ഇറാൻ യുദ്ധം ഉടൻ അവസാനിക്കാം; കരാറിനടുത്തെന്ന് ട്രംപ്

ഇറാൻ യുദ്ധം ഉടൻ അവസാനിക്കാം; കരാറിനടുത്തെന്ന് ട്രംപ്


വാഷിങ്ടൺ: ഇറാനെതിരായ യുദ്ധം 'നന്നായി മുന്നേറുകയാണ്' എന്നും വളരെ പെട്ടെന്ന് അവസാനിച്ചേക്കാമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ലാസ് വെഗാസിൽ നടത്തിയ പ്രസംഗത്തിലാണ് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

അമേരിക്കക്ക് 'ആവശ്യമായത് ചെയ്യാൻ കഴിയും' എന്നും, ഇറാനുമായി അടുത്ത ഘട്ട ചർച്ചകൾ വാരാന്ത്യത്തിൽ നടക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമ്പുഷ്ട യുറേനിയം കൈമാറാനും 20 വർഷത്തിലധികം ആണവായുധ പദ്ധതികൾ പിന്തുടരാതിരിക്കാനും ഇറാൻ സമ്മതിച്ചുവെന്ന അവകാശവാദവും ട്രംപ് ഉന്നയിച്ചു. 'കരാറിലേക്കെത്താൻ വളരെ അടുത്താണ്' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏകദേശം 40 ദിവസമായി നീണ്ടുനിൽക്കുന്ന യുദ്ധത്തിൽ ഇറാനിൽ 3,000ത്തിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഈ യുദ്ധത്തെ 'പരിപൂർണമായ നടപടി' എന്നുവിളിച്ച ട്രംപ്, അമേരിക്കയുടെ സൈനിക ശക്തിയാണ് ഇതിന് പിന്നിലെന്നും പറഞ്ഞു.

അമേരിക്കയുടെ സൈനിക ശക്തിയെ വീണ്ടും പ്രശംസിച്ച ട്രംപ്, ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യം അമേരിക്കയ്ക്കാണെന്നും തന്റെ ആദ്യ കാലഘട്ടത്തിലാണ് അത് ശക്തിപ്പെടുത്തിയതെന്നും അവകാശപ്പെട്ടു. അതോടൊപ്പം, തന്റെ ഭരണകാലത്തെ അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥ ചരിത്രത്തിലെ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ഇറാൻ യുദ്ധത്തെ 'ഒരു ചെറിയ വഴിതിരിച്ചുവിടൽ' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. എന്നാൽ അത്യാവശ്യമായ നടപടിയാണിതെന്നും, ഇല്ലെങ്കിൽ വലിയ പ്രശ്‌നങ്ങൾ ഉണ്ടായേനെയെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം അവസാനിക്കുമ്പോൾ അതിശയകരമായ ഫലങ്ങൾ കാണാമെന്നും വിമർശകരെ ലക്ഷ്യമാക്കി, ട്രംപ് കൂട്ടിച്ചേർത്തു.

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ കടൽമാർഗങ്ങളിലും സമ്മർദ്ദം വർധിച്ചിരിക്കുകയാണ്. വലിയ എണ്ണക്കപ്പലുകൾ പോലും പ്രദേശം വിട്ടുപോകാൻ ശ്രമിക്കുന്നതായി ട്രംപ് സൂചിപ്പിച്ചു.