കാരക്കാസ് : വെനിസ്വേല തലസ്ഥാനമായ കാരക്കാസില്‍ ശനിയാഴ്ച പുലര്‍ച്ചെ നടന്ന ശക്തമായ സ്‌ഫോടനങ്ങളെ തുടര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യുഎസ് നടത്തിയ 'ഗുരുതരമായ സൈനിക ആക്രമണമാണ്' സ്‌ഫോടനങ്ങള്‍ക്ക് പിന്നിലെന്നാണ് പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ നേതൃത്വത്തിലുള്ള വെനിസ്വേല സര്‍ക്കാര്‍ ആരോപിച്ചത്.
പുലര്‍ച്ചെ രണ്ടോടെ കാരക്കാസില്‍ കുറഞ്ഞത് ഏഴ് സ്‌ഫോടനങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ടുണ്ട്. യുദ്ധവിമാനങ്ങളുടെ ശബ്ദം പോലുള്ള മുഴക്കവും പ്രദേശങ്ങളില്‍ ഉണ്ടായിരുന്നു. തെക്കന്‍ കാരക്കാസിലെ പ്രധാന സൈനിക താവളത്തിന് സമീപം വൈദ്യുതി നിലച്ചതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഭീതിയിലായ ജനങ്ങള്‍ തെരുവുകളിലേക്ക് ഒഴുകി.
ഇതിനിടെ, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെനിസ്വേലയെതിരെ 'വലിയ തോതിലുള്ള ആക്രമണം' നടത്തിയതായി ട്രൂത്ത് സോഷ്യലില്‍ അവകാശപ്പെട്ടു. പ്രസിഡന്റ് മഡൂറോയെയും ഭാര്യ സിലിയ ഫ്‌ലോറസിനെയും യുഎസ് സൈന്യം പിടികൂടിയെന്നും ട്രംപ് കുറിച്ചു. എന്നാല്‍ വൈറ്റ് ഹൗസും പെന്റഗണും ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. എന്നിരുന്നാലും, സിബിഎസ് ന്യൂസും ഫോക്‌സ് ന്യൂസും യുഎസ് ആക്രമണത്തിന് പിന്നിലുണ്ടെന്ന് ഭരണകൂട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.
മുന്‍പ് ഡിസംബര്‍ 29ന്, മയക്കുമരുന്ന് കടത്തുമായി ബന്ധമുള്ളതായി ആരോപിക്കുന്ന ഡോക്ക് മേഖലയില്‍ യുഎസ് ആദ്യമായി ഭൂതല ആക്രമണം നടത്തിയതായി ട്രംപ് സ്ഥിരീകരിച്ചിരുന്നു.
അതേസമയം, പാര്‍പ്പിട മേഖലകളെയും ആക്രമിച്ചതായി വെനിസ്വേല ആരോപിച്ചു. ഹെലികോപ്റ്ററുകളില്‍ നിന്ന് മിസൈലുകളും റോക്കറ്റുകളും പ്രയോഗിച്ചാണ് സിവിലിയന്‍ മേഖലകള്‍ ലക്ഷ്യമിട്ടതെന്ന് പ്രതിരോധ മന്ത്രി വഌദിമിര്‍ പാഡ്രിനോ ലോപസ് പറഞ്ഞു. രാജ്യവ്യാപകമായി സൈനിക വിന്യാസം ശക്തമാക്കിയതായും അറിയിച്ചു.
മഡൂറോയുടെയും ഭാര്യയുടെയും സ്ഥലം വ്യക്തമല്ലെന്ന് വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് അറിയിച്ചു. ഇരുവരുടെയും 'ജീവന്‍ തെളിയിക്കുന്ന തെളിവ് ഉടന്‍ നല്‍കണം' എന്ന് യുഎസിനോട് ആവശ്യപ്പെട്ടു.
ഇതിനിടെ, ഇറാനും റഷ്യയും യുഎസ് ആക്രമണത്തെ ശക്തമായി അപലപിച്ചു. വെനിസ്വേലയുടെ പരമാധികാരത്തെയും ഭൗമപരമായ അഖണ്ഡതയെയും ലംഘിക്കുന്ന നടപടിയാണിതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുഎസ് സൈനിക ഇടപെടല്‍ 'ആഴത്തില്‍ ആശങ്കപ്പെടുത്തുന്നതും അപലപനാര്‍ഹവുമാണെന്ന്' റഷ്യ പ്രതികരിച്ചു. വെനിസ്വേല സ്വന്തം ഭാവി സ്വയം തീരുമാനിക്കേണ്ട അവകാശം ഉറപ്പാക്കണമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
അതേസമയം, യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡെപ്യൂട്ടി സെക്രട്ടറി ക്രിസ്റ്റഫര്‍ ലാന്‍ഡൗ വെനിസ്വേലയെ കുറിച്ച് 'പുതിയ ഉദയം' (new dawn) ആരംഭിച്ചുവെന്ന് എക്‌സില്‍ കുറിച്ചു. 'അധികാരഭ്രഷ്ടന്‍ പോയി; അവന്‍ ഇനി തന്റെ കുറ്റങ്ങള്‍ക്ക് ഉത്തരവാദിയാകും' എന്നാണ് ലാന്‍ഡൗയുടെ പ്രതികരണം.
യൂറോപ്പില്‍ നിന്ന് ഡച്ച് വലതുപക്ഷ നേതാവ് ഗീര്‍ട്ട് വൈല്‍ഡേഴ്‌സും ട്രംപിന്റെ കുറിപ്പ് പങ്കുവെച്ച് 'Bang Boom Maduro gone' എന്ന് പ്രതികരിച്ചു.
വെനിസ്വേലയിലെ സ്ഥിതി അതീവ സംഘര്‍ഷഭരിതമായി തുടരുകയാണ്.
വെനിസ്വേലയെ ലക്ഷ്യമിട്ട് യുഎസ് ആക്രമണം; കാരക്കാസില്‍ സ്‌ഫോടനങ്ങള്‍, മഡൂറോയെ പിടികൂടിയതായി ട്രംപിന്റെ അവകാശവാദം
