വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സമാധാന നൊബേൽ നൽകണമെന്ന ആവശ്യത്തിൽ പ്രതികരിച്ച് നോർവീജിയൻ നൊബേൽ കമ്മിറ്റി സെക്രട്ടറി ക്രിസ്റ്റീൻ ബെർഗ് ഹാർപികെൻ. ഓരോ ആളുകളേയും അവരുടെ മെറിറ്റിനനുസരിച്ച് വിലയിരുത്തുമെന്നും ഇതിന് ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. മാധ്യമവാർത്തകളും മറ്റ് കാമ്പയിനുകളൊന്നും തീരുമാനത്തെ സ്വാധീനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നൊബേൽ സമ്മാനത്തിനുള്ള നോമിനേഷൻ പ്രക്രിയ പൂർണമായും സുതാര്യമായിരിക്കും. നോർവീജിയൻ പാർലമെന്റ് അംഗങ്ങൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കാബിനറ്റ് അംഗങ്ങൾ, യുനിവേഴ്‌സിറ്റി പ്രൊഫസർമാർ എന്നിവർ ഉൾപ്പെട്ട പ്രത്യേക സംഘമാണ് നോമിനേഷൻ നിർവഹിക്കുന്നത്. ഈ വർഷം 338 വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നുമാണ് വിജയികളെ നിശ്ചയിക്കേണ്ടത്. നോമിനേഷനുകൾ പൂർണമായും രഹസ്യസ്വഭാവമുള്ളതായിരിക്കും. എല്ലാവർഷവും ഇത്തരത്തിൽ ചില വ്യക്തികൾക്കായി കാമ്പയിനുകൾ നടക്കാറുണ്ടെന്നും പറഞ്ഞു.
നേരത്തെ നരേന്ദ്ര മോഡിയുമായി ട്രംപ് പിണങ്ങിയത് നൊബേലിന്റെ പേരിലെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് തന്നെ നാമനിർദേശം ചെയ്യണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഇതിന് മോഡി സമ്മതിക്കാത്തത് ട്രംപിനെ ചൊടിപ്പിക്കുകയായിരുന്നുവെന്ന് ന്യൂയോർക്ക് ടൈംസ് പറയുന്നു.
പാകിസ്താൻ ട്രംപിന് സമാധാനത്തിനുള്ള നൊബേൽ നാമനിർദേശവുമായി രംഗത്ത് വന്നിരുന്നു. എന്നാൽ ട്രംപിന്റെ ആവശ്യം അംഗീകരിക്കാൻ ഇന്ത്യ വിസമ്മതിച്ചതോടെ ബന്ധം വഷളാവുകയായിരുന്നു. ഇതിന് പ്രതികാരമായാണ് തീരുവ വർധനവ് അടക്കമുള്ള തീരുമാനവുമായി ട്രംപ് ഭരണകൂടം മുന്നോട്ട് വരുന്നതെന്ന് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു.
ട്രംപിന് സമാധാന നൊബേൽ സമ്മാനം നൽകണമെന്ന അഭിപ്രായത്തിൽ പ്രതികരിച്ച് നൊബേൽ കമ്മിറ്റി സെക്രട്ടറി
