പ്രധാനമന്ത്രി മോഡിയുടെ റഷ്യാ സന്ദർശനത്തെ വിമർശിച്ച് സെലെൻസ്കി

പ്രധാനമന്ത്രി മോഡിയുടെ റഷ്യാ സന്ദർശനത്തെ വിമർശിച്ച് സെലെൻസ്കി


യുക്രെയ്‌നിൽ കൈവിലുള്ള കുട്ടികളുടെ ആശുപത്രിയിലേക്ക് റഷ്യൻ മിസൈൽ ആക്രമണം നടന്ന ദിവസം തന്നെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി മോസ്‌കോ സന്ദർശിക്കുകയും പ്രസിഡൻറ് വ്ലാദിമിർ പുട്ടിനുമായി ചർച്ചനടത്തുകയും ചെയ്തതിനെ ശക്തമായി വിമർശിച്ച് യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലെൻസ്കി. "വലിയ നിരാശയും സമാധാന ശ്രമങ്ങൾക്ക് വിനാശകരമായ പ്രഹരവും" എന്ന് മോഡിയുടെ സന്ദർശനത്തെ സെലെൻസ്കി വിശേഷിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച റഷ്യൻ പ്രസിഡൻ്റ് വ്‌ളാദിമിർ പുട്ടിനുമായി മോസ്‌കോക്ക് പുറത്തുള്ള നോവോ-ഒഗാരിയോവോയിലെ വസതിയിൽ കൂടിക്കാഴ്ച ത്തുമ്പോൾ 900 കിലോമീറ്റർ (560 മൈൽ) അകലെ യുക്രെയ്‌നിയൻ നഗരങ്ങളിൽ റഷ്യൻ മിസൈലുകൾ കടുത്ത നാശം വിതക്കുകയായിരുന്നു. റഷ്യൻ ആക്രമണത്തിൽ നിരവധി കുട്ടികളടക്കം 37 പേർ കൊല്ലപ്പെട്ടു. 170 പേർക്ക് പരിക്കേറ്റു.

ഏകദേശം രണ്ടര വർഷം മുമ്പ് പുട്ടിൻ യുക്രെയ്‌നിലേക്കുള്ള അധിനിവേശം ആരംഭിച്ചതിന് ശേഷമുള്ള മോഡിയുടെ ആദ്യ റഷ്യ സന്ദർശനമാണിത്. യുക്രെയ്‌നിൽ റഷ്യ ആക്രമണമഴിച്ചു വിട്ട അതെ സന്ദർഭത്തിൽ റഷ്യൻ ടിവി കാട്ടിയത് രണ്ട് നേതാക്കളും പരസ്പരം ആശ്ലേഷിക്കുന്നതിൻറെയും ചായ സൽക്കാരത്തിൽ പങ്കെടുക്കുന്നതിൻറെയും ഇലക്ട്രിക് വാഹനത്തിൽ സഞ്ചരിക്കുന്നതിൻറെയും കുതിര പ്രദർശനം കാണുന്നതിൻറെയും ചിത്രങ്ങളും വീഡിയോയുമായിരുന്നു.

"ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിൻ്റെ നേതാവ് ലോകത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കുറ്റവാളിയെ മോസ്കോയിൽ വെച്ച് കെട്ടിപ്പിടിക്കുന്നത് കാണുന്നത് വലിയ നിരാശയും സമാധാന ശ്രമങ്ങൾക്ക് വിനാശകരമായ പ്രഹരവുമാണ്,"  സെലെൻസ്‌കി തിങ്കളാഴ്ച എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. 

വലിയ തോതിലുള്ള പകൽ ബോംബാക്രമണം തലസ്ഥാനമായ കൈവിലും ഡിനിപ്രോ, ക്രൈവി റിഹ്, സ്ലോവാൻസ്ക്, ക്രാമാറ്റോർസ്ക് എന്നിവയുൾപ്പെടെയുള്ള നഗരങ്ങളേയും ബാധിച്ചു - അവയിൽ ചിലത് മുൻനിരയിൽ നിന്ന് വളരെ അകലെയുള്ള ജനസാന്ദ്രതയുള്ള പ്രദേശങ്ങളാണ്.

കീവിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ 27 പേർ കൊല്ലപ്പെട്ടതായി നഗരത്തിലെ സൈനിക ഭരണകൂടം തിങ്കളാഴ്ച അറിയിച്ചു. കൈവിലെ ഒഖ്മത്ഡിറ്റ് ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുക്രെയ്നിലെ ഏറ്റവും വലിയ കുട്ടികളുടെ മെഡിക്കൽ സെൻ്ററാണ് ഇത്. രാജ്യത്തുടനീളമുള്ള രോഗികളായ ചില കുട്ടികളുടെ പരിചരണത്തിൽ ഈ ആരോഗ്യകേന്ദ്രത്തിന് നിർണായക പ്രാധാന്യമുണ്ട്.

സംഭവസ്ഥലത്ത് നിന്നുള്ള വീഡിയോകളിൽ ആശുപത്രിയിൽ നിന്ന് പുക ഉയരുമ്പോൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിരിക്കാൻ ഇടയുള്ളവരെ രക്ഷിക്കാൻ പോലീസിനും സുരക്ഷാ സേനക്കുമൊപ്പം രക്ഷാപ്രവർത്തനം നടത്തുന്ന സന്നദ്ധപ്രവർത്തകരെ കാണാം.   

ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചതായി ആശുപത്രി ജീവനക്കാർ പറഞ്ഞു. സ്‌ഫോടനസമയത്ത് രണ്ട് കുട്ടികൾ ഓപ്പറേഷൻ തിയറ്ററിലുണ്ടായിരുന്നു, നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇരുവരെയും ബേസ്‌മെൻ്റ് ഷെൽട്ടറിലേക്ക് മാറ്റിയതായി ഒരു മുതിർന്ന നഴ്‌സ് സിഎൻഎന്നിനോട് പറഞ്ഞു. 

“ലൈറ്റുകൾ അണഞ്ഞു, എല്ലാം അണഞ്ഞു. ഞങ്ങൾ ഫ്ലാഷ് ലൈറ്റുകളുടെ വെളിച്ചത്തിൽ എല്ലാം വേഗത്തിൽ തുന്നിച്ചേർത്തു,” മുതിർന്ന നഴ്‌സ് ഐറിന ഫിലിമോനോവ പറഞ്ഞു. "കുഞ്ഞിനെ നിലവറയിലെ അഭയകേന്ദ്രത്തിലേക്ക് എത്തിച്ച പാടെ ഞാൻ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിൽ സഹായിക്കാൻ പുറത്തേക്കോടി," അവർ കൂട്ടിച്ചേർത്തു.

സ്‌ഫോടനം രോഗികളായ കുട്ടികളെ ആശുപത്രിക്ക് പുറത്ത് ചികിത്സിക്കാൻ ആശുപത്രിയധികൃതർ നിര്ബന്ധിതരായെന്ന് യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് പറഞ്ഞു. "പാർക്കുകളിലും തെരുവുകളിലും സ്ഥാപിച്ചിട്ടുള്ള ആശുപത്രി കിടക്കകളിൽ കിടത്തിയാണ് കാൻസർ രോഗികൾക്ക് ചികിത്സ നൽകുന്നത്. അവർക്ക് ചുറ്റും പൊടിപടലവും അവശിഷ്ടങ്ങളുമാണ്," ടർക്ക് ചൂണ്ടിക്കാട്ടി.

എന്നാൽ, "യുക്രെയ്നിലെ സൈനിക വ്യാവസായിക സംവിധാനങ്ങളും ഉക്രേനിയൻ സായുധ സേനയുടെ വ്യോമതാവളങ്ങളും"  ആണ് ദീർഘദൂരത്തേക്ക് വിക്ഷേപിക്കാവുന്നവയും ഏറെ കൃത്യതയുള്ളവായുമായ ആയുധങ്ങൾ ഉപയോഗിച്ച് തങ്ങൾ ആക്രമിച്ചതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. യുക്രേനിയൻ വ്യോമ പ്രതിരോധ മിസൈൽ പതിച്ചത് മൂലമാണ് ആശുപത്രിക്ക് നാശനഷ്ടം സംഭവിച്ചതെന്ന് ആശുപത്രി സ്ഫോടനത്തിൻ്റെ ഫോട്ടോകളും വീഡിയോകളും സ്ഥിരീകരിച്ചതായി തെളിവുകൾ നൽകാതെ റഷ്യൻ മന്ത്രാലയം അവകാശപ്പെട്ടു..

