ബെയ്ജിങ്: മദ്യപിച്ച് നിലതെറ്റിയ മക്കൾ റസ്റ്റാറന്റിൽ കാട്ടിക്കൂട്ടിയ അതിക്രമങ്ങൾക്ക് മാതാപിതാക്കൾ 2.2 മില്യൻ യുവാൻ(ഏതാണ്ട് 2.6 കോടി രൂപ)പിഴയടക്കണമെന്ന് ചൈനീസ് കോടതി. മദ്യപിച്ച് ഹോട്ട്‌പോട്ട് റസ്റ്റാറന്റിലെത്തിയ രണ്ട് കൗമാരക്കാർ അവിടെയുണ്ടായിരുന്ന സൂപ്പിന്റെ പാത്രത്തിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ അവർ തന്നെ മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തു. വിഡിയോ സമൂഹ മാധ്യമങ്ങൾ വഴി വൈറലായതോടെ ദേശീയതലത്തിൽ തന്നെ വലിയ പ്രതിഷേധമുയരുകയായിരുന്നു.
17 വയസുള്ള ആൺകുട്ടികളാണ് റസ്റ്റാറന്റിൽ അതിക്രമം കാണിച്ചത്. ചൈയിലെ ഏറ്റവും വലിയ ഹോട്ട്‌പോട്ട് ശൃംഖലയായ ഹൈദിലാവോയുടെ ഷാങ്ഹായ് ഔട്ട്‌ലെറ്റിന്റെ സ്വകാര്യ മുറിയിലെത്തിയ ഇവർ അവിടെ തയാറാക്കി വെച്ചിരുന്ന സൂപ്പിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു. 17കാരൻ ഒരു ടേബിളിൽ കയറി നിന്ന് പാത്രത്തിലേക്ക് മൂത്രമൊഴിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 2025 ഫെബ്രുവരിയിലാണ് സംഭവം നടന്നത്. സംഭവം നടന്ന് നാലുദിവസം കഴിഞ്ഞാണ് അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. മൂത്രം കലർന്ന സൂപ്പ് ആർക്കും വിളമ്പിയിരുന്നില്ല.
ഈ സംഭവത്തിന് ശേഷം സുരക്ഷാ നടപടിയായി ഹൈദിലാവോ പിന്നീട് 4,000ത്തിലധികം ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകി. കൗമാരക്കാർക്കെതിരെ പൊലീസ് കേസും ഫയൽ ചെയ്തു. അതിനിടെ പരസ്യമായി മാപ്പുപറയണമെന്നും 23 ദശലക്ഷം യുവാൻ (ഏകദേശം 27 കോടി രൂപ) നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് മാർച്ചിൽ കമ്പനി ഇവർക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്തു. തുടർന്നാണ് കോടതി പിഴ വിധിച്ചത്.
ഷാങ്ഹായിലെ ഹുവാങ്പു ജില്ലാ പീപ്പിൾസ് കോടതിയാണ് കൗമാരക്കാരുടെ പ്രവൃത്തിയിലൂടെ ഹൈദിലാവോയുടെ സ്വത്തിനും പ്രശസ്തിക്കും കോട്ടംവരുത്തിയെന്നും അതിനാൽ നഷ്ടപരിഹാരം നൽകണമെന്നും വിധിച്ചത്. കുട്ടികളെ ശരിയായ രീതിയിൽ വളർത്താത്തതിന് മാതാപിതാക്കൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഹൈദിലാവോയുടെ ബിസിനസിനും സൽപേരിനും കളങ്കമുണ്ടാക്കിയതിന് 2.4 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും വിധിച്ചു. ഹോട്ടലിലെ മേശ നശിപ്പിച്ചതിനും ശുചീകരത്തിനാദയി 15.4 ലക്ഷം രൂപ കൂടി നൽകണമെന്നും വിധിച്ചിട്ടുണ്ട്. അതോടൊപ്പം കുട്ടികളെ നല്ല രീതിയിൽ വളർത്തുന്നതിൽ പരാജയപ്പെട്ടതിനാൽ കോടതി ചെലവായി മാതാപിതാക്കൾ 8.3 ലക്ഷം രൂപ കൂടി നൽകേണ്ടതുണ്ട്.
കൗമാരക്കാരുടെ മാതാപിതാക്കൾ പരസ്യമായി മാപ്പു പറഞ്ഞതായി ചില മാധ്യമങ്ങളിൽ റിപ്പോർട്ടുണ്ട്. കൗമാരക്കാർ പ്രായപൂർത്തിയാകാത്തവരായതിനാലാണ് അവരുടെ പേരുവിവരങ്ങൾ പുറത്തുവിടാത്തത്. അതിനിടെ, ഉപയോക്താക്കൾക്ക് നഷ്ടപരിഹാരം നൽകാനുള്ള ഹോട്ടൽ അധികൃതരുടെ തീരുമാനത്തെയും കോടതി പ്രശംസിച്ചു.
1994 ൽ സിചുവാനിൽ സ്ഥാപിച്ച ഹൈദിലാവോ ലോകത്തിലെ ഏറ്റവും ജനപ്രിയമായ ചൈനീസ് റെസ്റ്റോറന്റ് ബ്രാൻഡുകളിലൊന്നാണിന്ന്. ചൈനയിൽ 1,360 ലധികം ഔട്ട്‌ലെറ്റുകളും യു.എസ്, യു.കെ, സിംഗപ്പൂർ, ആസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളുൾപ്പെടെ ലോകമെമ്പാടുമായി ഇതിന് 1,400 ലധികം ഔട്ട്‌ലെറ്റുകളുമുണ്ട്.
മദ്യപിച്ച മക്കൾ റസ്റ്റാറന്റിലെ സൂപ്പ് പാത്രത്തിൽ മൂത്രമൊഴിച്ചു; മാതാപിതാക്കൾക്ക് 2.6 കോടി രൂപ പിഴ
