വാഷിംഗ്ടണ്‍: അമേരിക്കന്‍ സുരക്ഷയ്ക്കുള്ള ഭീഷണികള്‍ ചൂണ്ടിക്കാട്ടി മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച യാത്രാനിരോധനം കൂടുതല്‍ കടുപ്പിച്ച് അഞ്ച് രാജ്യങ്ങളെ കൂടി പൂര്‍ണ വിലക്ക് പട്ടികയില്‍ ഉള്‍പ്പെടുത്തി. ബുര്‍ക്കിന ഫാസോ, മാലി, നൈജര്‍, സൗത്ത് സുഡാന്‍, സിറിയ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും പാലസ്തീന്‍ അതോറിറ്റി പുറത്തിറക്കിയ യാത്രാ രേഖകള്‍ കൈവശമുള്ളവര്‍ക്കുമാണ് ഇനി യുഎസിലേക്കുള്ള പ്രവേശനം പൂര്‍ണമായി നിരോധിച്ചത്. ഇതിന് പുറമേ, ലാവോസ്, സിയറ ലിയോണി എന്നീ രാജ്യങ്ങള്‍ക്ക് നേരത്തെ നിലവിലുണ്ടായിരുന്ന ഭാഗിക നിയന്ത്രണങ്ങള്‍ പൂര്‍ണ വിലക്കാക്കി വ്യാപിപ്പിച്ചതായും വൈറ്റ് ഹൗസ് അറിയിച്ചു.
അംഗോള, ആന്റിഗ്വാ ആന്‍ഡ് ബാര്‍ബുഡ, ബെനിന്‍, കോറ്റ് ദിവ്വാര്‍, ഡൊമിനിക്ക, ഗാബണ്‍, ഗാംബിയ, മലാവി, മൗറിറ്റാനിയ, നൈജീരിയ, സെനഗല്‍, ടാന്‍സാനിയ, ടോംഗ, സാംബിയ, സിംബാബ്‌വേ എന്നീ 15 രാജ്യങ്ങള്‍ക്ക് യുഎസിലേക്കുള്ള യാത്രയില്‍ ഭാഗിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. വിസ അനുവദിക്കുന്നതില്‍ കൂടുതല്‍ പരിശോധനയും നിയന്ത്രണങ്ങളും ഇതോടെ ബാധകമാകും.
വിദേശ പൗരന്മാരുടെ പശ്ചാത്തലം പരിശോധിക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാകാത്തതും, പല രാജ്യങ്ങളിലും സിവില്‍ രേഖകള്‍ വിശ്വസനീയമല്ലാത്തതും, അഴിമതിയും വ്യാജ രേഖകളും വ്യാപകമായിരിക്കുന്നതുമാണ് കര്‍ശന നടപടികള്‍ക്ക് കാരണമെന്നു പ്രസിഡന്റ് പ്രഖ്യപനത്തില്‍ പറയുന്നു. ചില രാജ്യങ്ങള്‍ നിയമപ്രവര്‍ത്തന വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ വിസമ്മതിക്കുന്നതും, തിരിച്ചറിയല്‍ മറച്ചുവയ്ക്കാന്‍ സഹായിക്കുന്ന 'സിറ്റിസണ്‍ഷിപ്പ് ബൈ ഇന്‍വെസ്റ്റ്‌മെന്റ്' പദ്ധതികള്‍ അനുവദിക്കുന്നതുമാണ് സുരക്ഷാ വിലയിരുത്തല്‍ ബുദ്ധിമുട്ടാക്കുന്നതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
കുടുംബബന്ധത്തിന്റെ പേരില്‍ അനുവദിക്കുന്ന ചില കുടിയേറ്റ വിസ ഇളവുകളും ട്രംപ് ഭരണകൂടം ചുരുക്കി. തട്ടിപ്പ് സാധ്യത കൂടുതലുള്ള വിഭാഗങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്; എന്നാല്‍ ഓരോ കേസും പ്രത്യേകം പരിഗണിച്ച് ഇളവുകള്‍ അനുവദിക്കാനുള്ള വ്യവസ്ഥ നിലനിര്‍ത്തുമെന്നും അധികൃതര്‍ അറിയിച്ചു.
ജൂണില്‍ അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, ചാഡ്, കോണ്‍ഗോ റിപ്പബ്ലിക്, ഇക്വറ്റോറിയല്‍ ഗിനിയ, എറിത്രിയ, ഹൈതി, ഇറാന്‍, ലിബിയ, സോമാലിയ, സുഡാന്‍, യെമന്‍ എന്നീ 12 രാജ്യങ്ങള്‍ക്കാണ് യുഎസ് പ്രവേശന വിലക്ക് ട്രംപ് പ്രഖ്യാപിച്ചത്. തുടര്‍ന്ന് ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോണി, ടോഗോ, തുര്‍ക്ക്‌മെനിസ്ഥാന്‍, വെനിസ്വേല എന്നീ രാജ്യങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ശക്തമാക്കി.
ഇപ്പോള്‍ എടുത്ത തീരുമാനം താങ്ക്‌സ്ഗിവിംഗ് അവധി ദിവസങ്ങളില്‍ വാഷിംഗ്ടണില്‍ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ടും ശ്രദ്ധേയമാണ്. സംഭവത്തില്‍ അറസ്റ്റിലായ അഫ്ഗാന്‍ പൗരന്‍ റഹ്മാനുല്ല ലാക്കന്‍വാല്‍, മുന്‍ ബൈഡന്‍ ഭരണകാലത്തെ 'ഓപ്പറേഷന്‍ അലൈസ് വെല്‍ക്കം' പദ്ധതിയിലൂടെ മതിയായ പരിശോധനയില്ലാതെ യുഎസിലെത്തിയവരിലൊരാളാണെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോം ആരോപിച്ചിരുന്നു. വെടിവെപ്പില്‍ യുഎസ് ആര്‍മി സ്‌പെഷലിസ്റ്റ് സാറ ബെക്‌സ്‌ട്രോം കൊല്ലപ്പെടുകയും, എയര്‍ഫോഴ്‌സ് സ്റ്റാഫ് സര്‍ജന്റ് ആന്‍ഡ്രൂ വുള്‍ഫ് പരുക്കേറ്റ് ചികിത്സയില്‍ തുടരുകയും ചെയ്യുകയാണ്.
സുരക്ഷാ ആശങ്ക ചൂണ്ടിക്കാട്ടി ട്രംപ് യാത്രാനിരോധനം കടുപ്പിക്കുന്നു; അഞ്ച് രാജ്യങ്ങള്‍ കൂടി പൂര്‍ണ വിലക്ക് പട്ടികയില്‍
