ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിനിടെ ഒമാന്‍ തീരത്തിന് സമീപം ടാങ്കര്‍ കപ്പലിന് നേരെ യു.എസ് സൈന്യം നടത്തിയ ആക്രമണത്തിന് പിന്നാലെ കാണാതായ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടതായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഇക്കാര്യം സ്ഥീരീകരിച്ചത്. എം.ടി സെറ്റെബെല്ലോ എന്ന എണ്ണക്കപ്പലിനെയാണ് ആക്രമിച്ചത്. അതേസമയം, ഈ ആക്രമണത്തിന് പിന്നാലെ ഇന്ത്യ യു.എസ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ വിളിച്ചുവരുത്തി ആക്രമണത്തിലെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഡെക്ക് കേഡറ്റായ ആദിത്യ ശർമ, എൻജിൻ ഫിറ്റർ ശിവാനന്ദ് ചൌരസ്യ, ചീഫ് എൻജിനീയർ പട്നാല സുരേഷ് എന്നിവരെയാണ് ആക്രമണത്തിന് പിന്നാലെ കാണാതായത്. പിന്നീട് നടത്തിയ തെരച്ചിലിൽ മൂന്ന് നാവികരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. പലാവു പതാക വഹിച്ച കപ്പലിൽ ആകെ 28 ജീവനക്കാരുണ്ടായിരുന്നു. ഇതില്‍ 24 പേര് ഇന്ത്യന്‍ പൗരന്മാരും നാല് പേര് വിദേശികളുമായിരുന്നു. വിദേശികളില്‍ രണ്ട് പാകിസ്ഥാനികളും ഒരു ഉക്രെയ്നിയനും ഒരു റഷ്യക്കാരനും ഉള്‍പ്പെടുന്നു. ഒമാന്‍ ഉള്‍ക്കടലില്‍ സഞ്ചരിക്കവെയാണ് കപ്പല്‍ അമേരിക്കന്‍ സൈന്യത്തിന്റെ ആക്രമണത്തിന് ഇരയായത്. കപ്പൽ ആക്രമിച്ചത് തങ്ങൾ തന്നെയാണെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു.
ഇറാനില്‍ നിന്നുള്ള എണ്ണ കടത്തുകയായിരുന്നുവെന്നും അമേരിക്കന്‍ സൈന്യത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ കപ്പല്‍ പരാജയപ്പെട്ടുവെന്നുമാണ് അമേരിക്കയുടെ ആരോപണം. ഇതേ തുടര്‍ന്നാണ് കപ്പലിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്ന് അമേരിക്കന്‍ സൈന്യം വ്യക്തമാക്കി. ആദ്യ റിപ്പോര്‍ട്ടുകള്‍ പ്രകാരം 21 ഇന്ത്യന്‍ നാവികരെ രക്ഷപ്പെടുത്തിയിരുന്നെങ്കിലും മൂന്ന് പേര് കാണാതായ നിലയിലായിരുന്നു. പിന്നീട് ഇവര്‍ മരിച്ചതായി സ്ഥിരീകരിച്ചു.
'സെറ്റെബെല്ലോ' എന്ന ടാങ്കര്‍ കപ്പലിന് നേരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി നാഗരാജ് നായിഡു, അമേരിക്കയുടെ ഉദ്യോഗസ്ഥന് ജേസണ്‍ മീക്സിനെയാണ് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ഇന്ത്യ ആക്രമണത്തെ ശക്തമായി അപലപിക്കുകയും കപ്പലിലുണ്ടായിരുന്ന ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയില്‍ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.
ഒമാന്‍ തീരത്ത് കപ്പലിന് നേരെ അമേരിക്കന്‍ സേനയുടെ ആക്രമണം; മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു
