ബിലാവലിന്റെ വധു യൂറോപ്യന്‍ രാജകുടുംബാംഗമെന്ന അഭ്യൂഹങ്ങള്‍ പിപിപി തള്ളി

ബിലാവലിന്റെ വധു യൂറോപ്യന്‍ രാജകുടുംബാംഗമെന്ന അഭ്യൂഹങ്ങള്‍ പിപിപി തള്ളി


ഇസ്ലാമാബാദ്: പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി യൂറോപ്യന്‍ രാജകുടുംബാംഗത്തെ വിവാഹം കഴിക്കാനൊരുങ്ങുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച അഭ്യൂഹങ്ങള്‍ തള്ളി മുതിര്‍ന്ന പിപിപി നേതാവും കറാച്ചി മേയറുമായ മുര്‍തസ വഹാബ്. പ്രചാരണം തെറ്റായതും അടിസ്ഥാനരഹിതവുമാണ് എന്ന് അദ്ദേഹം വ്യക്തമാക്കി.

പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി സ്വിറ്റ്‌സര്‍ലന്‍ഡിനും ഓസ്ട്രിയയ്ക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന ചെറിയ രാജ്യമായ ലിച്ച്റ്റന്‍സ്‌റ്റൈനിലേക്ക് യാത്ര ചെയ്‌തെന്നും ബിലാവലിന്റെ വിവാഹ തിയ്യതിയും മറ്റ് ഒരുക്കങ്ങളും അന്തിമമാക്കുന്നതിനായാണ് സന്ദര്‍ശനമെന്നുമായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചാരണം. ഓഗസ്റ്റ് 27ന് ആസിഫ് അലി സര്‍ദാരി സ്വകാര്യ സന്ദര്‍ശനത്തിനായി വിദേശത്തേക്ക് പോയി എന്ന് പാകിസ്താന്‍ പ്രസിഡന്‍ഷ്യല്‍ ഓഫീസ് എക്‌സില്‍ പോസ്റ്റ് ചെയ്തതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്.

ഓസ്ട്രിയന്‍ മുന്‍ ആര്‍ച്ച്ഡച്ചസും ഹാബ്‌സ്ബര്‍ഗ്- ലൊറെയ്ന്‍ രാജവംശാംഗവുമായ 26കാരി ഗ്ലോറിയ വോണ്‍ ഹാബ്‌സ്ബര്‍ഗിനെയാണ് ബിലാവലിന്റെ വധുവായി സമൂഹമാധ്യമങ്ങളില്‍ പറയപ്പെട്ടത്. ഓസ്ട്രിയയിലെ ആര്‍ച്ച്ഡ്യൂക്ക് കാറളിന്റെയും ഫ്രാന്‍സെസ്‌ക വോണ്‍ തൈസന്‍- ബോര്‍നെമിസയുടെയും മകളാണ് ഗ്ലോറിയ. ഓസ്ട്രിയയിലെ അവസാന ഭരണാധികാരിയായ ചക്രവര്‍ത്തി കാള്‍ ഒന്നാമന്റെയും ഹംഗറി രാജാവിന്റെയും കൊച്ചുമകളുടെ കൊച്ചുമകളാണ് ഗ്ലോറിയ.

വിവാഹ ഒരുക്കങ്ങള്‍ നടക്കുന്നതായി പാകിസ്താനിലെ ഉര്‍ദു ദിനപത്രമായ ഡെയ്ലി ഔസാഫ് ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പത്രം റിപ്പോര്‍ട്ട് നീക്കം ചെയ്തു.

അതേസമയം, പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ ബിലാവലോ കുടുംബാംഗങ്ങളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.