വാഷിംഗ്ടണ്‍: യുഎസ് സൈന്യം പിടികൂടിയ വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ ചിത്രം പുറത്തുവിട്ട് പ്രസിഡന്റ് ട്രംപ്. കൈകള്‍ കെട്ടപ്പെട്ട മഡൂറോ കണ്ണുകള്‍ പൂര്‍ണമായി മൂടുന്ന കറുത്ത കണ്ണടവെച്ച് യുഎസ് യുദ്ധക്കപ്പലില്‍ ഇരിക്കുന്ന ചിത്രമാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. ശനിയാഴ്ച നടന്ന അതീവ രഹസ്യമായ സൈനിക നീക്കത്തിനൊടുവിലാണ് മഡൂറോ യുഎസ് കസ്റ്റഡിയിലായത്.
ചാരനിറത്തിലുള്ള സ്വെറ്റ്ഷര്‍ട്ടും ട്രാക്ക് പാന്റും ധരിച്ച നിലയില്‍, വലിയ ഹെഡ്‌ഫോണ്‍ ധരിച്ച് കൈയില്‍ വെള്ളക്കുപ്പി പിടിച്ചിരിക്കുന്ന മഡൂറോയുടെ ചിത്രമാണ് ട്രംപ് പങ്കുവച്ചത്. വെനിസ്വേലയിലെ സുരക്ഷിതമായ അധികാരമാറ്റം സാധ്യമാകുന്നതുവരെ രാജ്യം യുഎസ് 'നടത്തുമെന്ന്' ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതോടൊപ്പം, യുഎസ് എണ്ണക്കമ്പനികള്‍ക്ക് വെനിസ്വേലയുടെ വന്‍ ക്രൂഡ് എണ്ണശേഖരം ഉപയോഗിക്കാന്‍ അനുമതി നല്‍കുമെന്നും ട്രംപ് അറിയിച്ചു.
2019 മുതല്‍ യുഎസ് എണ്ണ ഉപരോധം നേരിടുന്ന വെനിസ്വേല ഏകദേശം 10 ലക്ഷം ബാരല്‍ ക്രൂഡ് എണ്ണ ഉല്‍പാദിപ്പിക്കുന്ന രാജ്യമാണ്. മയക്കുമരുന്ന് ഭീകരവാദം, മനുഷ്യക്കടത്ത്, കൊലപാതകം, അപഹരണം എന്നിവയ്ക്കായി എണ്ണവരുമാനം ഉപയോഗിക്കുന്നുവെന്നാരോപിച്ചാണ് ട്രംപ് മഡൂറോ സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമാക്കിയത്.
വെനിസ്വേലയുടെ തലസ്ഥാനമായ കാരക്കാസില്‍ രാത്രിയില്‍ നടന്ന സൈനിക നടപടിക്ക് മാസങ്ങളായുള്ള പദ്ധതിയിടലും പരിശീലനവുമുണ്ടായിരുന്നുവെന്ന് യുഎസ് സംയുക്ത സൈനിക മേധാവി ജനറല്‍ ഡാന്‍ കേയിന്‍ വ്യക്തമാക്കി. പടിഞ്ഞാറന്‍ അര്‍ധഗോളത്തിലുടനീളം 150ലധികം വിമാനങ്ങള്‍ പങ്കെടുത്ത അതീവ സങ്കീര്‍ണമായ ദൗത്യമായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.
മഡൂറോയും ഭാര്യ സിലിയ ഫ്‌ളോറസും കീഴടങ്ങിയതായും, യുഎസ് നീതിന്യായ വകുപ്പിന്റെ കസ്റ്റഡിയിലായതായും ജനറല്‍ കേയിന്‍ അറിയിച്ചു. 'ഒരു യുഎസ് സൈനികനും ജീവഹാനിയുണ്ടായില്ല' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ചില സൈനികര്‍ക്ക് പരുക്കേറ്റതായി ട്രംപ് പിന്നീട് സ്ഥിരീകരിച്ചു.
യുഎസ് പിന്തുണയുള്ള പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ, 'സ്വാതന്ത്ര്യത്തിന്റെ നിമിഷം എത്തിയിരിക്കുന്നു' എന്ന് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. 2024 തിരഞ്ഞെടുപ്പിലെ പ്രതിപക്ഷ സ്ഥാനാര്‍ഥി എഡ്മുണ്ടോ ഗോണ്‍സാലസ് ഉറൂട്ടിയ ഉടന്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അതേസമയം, യുഎസിന്റെ നടപടിയെ വെനിസ്വേല സര്‍ക്കാര്‍ 'ഗുരുതരമായ സൈനിക ആക്രമണം' എന്ന് വിശേഷിപ്പിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റഷ്യയും ഇറാനും ശക്തമായി പ്രതിഷേധിച്ചപ്പോള്‍, ഫ്രാന്‍സും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടെയുള്ള യുഎസ് സഖ്യരാജ്യങ്ങളും യുഎസ് നടപടിയില്‍ ആശങ്ക രേഖപ്പെടുത്തി.
ട്രംപിന്റെ രണ്ടാം കാലാവധിയിലെ വിദേശനയത്തിലെ നിര്‍ണായക നീക്കമായാണ് മഡൂറോയെ പുറത്താക്കിയ സൈനിക നടപടി വിലയിരുത്തപ്പെടുന്നത്. അമേരിക്കയെ യുദ്ധങ്ങളില്‍ നിന്ന് അകറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, സൈനിക ശക്തി പ്രദര്‍ശിപ്പിക്കാന്‍ ട്രംപ് മടിക്കുന്നില്ലെന്ന വിലയിരുത്തലും ശക്തമാണ്.
യുഎസ് യുദ്ധക്കപ്പലില്‍ കൈക്കെട്ടിയ വെനിസ്വേലന്‍ പ്രസിഡന്റിന്റെ ചിത്രം പുറത്തുവിട്ട് ട്രംപ്
