കീവ്: യുക്രെയ്നിനായുള്ള യു എസ് പ്രത്യേക പ്രതിനിധി കീത്ത് കെല്ലോഗ് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായുള്ള ചര്‍ച്ചകളെ 'വിപുലവും പോസിറ്റീവും' എന്ന് പ്രശംസിച്ചു.
യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്ത് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ നയതന്ത്രജ്ഞന്‍ കീവിലാണ് സെലെന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തിയത്.
റഷ്യ- യുക്രെയ്ന്‍ യുദ്ധത്തെക്കുറിച്ച് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സെലെന്‍സ്‌കിയും തമ്മില്‍ വാക്‌പോരാട്ടമുണ്ടായ സാഹചര്യത്തിലാണ് കൂടിക്കാഴ്ച.
സെലെന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഒരു ദിവസത്തിന് ശേഷമാണ് യു എസ് പ്രതിനിധിയുടെ പരാമര്‍ശങ്ങള്‍ വന്നത്. അതിനുശേഷം യു എസ് വിഭാഗം യുക്രെയ്‌നിയന്‍ പ്രസിഡന്റുമായുള്ള സംയുക്ത പത്രസമ്മേളനം റദ്ദാക്കി.
സെലെന്‍സ്‌കിയെ 'സ്വേച്ഛാധിപതി' എന്നാണ് ട്രംപ് വിളിച്ചത്. മാത്രമല്ല റഷ്യ- യുക്രെയ്ന്‍ യുദ്ധത്തിന് അദ്ദേഹത്തെ കുറ്റപ്പെടുത്തുകയും ചെയ്തു.
ട്രംപ് റഷ്യയുടെ 'തെറ്റായ വിവര കുമിള'യിലാണ് ജീവിക്കുന്നതെന്നാണ് സെലെന്‍സ്‌കി ഇതിന് മറുപടി നല്‍കിയത്.
യുക്രെയ്ന്‍ പ്രസിഡന്റുമായി താന്‍ ഫോണില്‍ സംസാരിച്ചതായി പോളിഷ് പ്രസിഡന്റ് ആന്‍ഡ്രേജ് ഡുഡ വെള്ളിയാഴ്ച എക്സില്‍ പോസ്റ്റ് ചെയ്തു.
ട്രംപിനെ പിന്തുണക്കുന്ന ഡുഡ രക്തച്ചൊരിച്ചില്‍ തടയാനും യുക്രെയ്നില്‍ ശാശ്വത സമാധാനം കൈവരിക്കാനും അമേരിക്കയുടെ പിന്തുണയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല എന്ന വ്യക്തമായ സന്ദേശമാണ് സെലെന്‍സ്‌കിക്ക് നല്‍കിയത്. അതിനാല്‍ ട്രംപിനോട് ശാന്തവും ക്രിയാത്മകവുമായ സഹകരണം നടത്താന്‍ സെലെന്‍സ്‌കിയോട് നിര്‍ദ്ദേശിച്ചതായും അദ്ദേഹം പറഞ്ഞു.
'സദ്ഭാവവും സത്യസന്ധതയുമാണ് യു എസ് ചര്‍ച്ചാ തന്ത്രത്തിന്റെ അടിത്തറ' എന്ന് താന്‍ വിശ്വസിക്കുന്നുണ്ടെന്നും ട്രംപ് 'ആഗോള സ്ഥിരതയ്ക്കും സമാധാനത്തിനുമുള്ള ഉത്തരവാദിത്തബോധത്താല്‍ നയിക്കപ്പെടുന്നു' എന്നതില്‍ 'സംശയമില്ല' എന്നും പോളിഷ് പ്രസിഡന്റ് ഡുഡ പറഞ്ഞു.
സെലെന്‍സ്‌കിക്കും യുക്രെയ്നിനുമെതിരെ ട്രംപ് നടത്തിയ സമീപകാല വിമര്‍ശനങ്ങള്‍ക്ക് ശേഷം യൂറോപ്പിലെ ഒരു രാഷ്ട്രത്തലവനും സര്‍ക്കാരും നല്‍കുന്ന ഏറ്റവും പിന്തുണ നല്‍കുന്ന അഭിപ്രായങ്ങളില്‍ ഒന്നാണ് പോളിഷ് പ്രസിഡന്റിന്റെ പരാമര്‍ശങ്ങള്‍.