യുക്രെയ്ന്‍ സമാധാനത്തിനുള്ള യുകെ പ്രധാനമന്ത്രിയുടെ പദ്ധതി തള്ളി ട്രംപിന്റെ പ്രത്യേക പ്രതിനിധി

യുക്രെയ്ന്‍ സമാധാനത്തിനുള്ള യുകെ പ്രധാനമന്ത്രിയുടെ പദ്ധതി തള്ളി ട്രംപിന്റെ പ്രത്യേക പ്രതിനിധി


വാഷിംഗ്ടണ്‍: യുക്രെയ്‌നില്‍ വെടിനിര്‍ത്തല്‍ ഒരുക്കുന്നതിന് പിന്തുണ നല്‍കുന്നതിനായി ഒരു അന്താരാഷ്ട്ര സേനയെ സജ്ജമാക്കാനുള്ള യുകെ പ്രധാനമന്ത്രി സര്‍ കെയര്‍ സ്റ്റാര്‍മറിന്റെ പദ്ധതിയെ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് തള്ളി. സ്റ്റാര്‍മറിന്റെ നിര്‍ദ്ദേശം വെറും ആംഗ്യമാത്രമാണെന്ന് സ്റ്റീവ് വിറ്റ്‌കോഫ് പരിഹസിച്ചു.

'നമ്മളെല്ലാവരും വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെപ്പോലെയാകണം' എന്ന് ചിന്തിക്കുന്ന യുകെ പ്രധാനമന്ത്രിയുടെയും മറ്റ് യൂറോപ്യന്‍ നേതാക്കളുടെയും 'ലളിതമായ' ആശയത്തെ അടിസ്ഥാനമാക്കിയാണ് സ്റ്റാര്‍മറിന്റെ ആശയം എന്ന് സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞു.

ട്രംപ് അനുകൂല പത്രപ്രവര്‍ത്തകന്‍ ടക്കര്‍ കാള്‍സണുമായുള്ള ഒരു അഭിമുഖത്തില്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനെ വിറ്റ്‌കോഫ് ഏറെ പുകഴ്ത്തുകയും ചെയ്തു. പുട്ടിനെ തനിക്ക് വളരെയേറ ഇഷ്ടപ്പെട്ടു എന്നാണ് വിറ്റ്‌കോഫ് പറഞ്ഞത്.

'ഞാന്‍ പുടിനെ ഒരു മോശം വ്യക്തിയായി കണക്കാക്കുന്നില്ല, അദ്ദേഹം വളരെയേറ മിടുക്കനാണ്.' വിറ്റ്‌കോഫ് പറഞ്ഞു.

പത്ത് ദിവസം മുമ്പ് പുടിനെ കണ്ടുമുട്ടിയ വിറ്റ്‌കോഫ്, റഷ്യന്‍ പ്രസിഡന്റ് 'ദയയുള്ളവനും' അദ്ദേഹവുമായി 'നേരിട്ടു' ഇടപഴകാന്‍ കഴിഞ്ഞുവെന്നും പറഞ്ഞു. കഴിഞ്ഞ വര്‍ഷം ട്രംപിനെതിരെ നടന്ന ഒരു വധശ്രമത്തിന് ശേഷം താന്‍ അദ്ദേഹത്തിനായി പ്രാര്‍ത്ഥിച്ചതായി പുടിന്‍ തന്നോടു പറഞ്ഞെന്ന് വിറ്റ്‌കോഫ് വെളിപ്പെടുത്തി. പുടിന്‍ യുഎസ് പ്രസിഡന്റിന്റെ ഒരു ഛായാചിത്രം ഒരു സമ്മാനമായി കമ്മീഷന്‍ ചെയ്തത് ട്രംപിനെ വ്യക്തമായി സ്വാധീനിച്ചു എന്നും വിറ്റകോഫ് പറഞ്ഞു.

അഭിമുഖത്തിനിടെ, ലോകം അധിനിവേശ ഉക്രേനിയന്‍ പ്രദേശം റഷ്യയുടേതായി ലോകം അംഗീകരിക്കുമോ എന്ന് ചോദിച്ചപ്പോള്‍ ഉക്രെയ്ന്‍ 'ഒരു വ്യാജ രാജ്യം' ആണെന്നത് ഉള്‍പ്പെടെയുള്ള വിവിധ റഷ്യന്‍ വാദങ്ങള്‍ വിറ്റ്‌കോഫ് ആവര്‍ത്തിച്ചു.

റഷ്യയുമായും യുക്രെയ്‌നുമായും യുഎസ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വ നല്‍കുന്നത് വിറ്റ്‌കോഫ് ആണ്. എന്നാല്‍ റഷ്യന്‍ സൈന്യം പിടിച്ചടക്കിയതോ ഭാഗികമായി കൈവശപ്പെടുത്തിയതോ ആയ യുക്രെയ്‌നിലെ അഞ്ച് പ്രദേശങ്ങളുടെ പേര് ഏതൊക്കെയാണെന്ന് പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഡോണ്‍ബാസ്, ക്രിമിയ എന്നീ പേരുകള്‍മാത്രമാണ് വിറ്റ്‌കോഫ് പറഞ്ഞത്. ബാക്കി പേരുകള്‍ നിങ്ങള്‍ക്ക് അറിയാം എന്നുമാത്രം അദ്ദേഹം പറഞ്ഞു.

 ലുഹാന്‍സ്‌ക്, ഡൊനെറ്റ്‌സ്‌ക്, സപോരിഷ്ഷിയ, കെര്‍സണ്‍, ക്രിമിയ എന്നിവയാണ് റഷ്യ പിടിച്ചടക്കിയ അഞ്ച് പ്രദേശങ്ങള്‍  അഥവാ ഒബ്ലാസ്റ്റുകള്‍.  കിഴക്കന്‍ ഭാഗത്തുള്ള ഒരു വ്യാവസായിക മേഖലയെയാണ് ഡോണ്‍ബാസ് സൂചിപ്പിക്കുന്നത്, അതില്‍ ലുഹാന്‍സ്‌കിന്റെയും ഡൊനെറ്റ്‌സ്‌കിന്റെയും ഭൂരിഭാഗവും ഉള്‍പ്പെടുന്നു.

സത്യമല്ലാത്തതോ തര്‍ക്കമുള്ളതോ ആയ നിരവധി വാദങ്ങള്‍ വിറ്റ്‌കോഫ് നടത്തി:

കുര്‍സ്‌കിനെ യുക്രേനിയന്‍ സൈന്യം വളഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.  ഈ ആരോപണം യുക്രെയ്ന്‍ സര്‍ക്കാര്‍ നിഷേധിച്ചിട്ടുള്ളതും ഏതെങ്കിലും ഓപ്പണ്‍ സോഴ്‌സ് ഡേറ്റ സ്ഥിരീകരിക്കാത്തതുമാണ്. യുക്രെയ്‌നിലെ ഭാഗികമായി അധിനിവേശം ചെയ്ത നാല് പ്രദേശങ്ങളില്‍ 'റഷ്യന്‍ ഭരണത്തിന്‍ കീഴിലാകാന്‍ ആഗ്രഹിക്കുന്നുവെന്ന് ബഹുഭൂരിപക്ഷം ജനങ്ങളും സൂചിപ്പിച്ച റഫറണ്ടങ്ങള്‍' നടന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ വ്യത്യസ്ത സമയങ്ങളില്‍ യുക്രെയ്‌നിന്റെ ചില അധിനിവേശ ഭാഗങ്ങളില്‍ മാത്രമേ റഫറണ്ടങ്ങള്‍ നടന്നിട്ടുള്ളൂ. അവ നടത്തിയ രീതിയെക്കുറിച്ചും അവയുടെ ഫലങ്ങളെക്കുറിച്ചും വ്യാപകമായി തര്‍ക്കങ്ങള്‍ ഉയര്‍ന്നിരുന്നു. ഭാഗികമായി അധിനിവേശം ചെയ്ത നാല് ഒബ്ലാസ്റ്റുകള്‍(പ്രദേശങ്ങള്‍) റഷ്യന്‍ ഭാഷ സംസാരിക്കുന്നവയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ യുക്രെയ്‌നില്‍ റഷ്യന്‍ ഭാഷ സംസാരിക്കുന്ന നിരവധി ഭാഗങ്ങളുണ്ടെങ്കിലും ഇവ ഒരിക്കലും റഷ്യയ്ക്കുള്ള പിന്തുണ സൂചിപ്പിച്ചിട്ടില്ല.