കരാക്കസ്: വെനിസ്വേലയിലെ ഭരണാധികാരി നിക്കോളാസ് മദുറോയെയും അദ്ദേഹത്തിന്റെ ഭാര്യ സിലിയ ഫ്‌ളോറസിനെയും യു എസ് പിടികൂടിയതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മദുറോയെ രാജ്യത്തു നിന്നും പുറത്തേക്ക് കൊണ്ടുപോയതായി ട്രംപ് അവകാശപ്പെട്ടു. കരാക്കാസിനെയും പരിസര പ്രദേശങ്ങളെയും ലക്ഷ്യമാക്കി പുലര്‍ച്ചെ നടന്ന ആക്രമണത്തിന് പിന്നാലെയാണ് മദുറേയേയും ഭാര്യയേയും പിടികൂടിയതെന്ന് ട്രംപ് വ്യക്തമാക്കി.
ശനിയാഴ്ച പുലര്‍ച്ചെ വെനിസ്വേലയുടെ തലസ്ഥാനമായ കരാക്കാസില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായതിന് പിന്നാലെ അമേരിക്ക സാധാരണ പൗര- സൈനിക ലക്ഷ്യങ്ങള്‍ക്കെതിരെ ആക്രമണങ്ങളുടെ പരമ്പര ആരംഭിച്ചതായി വെനിസ്വേലന്‍ സര്‍ക്കാര്‍ ആരോപിച്ചു.
ആക്രമണത്തിനെതിരെ പ്രതികരിക്കാന്‍ പൗരന്മാരോട് വെനിസ്വേലന്‍ സര്‍ക്കാര്‍ ആഹ്വാനം ചെയ്തു. 'അതീവ ഗൗരവമേറിയ സൈനിക ആക്രമണം' വഴി ലാറ്റിന്‍ അമേരിക്കയെ അസ്ഥിരതയിലേക്കാണ് വാഷിങ്ടണ്‍ തള്ളിവിടുന്നതെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. സാമ്രാജ്യത്വ ആക്രമണത്തെ തോല്‍പ്പിക്കാന്‍ രാജ്യമൊട്ടാകെ സജ്ജമാകണമെന്നും വെനസ്വേല പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച പുലര്‍ച്ചെ കരാക്കാസില്‍ സ്‌ഫോടന ശബ്ദങ്ങളും താഴ്ന്നു പറക്കുന്ന വിമാനങ്ങളും കണ്ടതായി റിപ്പോര്‍ട്ടുണ്ട്. പ്രസ്താവനയില്‍, കരാക്കാസ് ഉള്‍പ്പെടെ മിരാണ്ട, ലാ ഗൈ്വറ, അരാഗ്വ എന്നീ മൂന്ന് സംസ്ഥാനങ്ങളും ആക്രമണത്തിനിരയായതായി വെനിസ്വേലന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു.
വെനിസ്വേലയിലെ വിഭവങ്ങള്‍, പ്രത്യേകിച്ച് എണ്ണയും ഖനിജങ്ങളും നിയന്ത്രണത്തിലാക്കാന്‍ അമേരിക്ക ശ്രമിക്കുകയാണെന്ന് വെനിസ്വേല ആരോപിച്ചു. അന്താരാഷ്ട്ര നിയമത്തിന്റെ തുറന്ന ലംഘനമാണിതെന്നും ഇതിലൂടെ ലക്ഷക്കണക്കിന് ജീവനുകള്‍ അപകടത്തിലാകുന്നുവെന്നും ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര സമൂഹം ഇതിനെ അപലപിക്കണമെന്ന് രാജ്യം ആവശ്യപ്പെട്ടു.
ശനിയാഴ്ച പുലര്‍ച്ചെ തന്നെ അയല്‍രാജ്യമായ കൊളംബിയയുടെ പ്രസിഡന്റ് ഗുസ്താവോ പെട്രോ, വെനിസ്വേലയ്ക്ക് നേരെ ആക്രമണം നടന്നതാിയ സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗം ഉടന്‍ വിളിച്ചുചേര്‍ണമെന്നും ആവശ്യപ്പെട്ടു.
