ജിദ്ദ : റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള മൂന്നാംവട്ട ചർച്ചകൾ സൗദി അറേബ്യയിൽ ആരംഭിച്ചു. അമേരിക്കയുടെ മധ്യസ്ഥതയിലാണ് ചർച്ചകൾ നടക്കുന്നത്. ഞായറാഴ്ചയും തിങ്കളാഴ്ച്ചയുമായി നടക്കുന്ന ചർച്ചകളിൽ ഡോണൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫാണ് പങ്കെടുക്കുന്നത്. റഷ്യയും യുക്രൈനുമായി വെവ്വേറെ ചർച്ചകളാണ് സ്റ്റീവ് വിറ്റ്‌കോഫ് നടത്തുക.
മൂന്ന് വർഷമായി തുടരുന്ന രക്തരൂക്ഷിതമായ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ശ്രമം നിർണായക ഘട്ടത്തിലാണുള്ളത്. വൈകാതെ ശുഭവാർത്ത കേൾക്കാമെന്ന പ്രതീക്ഷയിലാണ് ലോകം.
യുക്രൈനു മേലുള്ള ആക്രമണം വ്യാപിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ആഗ്രഹിക്കുന്നില്ലെന്ന് സ്റ്റീവ് വിറ്റ്‌കോഫ് ഞായറാഴ്ച മാധ്യമങ്ങളോടു പറഞ്ഞു. തിങ്കളാഴ്ച സൗദി അറേബ്യയിൽ നടക്കുന്ന ചർച്ചകളിൽ നിർണായക പുരോഗതി പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ തവണ നടന്ന ചർച്ചകൾക്കൊടുവിൽ യുക്രൈൻ വെടിനിർത്തലിന് സമ്മതം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് പുടിനും ഫോണിൽ സംസാരിച്ചു. യുക്രൈനിലെ ഊർജ, അടിസ്ഥാന കേന്ദ്രങ്ങൾക്കു നേരെയുള്ള ആക്രമണം 30 ദിവസത്തേക്ക് നിർത്തിവയ്ക്കാൻ റഷ്യയും സമ്മതിച്ചു. ഞായറാഴ്ചത്തെ ചർച്ചകളിൽ പങ്കെടുക്കുന്ന തന്റെ പ്രതിനിധി സംഘം ക്രിയാത്മകമായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി പറഞ്ഞു. ഊർജ കേന്ദ്രങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് യുക്രൈൻ, യുഎസ് പ്രതിനിധികൾ ചർച്ച ചെയ്തു. യുക്രൈനെ പ്രതിനിധീകരിച്ച് പ്രതിരോധ മന്ത്രി റസ്റ്റം ഉമെറോവാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.
റഷ്യയിലേക്ക് കൊണ്ടുപോകുന്ന യുക്രൈൻ കുട്ടികളുടെ ഭാവി ഉൾപ്പെടെ, യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി നടപടികളെക്കുറിച്ച് യുഎസ് സംസാരിക്കുമെന്ന് വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു. അതേസമയം, സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യ ഡ്രോൺ ആക്രമണം നടത്തിയത് ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. കുട്ടികളുൾപ്പെടെ മൂന്ന് പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സമാധാന ചർച്ചകൾക്ക് മുമ്പ് രാജ്യത്തിനെതിരായ ആക്രമണം അവസാനിപ്പിക്കാൻ റഷ്യയ്ക്കു മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തണമെന്ന് സെലൻസ്‌കി പാശ്ചാത്യ സഖ്യകക്ഷികളോട് അഭ്യർത്ഥിച്ചു.
അടുത്തത് എന്ത് ?
ഒരു വെടിനിർത്തലിലേക്കുള്ള പാത അസ്ഥിരമായിരുന്നു, ഇരുപക്ഷവും പോരാട്ടം തുടരാൻ തയ്യാറാണ്. യുക്രെയ്ൻ ഒരിക്കലും നാറ്റോയിൽ ചേരുന്നില്ലെന്ന് ഉറപ്പാക്കൽ, പ്രദേശിക നിയന്ത്രണം ഉൾപ്പെടെയുള്ള പരമാവധി നിലപാടുകളിൽ മോസ്‌കോ തുടർന്നും വിട്ടുവീള്ചയില്ലാതെ നിൽക്കുകയാണ്. ക്രെംലിന്റെ ആവശ്യങ്ങൾ അംഗീകരിക്കില്ലെന്നാണ് കീവ് ആരോപിക്കുന്നത്. യുദ്ധവിരാമത്തിന് പുടിൻ കാലതാമസം വരുത്തുകയാണെന്നും കീവ് ആരോപിച്ചു.
ആക്രമണങ്ങൾ തുടരുന്നു:
കീവ് നഗരത്തിൽ നടന്ന ഒരു വലിയ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ കുറഞ്ഞത് മൂന്ന് പേർ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം പറഞ്ഞു. സമീപ മാസങ്ങളിൽ, തലസ്ഥാനത്ത് റഷ്യ ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള മൂന്നാംവട്ട ചർച്ചകൾ സൗദി അറേബ്യയിൽ ആരംഭിച്ചു
