പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമാകുന്നു. ഇറാനെതിരെ അമേരിക്ക ഒമ്പതാം ദിവസവും വ്യോമാക്രമണം തുടരുകയാണെന്ന് യു.എസ്. സെൻട്രൽ കമാൻഡ് (സെന്റ്‌കോം) അറിയിച്ചു. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് നേരെയുള്ള ഇറാന്റെ ആക്രമണശേഷി തകർക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്ക വ്യക്തമാക്കി. ഇറാനിലെ തബ്രീസ് ഉൾപ്പെടെ അഞ്ച് നഗരങ്ങളിൽ ശക്തമായ സഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തെക്കൻ ഇറാനിൽ ഒരു ഡ്രോൺ വെടിവച്ചിട്ടതായി ഇറാനിയൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
ഇതിനിടെ, വടക്കൻ ഇറാഖിൽ ഒരു അമേരിക്കൻ സൈനികൻ കൊല്ലപ്പെട്ടു. ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ തകർന്ന ഡ്രോണിന്റെ അവശിഷ്ടങ്ങൾ നിർവീര്യമാക്കുന്നതിനിടെ ഉണ്ടായ നിയന്ത്രിത സഫോടനത്തിലാണ് സൈനികന് ജീവൻ നഷ്ടമായതെന്ന് അമേരിക്കൻ സൈന്യം അറിയിച്ചു.
സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളും അതീവ ജാഗ്രതയിലാണ്. ബഹ്രൈനിൽ മുന്നറിയിപ്പ് സൈറണുകൾ മുഴക്കിയതോടെ ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ അധികൃതർ നിർദേശിച്ചു. കുവൈത്ത്, ഇറാനിൽ നിന്നുള്ള മിസൈലുകളും ഡ്രോണുകളും വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തടഞ്ഞതായി അറിയിച്ചു. ഇറാന്റെ ആക്രമണത്തെ തുടർന്ന് വൈദ്യുതി, ജലവിതരണം, എണ്ണ സൗകര്യങ്ങൾ എന്നിവയ്ക്ക് ഗുരുതര നാശനഷ്ടമുണ്ടായതായി കുവൈത്ത് ആരോപിച്ചു. ഇതിനെ ഗൾഫ് രാജ്യങ്ങൾ അപലപിക്കുകയും ചെയ്തു.
സംഘർഷം രൂക്ഷമായതോടെ അന്താരാഷ്ട്ര എണ്ണവിലയും ഉയർന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് ഏകദേശം മൂന്ന് ശതമാനം ഉയർന്ന് 90.78 ഡോളറിലെത്തി. അമേരിക്കൻ ക്രൂഡോയിൽ വിലയും മൂന്ന് ശതമാനത്തോളം വർധിച്ച് 84.85 ഡോളറായി. ലോകത്തെ എണ്ണവിതരണത്തിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ കപ്പൽഗതാഗതവും കഴിഞ്ഞ ദിവസങ്ങളിലായി ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അമേരിക്ക ഇറാനിയൻ തുറമുഖങ്ങൾക്കെതിരായ നാവിക ഉപരോധം വീണ്ടും ശക്തമാക്കിയതും സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ട്.
അതേസമയം, അമേരിക്കയുമായി ഉണ്ടായിരുന്ന വെടിനിർത്തൽ ധാരണയുടെ എല്ലാ ബാധ്യതകളും താൽക്കാലികമായി നിർത്തിവച്ചതായി ഇറാൻ പ്രഖ്യാപിച്ചു. അമേരിക്ക കരാർ ലംഘിച്ചുവെന്നും പ്രസിഡന്റ് ഒപ്പിട്ട കരാറിന് യാതൊരു വിലയുമില്ലെന്ന് വീണ്ടും തെളിഞ്ഞെന്നും പരമോന്നത നേതാവ് മൊജ്തബ ഖമനെയി ആരോപിച്ചു. യുദ്ധം വ്യാപിപ്പിക്കാൻ അമേരിക്ക ശ്രമിക്കുകയാണെങ്കിൽ അതിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ഇറാനും പ്രതിരോധ സഖ്യവും അതിന് ശക്തമായ മറുപടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അമേരിക്ക തുടർച്ചയായി സൈനിക നടപടി തുടരുന്നതിനാലാണ് ധാരണാപത്രത്തിലെ ബാധ്യതകൾ ഇറാൻ നിർത്തിവച്ചതെന്ന് ഉപവിദേശകാര്യ മന്ത്രി കാസിം ഗരീബാബാദിയും വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുന്നതിനിടെ കൂടുതൽ രാജ്യങ്ങൾ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. സംഘർഷം ഇനിയും വ്യാപിക്കുമോയെന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ശക്തമാണ്.
ഇറാനിൽ ഒമ്പതാം ദിവസവും അമേരിക്കൻ ആക്രമണം; കുവൈത്തിലും ബഹ്രൈനിലും ജാഗ്രത, പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം
