ന്യൂഡല്‍ഹി: ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ സുപ്രിം കോടതി തള്ളി. വി സി അജികുമാര്‍, അജീഷ് ഗോപി, ഡോ. പി എസ് മഹേന്ദ്രകുമാര്‍ എന്നിങ്ങനെ മൂന്നു പേര്‍ നല്‍കിയ ഹര്‍ജികളാണ് സുപ്രിം കോടതി തള്ളിയത്.
അയ്യപ്പ സംഗമം നടത്താമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടാനില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി. ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് എ എസ് ചന്ദുര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഹൈക്കോടതി നിര്‍ദേശിച്ചിരുന്ന നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിനായിരിക്കുമെന്നും പരാതിയുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രിം കോടതി അറിയിച്ചു.