അതിനിടെ, റഷ്യൻ തലസ്ഥാനത്തിന് പുറത്തെ വസതിയിൽ തനിക്ക് ആതിഥേയത്വം വഹിച്ചതിന് മോഡി പുട്ടിനോട് നന്ദി പറയുന്നതായി എക്‌സിലെ ഒരു പോസ്റ്റിൽ മോഡി പറഞ്ഞു, “ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദബന്ധം കൂടുതൽ ദൃഢമാക്കുന്നതിന് വളരെയധികം മുന്നോട്ട് പോകാൻ നമുക്കാവും," മോഡി കൂട്ടിച്ചേർത്തു.

ചൈനയെ റഷ്യ ആഴത്തിൽ ആശ്രയിക്കുന്നുണ്ടെങ്കിലും ന്യൂഡൽഹിയും മോസ്കോയും അടുത്ത് നിൽക്കുന്നതിൻ്റെ സൂചനയാണ് ഈ യാത്ര. പുട്ടിനെ മാറ്റിനിർത്താനുള്ള പാശ്ചാത്യ നേതാക്കളുടെ ശ്രമങ്ങൾക്ക് ഇത് ഒരു പ്രഹരവുമാണ്.

ഇന്ത്യക്ക് മോസ്കോയുമായി ദീർഘകാല ബന്ധമുണ്ട്, സൈനിക ഉപകരണങ്ങൾക്കായി ക്രെംലിനിനെ ഇന്ത്യ വളരെയധികം ആശ്രയിക്കുന്നു. വിലക്കിഴിവിൽ റഷ്യൻ ക്രൂഡ് ഓയിലിൽ വാങ്ങുന്നതിനുള്ള ഇന്ത്യയുടെ തീരുമാനം പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്നുള്ള ഒറ്റപ്പെടൽ നേരിടുന്ന റഷ്യക്ക് വലിയ സാമ്പത്തിക പിന്തുണയാണ് നൽകിയിട്ടുള്ളത്.

റഷ്യാ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ ഓഫീസ് പുറപ്പെടുവിച്ച  പ്രസ്താവനയിൽ താൻ പ്രസിഡൻ്റ് വ്‌ളാദിമിർ പുട്ടിനുമായുള്ള ഉഭയകക്ഷി സഹകരണത്തിൻ്റെ എല്ലാ വശങ്ങളും അവലോകനം ചെയ്യുമെന്നും വിവിധ പ്രാദേശിക-ആഗോള വിഷയങ്ങളിലെ കാഴ്ചപ്പാടുകൾ പങ്കിടുമെന്നും മോഡി പറഞ്ഞു. 

റഷ്യയുമായുള്ള ബന്ധത്തെക്കുറിച്ച് അമേരിക്ക ഇന്ത്യയോട് ആശങ്ക പ്രകടിപ്പിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് തിങ്കളാഴ്ച മാധ്യമ സമ്മേളനത്തിൽ പറഞ്ഞു. 

“പ്രധാനമന്ത്രി മോഡി (പുട്ടിനുമായി) എന്താണ് സംസാരിച്ചത് എന്നറിയാൻ ഞാൻ അദ്ദേഹത്തിൻ്റെ പൊതു പരാമർശങ്ങൾ നോക്കും, എന്നാൽ ഞാൻ പറഞ്ഞതുപോലെ, റഷ്യയുമായുള്ള അവരുടെ ബന്ധത്തെക്കുറിച്ചുള്ള ഞങ്ങളുടെ ആശങ്കകൾ ഞങ്ങൾ ഇന്ത്യയോട് നേരിട്ട് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയും മറ്റേതൊരു രാജ്യവും, അവർ റഷ്യയുമായി ഇടപഴകുമ്പോൾ, റഷ്യ യുഎൻ ചാർട്ടറിനെ ബഹുമാനിക്കണമെന്നും യുക്രെയ്നിൻ്റെ പരമാധികാരത്തെയും മില്ലർ പറഞ്ഞു.

