പ്യോങ്യാങ്: പാശ്ചാത്യവാക്കുകളുടെ ഉപയോഗം രാജ്യത്ത് നിരോധിച്ച് ഉത്തരകൊറിയൻ ഭരണകൂടം. ഹാംബർഗർ, ഐസ്‌ക്രീം, കരോക്കെ എന്നിങ്ങനെയുള്ള വാക്കുകളുടെ ഉപയോഗമാണ് ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ നിരോധിച്ചത്. മറ്റു ചില വാക്കുകൾക്കും നിരോധനമുണ്ട്. പാശ്ചാത്യ വാക്കുകളായത് കൊണ്ടാണ് ഇത്തരം വാക്കുകൾക്ക് കിം ജോങ് ഉൻ നിരോധനം ഏർപ്പെടുത്തിയത് എന്നാണ് പറയുന്നത്.
ഇത്തരം വാക്കുകളുടെ അമിത ഉപയോഗം രാജ്യത്തെ സാംസ്‌കാരിക അധഃപതനത്തിലേക്ക് നയിച്ചുവെന്നാണ് കിം ജോങ് ഉൻ അവകാശപ്പെടുന്നത്.ഹാംബർഗർ എന്ന വാക്ക് ഉപയോഗിക്കുന്നതിനു പകരം ഡാജിൻഗോഗി ഗ്യോപ്പാങ് (മാട്ടിറച്ചി ഇടയിലുള്ള ഇരട്ട ബ്രെഡ്) എന്ന് പറയാൻ നിർദേശിക്കുന്നു. ഐസ്‌ക്രീമിനെ എസ്യുക്കിമോ (എസ്‌കിമോ) എന്ന് പറയണം. അതേസമയം കരോക്കെ മെഷീനുകളെ ഓൺസ്‌ക്രീൻ അകമ്പടി യന്ത്രങ്ങൾ എന്നാണ് പറയേണ്ടത്. പാശ്ചാത്യ വാക്കുകൾ ഒഴിവാക്കി ഉത്തരകൊറിയൻ പദാവലി പ്രോത്സാഹിപ്പിക്കാനുള്ള ബോധപൂർവമുള്ള ശ്രമവും ഭാഷയിലെ സാംസ്‌കാരിക കടന്നുകയറ്റം ഒഴിവാക്കാനും ഉദ്ദേശിച്ചുള്ളതാണ് പുതിയ നിർദേശമെന്ന് ഉത്തരകൊറിയൻ ഉദ്യോഗസ്ഥർ പറയുന്നു.
ഡെയ്‌ലി എൻകെയുടെ റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്ത് പുതുതായി തുറന്ന വോൺസാൻ ബീച്ച് സൈഡ് റിസോർട്ടിൽ ജോലി ചെയ്യുന്ന ടൂർ ഗൈഡുകൾ സന്ദർശകരുമായി ഇടപഴകുമ്പോൾ വിദേശ, ദക്ഷിണ കൊറിയൻ പദാവലി ഒഴിവാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. അംഗീകൃതമായതും ഔദ്യോഗികമായതുമായ പദ പ്രയോഗങ്ങൾക്കായി ടൂർ ഗൈഡുകൾ സർക്കാർ നടത്തുന്ന പരിശീലന പരിപാടികളിലും പങ്കെടുക്കുന്നുണ്ട്.
ഉത്തരകൊറിയയിലെ കർക്കശവും അസാധാരണവുമായ നിയമങ്ങൾ ആഗോള ശ്രദ്ധ ആകർഷിക്കുന്നത് ഇതാദ്യമല്ല. നിയമങ്ങൾ തെറ്റിച്ചാൽ കടുത്ത ശിക്ഷകളാണ് ഭരണകൂടം ഏർപ്പെടുത്തുന്നത്.
വിദേശ സിനിമകളോ ടെലിവിഷൻ ഡ്രാമകളോ കാണുകയോ പങ്കുവെക്കുകയോ ചെയ്യുന്നവർക്ക് ഉത്തരകൊറിയൻ ഭരണകൂടം വധശിക്ഷ പ്രഖ്യാപിച്ചതായി അടുത്തിടെ വാർത്തകളുണ്ടായിരുന്നു. സൗത്ത് കൊറിയൻ ഡ്രാമകൾ കൈവശം വെച്ചതിന്റെ പേരിൽ തന്റെ മൂന്ന് സുഹൃത്തുക്കളെ തൂക്കിലേറ്റിയതായി 2023ൽ ഉത്തരകൊറിയയിൽ നിന്ന് രക്ഷപ്പെട്ട് യുവതി ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. അതിനിടയിലാണ് കടുത്ത വിദേശ ഭാഷാ നിയന്ത്രണവും വരുന്നത്.
ദക്ഷിണ കൊറിയൻ ഡ്രാമകൾ കാണുകയോ വിദേശ സംഗീതം കേൾക്കുകയോ നിരോധിത സിനിമകൾ പങ്കിടുകയോ ചെയ്യുന്നവരെ പിടികൂടിയവർക്ക് കഠിനമായ ശിക്ഷകൾ നൽകിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
2015 മുയൽ ഉത്തരകൊറിയയിൽ ശത്രു രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിക്കുന്നത് കുറ്റകരമാക്കുന്ന കർശന നിയമങ്ങൾ പാസാക്കിയിട്ടുണ്ട്. 2018 മുതൽ അത് കൂടുതൽ കർക്കശമായി. 2020 നു ശേഷം അതിനേക്കാൾ വഷളായി സാഹചര്യങ്ങൾ. ആളുകളെ ഭയപ്പെടുത്താൻ പരസ്യ വിചാരണകളും വധശിക്ഷകളും രാജ്യത്ത് നടന്നതായാണ് റിപ്പോർട്ട്.
ഈ അപകട സാധ്യതകളെ കുറിച്ച് ബോധ്യമുണ്ടായിട്ടും ചിലർ യു.എസ്.ബി സ്റ്റിക്കുകളും റേഡിയോ പ്രക്ഷേപങ്ങളും ഉപയോഗിക്കുന്നതായും റിപ്പോർട്ടുണ്ട്.
ഹാംബർഗർ, ഐസ്‌ക്രീം, കരോക്കെ എന്നീ വാക്കുകളുടെ ഉപയോഗം നിരോധിച്ച് ഉത്തരകൊറിയ
