അമേരിക്ക-തായ്‌ലന്‍ഡ് വ്യാപാര കരാറിന് ധാരണ; അന്തിമ കരാര്‍ ആഴ്ചകള്‍ക്കുള്ളില്‍

അമേരിക്ക-തായ്‌ലന്‍ഡ് വ്യാപാര കരാറിന് ധാരണ; അന്തിമ കരാര്‍ ആഴ്ചകള്‍ക്കുള്ളില്‍


മനില: അമേരിക്കയും തായ്‌ലന്‍ഡും തമ്മിലുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സംയുക്ത പ്രസ്താവനയില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തായ് പ്രധാനമന്ത്രി അനുതിന്‍ ചര്‍ണ്‍വിരാകുലും ഒപ്പുവച്ചു. ഫിലിപ്പീന്‍സിലെ മനിലയില്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടിക്കിടെയാണ് ചൊവ്വാഴ്ച ഇരുവരും സംയുക്ത വ്യാപാര പ്രസ്താവനയില്‍ ഒപ്പിട്ടത്. ഔപചാരിക വ്യാപാര കരാറിന്റെ വിശദാംശങ്ങള്‍ വരും ആഴ്ചകളില്‍ അന്തിമമാക്കുമെന്ന് ട്രംപ് അറിയിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര വ്യാപാരവുമായി ബന്ധപ്പെട്ട ധാരണയാണിതെന്ന് ഒപ്പുവച്ച രേഖയെക്കുറിച്ച് വിശദീകരിക്കവെ ട്രംപ് പറഞ്ഞു. വലിയ വ്യാപാര കരാറിലേക്കുള്ള നിര്‍ണായക ചുവടുവയ്പ്പാണിതെന്നും ഔപചാരിക കരാറിന്റെ വിശദാംശങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇരുരാജ്യങ്ങളുടെയും ഉദ്യോഗസ്ഥര്‍ തീവ്രമായി പ്രവര്‍ത്തിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. കരാറിന്റെ അടിസ്ഥാന ധാരണകള്‍ക്ക് സ്ഥിരതയുണ്ടെന്നും അന്തിമ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ ഇനിയും ചില കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് തായ് പ്രധാനമന്ത്രി അനുതിന്‍ ചര്‍ണ്‍വിരാകുലും പറഞ്ഞു. എങ്കിലും ഉടന്‍തന്നെ അന്തിമ ധാരണയിലെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും കരാര്‍ ഇരുരാജ്യങ്ങളുടെയും വ്യാപാരബന്ധത്തില്‍ കൂടുതല്‍ ചലനാത്മകത സൃഷ്ടിക്കുകയും വിവിധ മേഖലകളില്‍ പുതിയ അവസരങ്ങള്‍ തുറക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ ട്രംപിനോട് നന്ദിയും അറിയിച്ചു.

ധാരണപ്രകാരം അമേരിക്കയില്‍നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് തായ്‌ലന്‍ഡ് നിലവിലുള്ള എല്ലാ തീരുവകളും ഒഴിവാക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു. അമേരിക്കന്‍ വാഹനങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഔഷധങ്ങള്‍, എഥനോള്‍, കോഴിയിറച്ചി എന്നിവയുടെ ഇറക്കുമതിക്കുള്ള ഗണ്യമായ നികുതിയേതര തടസ്സങ്ങളും നീക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ 260 കോടി ഡോളറിന്റെ അമേരിക്കന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ തായ്‌ലന്‍ഡ് വാങ്ങുമെന്നും ട്രംപ് വ്യക്തമാക്കി.

പുതിയ ധാരണ അമേരിക്കയും തായ്‌ലന്‍ഡും തമ്മിലുള്ള വ്യാപാരബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള അടിത്തറയാകുമെന്ന് ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും അടുത്ത നിലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ടെങ്കിലും വിശദമായ ഔപചാരിക കരാര്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്.