യുക്രെയ്നിലെ ശത്രുത അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ഇന്ത്യ ആഹ്വാനം ചെയ്തപ്പോൾ യുക്രെയ്നുമായി ബന്ധപ്പെട്ട എല്ലാ പ്രമേയങ്ങളിൽ നിന്നും ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ വിട്ടുനിൽക്കുകയും റഷ്യയുടെ അധിനിവേശത്തെ അപലപിക്കുന്നതിൽ നിന്ന് ഒഴിവാകുകയും ചെയ്തിരുന്നു.

2023-24ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിൻറെ മൊത്തം മൂല്യം ഏകദേശം 65 ബില്യൺ ഡോളറായിരുന്നു, പ്രാഥമികമായി ഊർജ്ജമേഖലയിലെ ശക്തമായ കൊടുക്കൽ-വാങ്ങലുകളുടെ ഫലമായി അതിൽ ഭൂരിഭാഗവും റഷ്യയിലേക്കാണ് ഒഴുകിയതെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. പുട്ടിനുമായുള്ള പ്രധാനമന്ത്രി മോഡിയുടെ ചർച്ചകളിൽ ഈ വ്യാപാര അസന്തുലിതാവസ്ഥ കുറയ്ക്കുന്നത് മുൻഗണന നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസം നടന്ന പൊതു തെരഞ്ഞെടുപ്പിൽ മൂന്നാം തവണയും വിജയിച്ചതിന് ശേഷമുള്ള മോഡിയുടെ ആദ്യ ഉഭയകക്ഷി യാത്ര കൂടിയാണിത്. മോഡിയുടെ സന്ദർശനത്തിന് ക്രെംലിൻ വലിയ പ്രാധാന്യം നൽകുന്നുവെന്ന് റഷ്യൻ പ്രസിഡൻന്റിന്റെ സഹായി യൂറി ഉഷാക്കോവ് പറഞ്ഞതായി റഷ്യൻ വാർത്താ ഏജൻസി ടാസ് റിപ്പോർട്ട് ചെയ്തു.

യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ വാഷിംഗ്ടണിൽ ഒരു നിർണായക നേറ്റോ ഉച്ചകോടി നടത്തുന്നതിന് ഒരു ദിവസം മുമ്പാണ് ഉക്രെയ്‌നിലെ റഷ്യൻ ആക്രമണങ്ങൾ നടന്നതും പ്രധാനമന്ത്രി മോഡി അവിടെയെത്തിയതും. യുക്രെയ്നിന് നേറ്റോ സഖ്യത്തിൻ്റെ സൈനിക-രാഷ്ട്രീയ- സാമ്പത്തിക പിന്തുണ നൽകുന്നത്യെ സംബന്ധിച്ചുള്ള പുതിയ  പ്രഖ്യാപനങ്ങൾ  ഉച്ചകോടിയിൽ ഉണ്ടാകുമെന്നാണ്കൈ പ്രതീക്ഷിക്കപ്പെടുന്നത്. 

കുട്ടികളുടെ ആശുപത്രി ഉൾപ്പെടെ കൈവിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണങ്ങൾ "റഷ്യയുടെ ക്രൂരതയുടെ ഭയാനകമായ ഓർമ്മപ്പെടുത്തൽ" ആണെന്ന് ബൈഡൻ തിങ്കളാഴ്ച വൈകുന്നേരം ഒരു പ്രസ്താവനയിൽ പറഞ്ഞു. “ഈ സുപ്രധാന നിമിഷത്തിൽ ലോകം ഉക്രെയ്നിനൊപ്പം നിൽക്കേണ്ടത് നിർണായകമാണ്. റഷ്യൻ ആക്രമണത്തെ നാം കുറച്ച്അ കാണരുത്,” ബൈഡൻ പറഞ്ഞു.