ഇരിങ്ങാലക്കുട: സഹായം ചോദിച്ചെത്തിയ മുതിര്‍ന്ന പൗരനെ അപമാനിച്ചു വിട്ട കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി 'കലുങ്ക് സഭ'യിലെത്തിയ സ്ത്രീയേയും അവഹേളിച്ചു.
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരിച്ചെടുക്കാനാണ് 'കലുങ്ക് സഭയില്‍' ആനന്ദവല്ലി സഹായം തേടിയത്. അത് മുഖ്യമന്ത്രിയോടു ചോദിക്കണമെന്നു പറഞ്ഞ സുരേഷ് ഗോപി പിന്നാലെ സ്ത്രീയോട് മോശമായ വാക്കുകള്‍ പ്രയോഗിക്കുകയായിരുന്നു. ചേച്ചി അധികം വര്‍ത്തമാനം പറയേണ്ടെന്നും പറഞ്ഞു.
തനിക്കു മുഖ്യമന്ത്രിയെ തിരക്കി പോകാന്‍ പറ്റുമോ എന്ന സ്ത്രീയുടെ ചോദ്യത്തിന് എങ്കില്‍ തന്റെ നെഞ്ചത്തോട്ട് കേറിക്കോ എന്നായിരുന്നു മറുപടി നല്‍കിയത്. ചുറ്റും നിന്ന ബി ജെ പി പ്രവര്‍ത്തകര്‍ ഇതുകേട്ട് സ്ത്രീയെ പരിഹസിക്കുകയായിരുന്നു.
കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ഇ ഡി പിടിച്ചെടുത്ത പണം തിരിച്ച് ബാങ്കിലിട്ട് ഇടപാടുകാര്‍ക്കു തിരിച്ചു കൊടുക്കാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോ? എന്നും ആ പണം സ്വീകരിക്കാന്‍ നിങ്ങളുടെ മുഖ്യമന്ത്രിയോടു പറയൂ എന്നും പറഞ്ഞ സുരേഷ് ഗോപി നിങ്ങളുടെ മന്ത്രി ഇവിടെയല്ലേ താമസിക്കുന്നത്? എന്ന ചോദ്യവും ഉന്നയിച്ചു.
നിങ്ങളും ഞങ്ങളുടെ മന്ത്രിയല്ലേ സര്‍ എന്ന സ്ത്രീയുടെ ചോദ്യത്തിന് അല്ലെന്നും താന്‍ ഈ രാജ്യത്തിന്റെ മന്ത്രിയാണെന്നുമാണ് പറഞ്ഞത്.
കഴിഞ്ഞ ദിവസം വീട് വയ്ക്കാന്‍ സഹായം തേടിയ വയോധികന്റെ നിവേദനം സ്വീകരിക്കാന്‍ തയ്യാറാകാതിരുന്ന സുരേഷ് ഗോപി പാലിക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ നല്‍കാനില്ലെന്ന് ആദ്യം വിശദീകരണം നല്‍കിയെങ്കിലും പിന്നീട് നിവേദനം കൈപ്പറ്റാത്തത് കൈപ്പിഴയാണെന്നു പറയുകയും ചെയ്തു. ചിലര്‍ അതേച്ചൊല്ലി വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ വീണ്ടും തന്റെ സിനിമാ സ്റ്റൈല്‍ പുറത്തെടുക്കുകയായിരുന്നു.