അധികാരമാറ്റം സാധ്യമാകും വരെ വെനസ്വേല യു എസിന് കീഴിലെന്ന് ട്രംപ്

അധികാരമാറ്റം സാധ്യമാകും വരെ വെനസ്വേല യു എസിന് കീഴിലെന്ന് ട്രംപ്


വാഷിങ്ടണ്‍: സുരക്ഷിതവും യുക്തിസഹവും ക്രമബദ്ധവുമായ അധികാരമാറ്റം സാധ്യമാകുന്നത് വരെ വെനിസ്വേലയെ അമേരിക്ക കൈകാര്യം ചെയ്യുമെന്ന് മാക എ ലാഗോ വസതിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  പറഞ്ഞു.

വെനിസ്വേലയിലെ എണ്ണ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ അമേരിക്കന്‍ എണ്ണക്കമ്പനികള്‍ ബില്ല്യണ്‍ കണക്കിന് ഡോളര്‍ നിക്ഷേപിക്കുമെന്ന് ട്രംപ് പറഞ്ഞു. 

അമേരിക്കന്‍ സൈന്യവും നിയമപ്രവര്‍ത്തന ഏജന്‍സികളും ചേര്‍ന്ന് നടത്തിയ സൈനിക നടപടിയില്‍ മദുറോയെയും അദ്ദേഹത്തിന്റെ ഭാര്യ സിലിയ ഫ്‌ളോറസിനെയും പിടികൂടി യു എസ് നാവികസേനയുടെ യു എസ് എസ് ഐവോ ജിമ കപ്പലില്‍ രാജ്യത്തിന് പുറത്തേക്ക് മാറ്റിയതായും ട്രംപ് അറിയിച്ചു.

എണ്ണ സമ്പന്നമായ ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനിസ്വേലയുടെ തലസ്ഥാനമായ കരാക്കാസില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടായതിന് മണിക്കൂറുകള്‍ക്കു ശേഷമാണ് ഈ പ്രഖ്യാപനം ഉണ്ടായത്. മിരാണ്ട, അരാഗ്വ, ലാ ഗൈ്വറ എന്നീ തീരദേശ സംസ്ഥാനങ്ങളും ആക്രമണത്തിനിരയായതായി വെനിസ്വേലന്‍ സര്‍ക്കാര്‍ അറിയിച്ചു.

ന്യൂയോര്‍ക്കില്‍ മദുറോയെയും ഫസ്റ്റ് ലേഡി സിലിയ ഫ്‌ളോറസിനെതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്ന് അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി പറഞ്ഞു. മദുറോയുടെ മകനും മറ്റ് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ നാല് പേരെ കൂടി മയക്കുമരുന്ന്- ആയുധക്കുറ്റങ്ങള്‍ ചുമത്തി കുറ്റപത്രത്തില്‍ പ്രതിചേര്‍ത്തിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

മദുറോയെ പിടികൂടിയ റെയ്ഡ് പ്രത്യേക സൈനിക വിഭാഗങ്ങള്‍ നയിച്ചതായും ഒസാമ ബിന്‍ ലാദനെ വധിച്ച ഓപ്പറേഷനില്‍ പങ്കെടുത്ത യൂണിറ്റും ഇതില്‍ ഉള്‍പ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്, എന്നാല്‍ അമേരിക്കന്‍ ഭാഗത്ത് ആരും കൊല്ലപ്പെട്ടിട്ടില്ല എന്നാണ് ട്രംപ് ഫോക്‌സ് ആന്റ് ഫ്രണ്ട്‌സ് പരിപാടിയോട് പറഞ്ഞത്.

ഇത് സാമ്രാജ്യത്വ ആക്രമണമാണെന്ന് ആരോപിച്ച് വെനിസ്വേല സര്‍ക്കാര്‍ രാജ്യത്തെ എല്ലാ രാഷ്ട്രീയ- സാമൂഹിക ശക്തികളെയും സജ്ജമാക്കാന്‍ പൊതുമൊബിലൈസേഷന്‍ പ്രഖ്യാപിച്ചു.

പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ മദുറോയെ അധികാരത്തില്‍ നിന്ന് നീക്കിയ അമേരിക്കന്‍ നടപടിയെ അഭിനന്ദിച്ചു. 2024 ജൂലൈയില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ വെനിസ്വേലന്‍ സൈന്യം മാനിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

നിക്കോളാസ് മദുറോയെ പിടികൂടിയ അമേരിക്കന്‍ സൈനിക നടപടി അമേരിക്കന്‍ പരമാധികാരത്തെ ഭീഷണിപ്പെടുത്തുന്നവര്‍ക്ക് മുന്നറിയിപ്പായി പ്രവര്‍ത്തിക്കണമെന്ന് ട്രംപ് പറഞ്ഞു.

അമേരിക്കന്‍ പരമാധികാരത്തെയോ അമേരിക്കന്‍ ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്നവര്‍ക്കോ ഇത് ശക്തമായ മുന്നറിയിപ്പായിരിക്കണമെന്ന് അദ്ദേഹം ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

മദുറോയെ പുറത്താക്കാനുള്ള തന്റെ തീരുമാനത്തിന് അടിസ്ഥാനം, പാശ്ചാത്യ അര്‍ധഗോളത്തില്‍ അമേരിക്കയുടെ നേതൃത്വത്തെ ഉറപ്പിച്ച 200 വര്‍ഷം പഴക്കമുള്ള 'മണ്‍റോ സിദ്ധാന്തം' ആണെന്നും ട്രംപ് പറഞ്ഞു.

തങ്ങളത് ഏറെ അതിജീവിച്ചുവെന്നും ഇപ്പോള്‍ അതിനെ 'ഡോണ്‍റോ ഡോക്ട്രിന്‍' എന്നാണ് വിളിക്കുന്നതെന്നും പറഞ്ഞ ട്രംപ് പാശ്ചാത്യ അര്‍ധഗോളത്തില്‍ അമേരിക്കന്‍ ആധിപത്യം ഇനി ഒരിക്കലും ചോദ്യം ചെയ്യപ്പെടില്ലെന്നും വ്യക്തമാക്കി.

വെനിസ്വേലയിലെ എണ്ണ വ്യവസായം വളരെക്കാലമായി പൂര്‍ണ പരാജയമാണെന്ന് ട്രംപ് പറഞ്ഞു. അവര്‍ക്ക് സാധ്യമായിരുന്നതിനെ അപേക്ഷിച്ച് വളരെ കുറച്ചേ എണ്ണ ഉത്പാദിപ്പിച്ചിരുന്നുള്ളൂവെന്നും ട്രംപ് വ്യക്തമാക്കി. 

മദുറോയെ പുറത്താക്കിയതിനെ തുടര്‍ന്ന്, ദക്ഷിണ അമേരിക്കയിലുടനീളമുള്ള വലതുപക്ഷ നേതാക്കള്‍ പ്രസിഡന്റ് ട്രംപിനെ അഭിനന്ദിച്ചു. വെനിസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടിയെ ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വിജയമായി അവര്‍ വിശേഷിപ്പിച്ചു.

അര്‍ജന്റീന പ്രസിഡന്റ് ഹാവിയര്‍ മിലെയ് ഇതിനെ സ്വതന്ത്ര ലോകത്തിനുള്ള മികച്ച വാര്‍ത്ത എന്ന് വിശേഷിപ്പിച്ചപ്പോള്‍ ചിലിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോസെ ആന്റോണിയോ കാസ്റ്റ് ഇതിലൂടെ മുഴുവന്‍ പ്രദേശത്തിനും ഗുണം ഉണ്ടാകുമെന്ന് പറഞ്ഞു. മദുറോ ''മയക്കുമരുന്ന് കടത്തും സംഘടിത കുറ്റകൃത്യങ്ങളും വഴി ലാറ്റിന്‍ അമേരിക്കയെ അസ്ഥിരമാക്കി'' എന്നും അദ്ദേഹം ആരോപിച്ചു.