യാപകമായ വ്യോമാക്രമണമാണ് നടത്തുന്നത്. 960-ലധികം പേര്‍ മരിക്കുകയും 2,770-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.