റായ്പൂര്‍: സായുധ സമരം താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തയ്യാറെന്ന് മാവോയിസ്റ്റുകള്‍. തലയ്ക്ക് ഒരു കോടി രൂപ പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് നേതാവ് ബസവരാജു കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സമാധന നീക്കങ്ങള്‍ക്ക് തയ്യാറാണെന്ന് അറിയിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന ബസവരാജു തന്നെ നേരത്തെ മുന്‍കൈയെടുത്ത് ആരംഭിച്ച സമാധാന ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ട് പോകാന്‍ തയ്യാറാണെന്നാണ് പോസ്റ്റില്‍ പറയുന്നത്.
'പാര്‍ട്ടി ജനറല്‍ സെക്രട്ടറി (പരേതനായ ബസവരാജു) മുന്‍കൈയെടുത്ത് ആരംഭിച്ച സമാധാന ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായി, മാറിയ ആഗോള, ദേശീയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്, രാജ്യത്തിന്റെ പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സായുധ സമരം നിര്‍ത്തലാക്കാന്‍ സഹകരിക്കണം. ആയുധങ്ങള്‍ ഉപേക്ഷിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചതായി അറിയിക്കുന്നു. സായുധ പോരാട്ടത്തിന് താത്കാലിക വിരാമമിടാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഭാവിയില്‍, പൊതു ആവശ്യത്തിനായി പോരാടുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും സംഘടനകളുമായും കഴിയുന്നത്ര തോളോട് തോള്‍ ചേര്‍ന്ന് പോരാടുമെന്ന് ഞങ്ങള്‍ വ്യക്തമാക്കുന്നു' എന്നാണ് പോസ്റ്റ്.
ഈ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്റര്‍നെറ്റിലൂടെയും റേഡിയോ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വാര്‍ത്താ മാധ്യമങ്ങളിലൂടെയും പങ്കിടണമെന്നും പോസ്റ്റില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ വിഷയത്തില്‍ സിപിഐ (മാവോയിസ്റ്റ്) കേന്ദ്രവുമായും സഖാക്കളുമായും നേരിട്ട് ചര്‍ച്ച നടത്തണമെന്നും ഒരു മാസത്തെ സമയം വേണമെന്നും മാവോയിസ്റ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
'ഈ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായോ അദ്ദേഹം നിയമിച്ച വ്യക്തികളുമായോ ഒരു പ്രതിനിധി സംഘവുമായോ സംസാരിക്കാന്‍ ഞങ്ങള്‍ തയാറാണ്. ഞങ്ങളുടെ മാറിയ അഭിപ്രായം പാര്‍ട്ടിയെ അറിയിക്കേണ്ടിവരും. അതിനാല്‍, രാജ്യത്തുടനീളമുള്ള വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ സഖാക്കളുമായും ജയിലിലടയ്ക്കപ്പെട്ടവരുമായും കൂടിയാലോചിക്കാന്‍ ഒരു മാസത്തെ സമയം നല്‍കണമെന്നാണ് കേന്ദ്ര സര്‍ക്കാരിനോടുള്ള ഞങ്ങളുടെ അഭ്യര്‍ഥന. ഈ വിഷയത്തില്‍ സര്‍ക്കാരുമായി വീഡിയോ കോള്‍ വഴി അഭിപ്രായങ്ങള്‍ കൈമാറാന്‍ ഞങ്ങള്‍ തയാറാണ്. അതിനാല്‍, സര്‍ക്കാര്‍ ഉടന്‍ തന്നെ ഒരു മാസത്തേക്ക് ഔപചാരിക 'വെടിനിര്‍ത്തല്‍' പ്രഖ്യാപിച്ച് തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണം' എന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു.
ഓഗസ്റ്റ് 15ാം തീയതി പുറത്തു വന്ന രണ്ട് പേജുള്ള ഈ പ്രസ്താവന മാവോയിസ്റ്റുകളുടെ കേന്ദ്ര കമ്മിറ്റി വക്താവായ അഭയ്‌യുടെ പേരില്‍ പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ സിപിഐ (മാവോയിസ്റ്റ്) ജനറല്‍ സെക്രട്ടറി നമ്പാല കേശവ് റാവു അഥവാ ബസവരാജു കൊല്ലപ്പെട്ടതിന് ഏകദേശം നാല് മാസത്തിന് ശേഷമാണ് ഈ പ്രസ്താവന.
അതേസമയം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റിന്റെ ആധികാരികത പരിശോധിച്ചുവരികയാണെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ അറിയിച്ചു. മാവോയിസ്റ്റുകള്‍ കീഴടങ്ങുകയും പുനരധിവാസ ആനുകൂല്യങ്ങള്‍ നേടുകയും ചെയ്യുക എന്നതാണ് ഏറ്റവും നല്ല മാര്‍ഗം എന്നും ആഭ്യന്തര വകുപ്പ്, ഉപമുഖ്യമന്ത്രി വിജയ് ശര്‍മ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
യുദ്ധസമാനമായ ഒരു സാഹചര്യം ആവശ്യമില്ലാത്തതിനാല്‍ 'വെടിനിര്‍ത്തല്‍' എന്ന പദം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഒരു ജനാധിപത്യ രാജ്യത്ത് ചര്‍ച്ചകള്‍ക്ക് നിബന്ധനകള്‍ പാലിക്കാന്‍ കഴിയില്ല. പക്ഷേ വീണ്ടും അവര്‍ വ്യവസ്ഥകള്‍ വച്ചിരിക്കുകയാണ്. എന്നിരുന്നാലും, പ്രസ്താവന പരിശോധിച്ച ശേഷം, സര്‍ക്കാരിനുള്ളില്‍ ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. സമാധാന ചര്‍ച്ചകള്‍ക്കുള്ള സാധ്യതയെക്കുറിച്ച് സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റിയുടെ പേരില്‍ പുറത്തിറക്കിയ പത്രക്കുറിപ്പ് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ബസ്തര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ സുന്ദര്‍രാജും വ്യക്തമാക്കി.
സായുധ സമരം താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തയ്യാറെന്ന് മാവോയിസ്റ്റുകള്‍; ചര്‍ച്ചയ്ക്കു തയ്യാര്‍
