ഇന്ത്യക്കും സ്വിറ്റ്‌സര്‍ലന്‍ഡിനും തീരുവ കുറയ്ക്കല്‍ പരിഗണനയിലെന്ന് ട്രംപ്

ഇന്ത്യക്കും സ്വിറ്റ്‌സര്‍ലന്‍ഡിനും തീരുവ കുറയ്ക്കല്‍ പരിഗണനയിലെന്ന് ട്രംപ്


വാഷിംഗ്ടണ്‍:  ഇന്ത്യയുടെയും സ്വിറ്റ്‌സര്‍ലന്‍ഡിന്റെയും ഇറക്കുമതികളില്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന തീരുവ കുറയ്ക്കാന്‍ ആലോചിക്കുന്നതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഓവല്‍ ഓഫിസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് ട്രംപ് ഈ നിലപാട് വ്യക്തമാക്കിയത്.

'ഇന്ത്യയുമായും സ്വിറ്റ്‌സര്‍ലന്‍ഡുമായും ഞങ്ങള്‍ നല്ല ബന്ധമാണ് പുലര്‍ത്തുന്നത്. ഇരുരാജ്യങ്ങളുടെയും തീരുവകള്‍ കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്', ട്രംപ് പറഞ്ഞു.

ഓഗസ്റ്റില്‍ ട്രംപ് ഭരണകൂടം സ്വിറ്റ്‌സര്‍ലന്‍ഡ് ഇറക്കുമതികള്‍ക്ക് 39 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം, ഇന്ത്യയിലെ ചില ഉല്‍പ്പന്നങ്ങള്‍ക്കും 50 ശതമാനം വരെ വര്‍ധന നടപ്പിലാക്കിയിരുന്നു. തീരുവ കുറക്കാനുള്ള പുതിയ തീരുമാനം ഈ രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം പുനഃസ്ഥാപിക്കാനുള്ള നീക്കമായി കണക്കാക്കപ്പെടുന്നു.

ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം, അമേരിക്കയും സ്വിറ്റ്‌സര്‍ലന്‍ഡും തമ്മില്‍ തീരുവ 15 ശതമാനമായി കുറയ്ക്കാനുള്ള ധാരണയിലേക്ക് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലാണ്.

'ഇവിടെ ലക്ഷ്യം അമേരിക്കന്‍ വിപണി സംരക്ഷിക്കുന്നതോടൊപ്പം, നല്ല കൂട്ടുകാര്‍ക്കൊപ്പം നീതിയുള്ള വ്യാപാരബന്ധം ഉറപ്പാക്കുകയാണ്.'- ട്രംപ് വ്യക്തമാക്കി.

സ്വിറ്റ്‌സര്‍ലന്‍ഡിനും ഇന്ത്യയ്ക്കും പ്രധാന കയറ്റുമതി വിപണിയാണ് അമേരിക്ക. വാച്ച്, മെഷീന്‍ ടൂള്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ടെക്‌സ്‌റ്റൈല്‍സ് തുടങ്ങിയ മേഖലകളിലാണ് ഇരു രാജ്യങ്ങളും വലിയ പങ്ക് വഹിക്കുന്നത്.