പ്രമുഖ ഇന്ത്യന്‍ ന്യൂക്ലിയര്‍ സ്ഥാപനങ്ങള്‍ക്ക് മേലുള്ള യുഎസ് ഉപരോധം പിന്‍വലിച്ചു
യുഎസ്-ഇന്ത്യ ബന്ധത്തിന്റെ ദാര്‍ഢ്യം ഒരിക്കല്‍ കൂടെ വെളിപ്പെടുത്തി ശീതയുദ്ധകാലം മുതല്‍ പ്രാബല്യത്തിലുള്ള പ്രമുഖ ഇന്ത്യന്‍ ആണവ ഗവേഷണ സ്ഥാപനങ്ങള്‍ക്ക് മേലുള്ള ഉപരോധം അമേരിക്ക പിന്‍വലിച്ചു.
ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ (ബാര്‍ക്ക്), ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് ലിമിറ്റഡ് (ഐആര്‍ഇഎല്‍), ഇന്ദിരാ ഗാന്ധി സെന്റര്‍ ഫോര്‍ അറ്റോമിക് റിസര്‍ച്ച് (ഐജിസിഎആര്‍) എന്നീ നിര്‍ണായക സ്ഥാപനങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധമാണ് ബൈഡന്‍ ഭരണകൂടം അധികാരത്തില്‍ നിന്നൊഴിയുന്നതിന് തൊട്ടുമുന്‍പ് പിന്‍വലിച്ചത്.
ഈ സ്ഥാപനങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം പിന്‍വലിക്കപ്പെട്ടതോടെ അവയ്ക്ക് അമേരിക്കയില്‍ നിന്ന് നിര്‍ണായകമായ ന്യൂക്ലിയര്‍ സാങ്കേതികവിദ്യകളും ഉപകരണങ്ങളും കരസ്ഥമാക്കാനാവും.
എന്നോ ചെയ്യേണ്ട കാര്യമാണ് ഇപ്പോള്‍ യുഎസ് ചെയ്തിരിക്കുന്നത്. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇരുരാജ്യങ്ങളും തങ്ങളുടെയും ലോകത്തിന്റെയും ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റുന്നതിന് ന്യൂക്ലിയര്‍ സാങ്കേതികവിദ്യയടക്കമുള്ള മാര്‍ഗങ്ങള്‍ ആരായുകയാണ്.
ദുര്‍ലഭമായ ധാതുമണല്‍ ഉപയോഗിച്ച് നവീനങ്ങളായ ഊര്‍ജ ഉപകരണങ്ങളും സാങ്കേതികവിദ്യകളും വികസിപ്പിച്ചെടുക്കുന്നതില്‍ ചൈന ഏറെ മുന്നോട്ട് പോയ സാഹചര്യത്തിലാണ് ഉപരോധം നീക്കം ചെയ്യപ്പെട്ടതെന്നത് ശ്രദ്ധേയമാണ്. മാത്രവുമല്ല, ഇന്ത്യ വലുപ്പം കുറഞ്ഞ ന്യൂക്ലിയര്‍ റിയാക്ടറുകള്‍ വികസിപ്പിക്കുന്നതിനുള്ള പരിശ്രമത്തിലുമാണ്.
അമേരിക്കയുടെ തീരുമാനം ശരിയായ ദിശയിലുള്ളതും ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തില്‍ വന്നുചേര്‍ന്നിട്ടുള്ള വലിയ മാറ്റത്തിന്റെ സൂചനയുമാണെന്ന് കാന്‍ബറ ആസ്ഥാനമായുള്ള ഓസ്ട്രേലിയന്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് സീനിയര്‍ ഫെലോ ആയ രാജേശ്വരി പിള്ളൈ രാജഗോപാലന്‍ പറഞ്ഞു.
'ഇത് എത്രയോ നേരത്തെ സംഭവിക്കേണ്ടതായിരുന്നു! ഇന്ത്യക്ക് ഇന്ന് വികസിതമായ ഒരു ന്യൂക്ലിയര്‍ പ്രോഗ്രാം ഉണ്ട്. രാജ്യം ഏറെ ന്യൂക്ലിയര്‍ സാങ്കേതികവിദ്യകള്‍ സ്വന്തമായി വികസിപ്പിച്ചെടുത്തിട്ടുമുണ്ട്. യുഎസും ഇന്ത്യയുമായുള്ള ഈ രംഗത്തെ സഹകരണം നേരത്തെ സംഭവിച്ചിരുന്നെങ്കില്‍ നമുക്ക് ഇപ്പോഴത്തേതിലും ഏറെ ദൂരം മുന്നോട്ട് കുതിക്കാനാവുമായിരുന്നു,' അവര്‍ ചൂണ്ടിക്കാട്ടി