ഹോര്‍മുസ് ലക്ഷ്യമിട്ടുള്ള ഇറാന്റെ ഡ്രോണുകള്‍ യു.എസ് സൈന്യം വെടിവെച്ചിട്ടു

ഹോര്‍മുസ് ലക്ഷ്യമിട്ടുള്ള ഇറാന്റെ ഡ്രോണുകള്‍ യു.എസ് സൈന്യം വെടിവെച്ചിട്ടു


ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് ലക്ഷ്യമിട്ട് ഇറാന്‍ തൊടുത്ത നാലു ഡ്രോണുകള്‍ അമേരിക്കന്‍ സൈന്യം വെടിവെച്ചിട്ടു. ഇതിനു പിന്നാലെ ഇറാന്റെ തീരദേശ നിരീക്ഷണ റഡാര്‍ കേന്ദ്രങ്ങള്‍ക്കു നേരെയും അമേരിക്കന്‍ വ്യോമസേന അതിശക്തമായ വ്യോമാക്രമണം നടത്തി. അന്താരാഷ്ട്ര തലത്തില്‍ തന്ത്രപ്രധാനമായ സമാധാന ചർച്ചകൾ നടക്കുന്നതിനിടെ ഹോര്‍മുസ് കടലിടുക്ക് മേഖലയില്‍ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം അതിരൂക്ഷമാകുന്നതിന്റെ സൂചനകളാണ് വ്യക്തമാകുന്നത്.

ഇറാന്റെ ഭാഗത്തുനിന്നും തൊടുത്ത നാലു ഡ്രോണുകളും അമേരിക്കന്‍ സൈന്യം വിജയകരമായി വെടിവെച്ചിട്ടെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കപ്പല്‍ ഗതാഗത പാതകളിലൊന്നായ ഈ മേഖലയിലെ സമുദ്ര ഗതാഗതത്തിന് ഈ ഡ്രോണുകള്‍ തല്‍ക്ഷണവും കടുത്തതുമായ ഭീഷണി ഉയര്‍ത്തിയ സാഹചര്യത്തിലാണ് ഈ നടപടിയെന്ന് യു.എസ് വ്യക്തമാക്കി.

ഡ്രോണുകള്‍ തകര്‍ത്തതിന് പിന്നാലെ, യു.എസ് സൈന്യത്തിന്റെ നേതൃത്വത്തില്‍ ഇറാന്റെ ഗോരുക്കിലെയും ഖേഷ്വം ദ്വീപിലെയും പധാന റഡാര്‍ ഇന്‍സ്റ്റാളേഷനുകള്‍ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തി. മേഖലയില്‍ ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കൂടുതല്‍ ആക്രമണങ്ങള്‍ തടയുന്നതിനും സമുദ്ര സഞ്ചാര സ്വാതന്ത്ര്യം പൂര്‍ണ്ണമായി സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള പ്രതിരോധ നടപടിയായാണ് ഈ ആക്രമണത്തെ സെന്റകോം വിശേഷിപ്പിച്ചത്.